കോടമഞ്ഞൊഴിഞ്ഞു നയന മനോഹരിയായി സലാല
text_fieldsസലാലയിൽനിന്നുള്ള ഖരീഫ് കാഴ്ച
സലാല: ഖരീഫിന് വിട പറയാനൊരുങ്ങി സലാല. മൺസൂൺ കാലത്ത് ദോഫാറിലെ മലനിരകളെ വാരിപ്പുണരുന്ന പ്രകൃതിയുടെ കുളിർമയുള്ള മൂടൽമഞ്ഞ് ഒഴിഞ്ഞ് അന്തരീക്ഷം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. ഖരീഫ് കാലത്ത് ഹരിതവർണമണിയുന്ന മലനിരകളും താഴ്വാരങ്ങളും തെളിഞ്ഞ ആകാശത്തിൻ കീഴിൽ പൂർണ ശോഭയോടെ കാണാനുള്ള നാളുകളാണ് ഇനിയുള്ളത്.
സലാലയിൽനിന്നുള്ള ഖരീഫ് കാഴ്ച
ക്യാമറക്കണ്ണുകൾക്ക് ഒപ്പിയെടുക്കാനാവാത്തതും വാക്കുകൾകൊണ്ട് വർണിക്കാനാവാത്തതുമായി ദൃശ്യഭംഗി നേരിട്ടു കണ്ട് ആസ്വദിക്കുക തന്നെ വേണം. ഈ വർഷം ഖരീഫിന്റെ തുടക്കത്തിൽ മഴ കുറവായതിനാൽ വെള്ളച്ചാട്ടങ്ങളും നീർച്ചോലകളും വേണ്ടത്ര സജീവമായിരുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട കനത്ത മഴ മൺസൂണിനെ സജീവമാക്കി. ഇപ്പോൾ മിക്ക അരുവികളും ജലസമൃദ്ധമാണ്. ചിലയിടങ്ങളിൽ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിട്ടുണ്ട്. കോടമഞ്ഞ് മൂടിയ കാലത്തെ വൈബും മഞ്ഞൊഴിയുന്ന സമയത്തെ വൈബും ഒന്ന് വേറെയാണ്.
തെളിഞ്ഞ അന്തരീക്ഷത്തിൽ പച്ച ചേലയുടുത്ത വിശാലമായ കുന്നിൻപുറങ്ങളും കാലികൾ മേയുന്ന താഴ്വാരങ്ങളും കുലീനത്വമുള്ള ചെറുഗ്രാമങ്ങളും കാണുന്നത് തന്നെ ഹൃദയങ്ങളെ തരളിതമാക്കുന്ന കാഴ്ചാനുഭവമാണ്. ജോലിസമ്മർദങ്ങളും മനോവിഷമങ്ങളും മറക്കാൻ ഈ കാലത്ത് ദോഫാറിലെ മലയോരഗ്രാമങ്ങളിലൂടെയുള്ള ഒരു യാത്ര ഏറെ ഹൃദ്യവും മനോഹരവുമായിരിക്കും.
സലാലയിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലക്കുന്നില്ല. ഓരോ കാലത്തും വ്യത്യസ്തമായ വൈബ് നുകരാൻ പാകത്തിന് അണിഞ്ഞൊരുങ്ങി വിരുന്നൊരുക്കുകയാണ് സലാല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.