ഒമാനി റിയാലിന് ഇനി ഔദ്യോഗിക ചിഹ്നം
text_fieldsമസ്കത്ത്: ഒമാന്റെ സാമ്പത്തിക ചരിത്രത്തിൽ നാഴികക്കല്ലായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) ഒമാനി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. അന്താരാഷ്ട്ര സാമ്പത്തിക ഹബായി ഒമാൻ ഉയർന്നുവരുന്നതിന്റെ നിർണായക ചുവടാണിതെന്ന് ഒമാൻ സെൻട്രൽ ബാങ്ക് ഗവർണർ അഹ്മദ് ബിൻ ജാഫർ അൽ മുസല്ലമി പറഞ്ഞു. പുതിയ ചിഹ്നം ഒമാൻ കറൻസിയെ ലോകമാർക്കറ്റിൽ വേഗത്തിൽ തിരിച്ചറിയാനും അന്താരാഷ്ട്ര ഇടപാടുകൾ സുഗമമാക്കാനും റിയാലിന്റെ സ്ഥിരതയും ശക്തിയും ആഗോള തലത്തിൽ കൂടുതൽ ഉറപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമാനി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കിയ നടപടി രാജ്യത്തിന്റെ ധനകാര്യ സംവിധാനത്തിന്റെ പക്വതയും തുടർച്ചയായ പുരോഗതിയും വ്യക്തമാക്കുന്നതാണ്. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പ്രാദേശികമായും ആഗോളമായും രാജ്യത്തിന്റെ സാമ്പത്തിക വിശ്വാസ്യതയും മത്സരക്ഷമതയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനികതയും പൈതൃകവും ചേരുന്ന ഒരു ദേശീയ അടയാളമാണ് പുതിയ ചിഹ്നം, സംസ്കാരപരമായും ചരിത്രപരവുമായും ഏറെ പ്രാധാന്യം വഹിക്കുന്നതുകുടിയാണ്. ഒമാനി പൈതൃകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപകൽപന, ഒമാന്റെ സമ്പന്നമായ നാണയചരിത്രത്തെയും വ്യാപാരപൈതൃകത്തെയും ആധുനികരൂപത്തിൽ പ്രതിഫലിപ്പിക്കുന്നു. പൈതൃകവും സാംസ്കാരിക അടിസ്ഥാനവും ആധുനിക സൗന്ദര്യശൈലിയും സമ്മേളിക്കുന്നതാണ് പുതിയ ചിഹ്നം. ബാങ്കിങ് സംവിധാനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സാമ്പത്തിക റിപ്പോർട്ടുകൾ, വാണിജ്യ ഇടപാടുകൾ എന്നിവയിൽ ചിഹ്നം ഉപയോഗിക്കും. ഒമാൻ വിഷൻ 2040–ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ ചിഹ്നത്തിന്റെ അവതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

