ബിനാമി ഇടപാടുകൾ, നികുതി വെട്ടിപ്പ് തടയൽ; ഇ-പേമെന്റ് സംവിധാനം പൂർണമായും നടപ്പാക്കണം -വാണിജ്യമന്ത്രാലയം
text_fieldsമസ്കത്ത്: ബിനാമി ഇടപാടുകൾ, നികുതി വെട്ടിപ്പ് എന്നിവ തടയുന്നതിന് ഇ-പേമെന്റ് സംവിധാനം പൂർണമായും നടപ്പിലാക്കേണ്ടതാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഒമാനിലുടനീളം ഡിജിറ്റൽ പേമെന്റ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് പറയവേയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിൽ ഇലക്ട്രോണിക് പേമെന്റുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ക്യു.ആർ കോഡ് വഴി പേയ്മെന്റുകൾ നടത്തുമ്പോൾ അക്കൗണ്ട് ഉടമസ്ഥാവകാശം പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം പ്ലാനിങ് ഡയറക്ടർ ജനറലും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ മുബാറക് അൽ ദോഹാനി ഒമാൻ ടിവിയോട് പറഞ്ഞു.
ഇലക്ട്രോണിക് പേമെന്റ് ഓപ്ഷനുകൾ നൽകാതിരിക്കുകയോ ഡിജിറ്റൽ ഇടപാടുകൾക്ക് അന്യായമായ അധിക ഫീസ് ചുമത്തുന്നതോ ആയ ഏതെങ്കിലും വാണിജ്യ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു. ഉപഭോക്താവ് വിപണിയെ നിയന്ത്രിക്കുന്നതിൽ ഞങ്ങളുടെ കണ്ണാടിയും പങ്കാളിയുമാണെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ നൽകണമെന്നും ഫോൺ നമ്പറുകൾ വഴി ബാങ്ക് ട്രാൻസ്ഫറുകൾ അഭ്യർഥിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും വാണിജ്യവ്യവസായ നക്ഷേപക പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രോണിക് പേമെന്റ് ഓപ്ഷനുകൾ നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ തജാവുബ് പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്.
ഉപഭോക്താക്കൾക്ക് ഇ-പേമെന്റ് സേവനം നൽകുന്നതുമായി ബന്ധപ്പെട്ട് കട ഉടമകൾക്കായി നിരവധി ബോധവത്ക്കരണ പരിപാടികൾ നടത്തിയിരുന്നു. ക്രയവിക്രയ പ്രവർത്തനങ്ങൾ, കസ്റ്റമർ സർവിസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ എന്നിവ ത്വരിതപ്പെടുത്തുന്നതിന് പുറമേ, പണമിടപാടിലെ സുരക്ഷ അപകടസാധ്യതകൾ കുറക്കുന്നതിനും, സമഗ്രമായ ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇ-പേമെന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മോഷണം, വഞ്ചന, വ്യാജ ബില്ലിങ്ങ് എന്നിവ തടയലും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇത് നടപ്പിൽ വരുത്താത്ത സ്ഥാപനങ്ങക്കെതിരെ പിഴയടക്കമുള്ള നടപടികൾ അധികൃതർ എടുക്കുകയും ചെയ്തിരുന്നു. 2022 ജനുവരിയിലാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം അധികൃതർ നിർബന്ധമാക്കി തുടങ്ങിയത്.
ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപങ്ങൾക്കെതിരൊയണ് നടപടികൾ എടുത്തുകൊണ്ടിരിക്കുന്നത്. ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണ്ണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, പച്ചക്കറി പഴ വർഗ്ഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കിയത്. അതേസമയം, വ്യാപാരികൾക്ക് ഈ പെയ്മെന്റ് സംവിധാനത്തിനുള്ള ഉപകരണം നേടുന്നതിനുള്ള വെല്ലുവിളികൾ മറികടക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇത് വേഗത്തിൽ ലഭ്യമാക്കാൻ ബാങ്കുകളുമായും കമ്പനികളുമായും ഏകോപനം നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.