കോവിഡ് പരിശോധന: സർവത്ര ആശയക്കുഴപ്പം, ഒപ്പം ആശങ്കയും
text_fieldsമസ്കത്ത്: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ കേരള സർക്കാറിെൻറ നിബന്ധന സംബന്ധിച്ച് സർവത്ര ആശയക്കുഴപ്പം. വിഷയത്തിൽ ആശങ്കയും പ്രതിഷേധവും ശക്തമാണ്. കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയെന്ന അറിയിപ്പല്ലാതെ ഇൗ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
എംബസികളുടെ സഹകരണത്തോടെ ട്രൂനാറ്റ് പരിശോധനക്ക് സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതിനെ കുറിച്ചും വ്യാഴാഴ്ച വൈകുന്നേരം വരെ എംബസിയിൽ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
അതിനിടെ ജൂൺ 21ന് കൊച്ചിക്കുള്ള വന്ദേ ഭാരത് വിമാനത്തിൽ ടിക്കറ്റെടുത്ത ചിലർക്ക് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കാട്ടിയുള്ള ഇ-മെയിൽ ലഭിച്ചതായും അറിയുന്നു. ഇൗ ഇ-മെയിൽ ലഭിക്കാത്ത യാത്രക്കാരും ഉണ്ട്.
ടെസ്റ്റിെൻറ കാലാവധി, സർട്ടിഫിക്കറ്റിെൻറ രീതി തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിച്ചാൽ മാനസിക സംഘർഷം ഒഴിവായി കിട്ടുമെന്ന് പ്രവാസി മലയാളികൾ പറയുന്നു. വിഷയത്തിൽ എംബസിയിൽ അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് പലരും പറഞ്ഞു.
ഒമാനിൽ പ്രമുഖ കമ്പനിയിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട മലയാളിയും കുടുംബത്തിലെ നാലംഗങ്ങളും നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റെടുത്തിരിക്കുകയാണ്. താമസിക്കുന്ന വീട്ടിലെ ഫർണിച്ചറുകൾ കമ്പനി തിരിച്ചെടുത്തു. ടിക്കറ്റെടുത്തിരിക്കുന്ന അന്ന് വീടിെൻറ താക്കോൽ തിരിച്ചേൽപ്പിക്കണം. ടെസ്റ്റിെൻറ പേരിൽ യാത്ര മുടങ്ങിയാൽ എന്ത് ചെയ്യും എന്നാണ് ചോദിക്കുന്നത്.
ഇനി വിമാനത്താവളത്തിൽ ടെസ്റ്റ് നടത്തിയാൽ ഒരാൾക്ക് പോസിറ്റീവ് ആണെങ്കിൽ മറ്റുള്ള ആളുകളുടെ യാത്ര മുടങ്ങും. എംബസി അധികൃതരെ വിളിച്ചപ്പോൾ നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്നും ഇവർ പറയുന്നു.
പി.സി.ആർ പരിശോധനയുടെ റാപ്പിഡ് രൂപമായ ട്രൂനാറ്റ് പരിശോധന ഒമാൻ അടക്കം രാജ്യങ്ങളിൽ എംബസിയുടെ സഹായത്തോടെ നടത്തുമെന്നാണ് മുഖ്യമന്ത്രി വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇതിന് ഇതിന് സമയമെടുക്കാനാണ് സാധ്യതയെന്ന് ഒമാനിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ട്രൂനാറ്റ് പരിശോധനക്ക് ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതിയില്ലാത്തതാണ് ഇതിെൻറ കാരണം.
അനുമതി ലഭിക്കണമെങ്കിൽ ഇന്ത്യൻ എംബസി വഴി നയതന്ത്രതലത്തിൽ ഇടപെടലുകൾ ഉണ്ടാകേണ്ടിവരുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇതിന് കേരള സർക്കാർ കേന്ദ്രത്തെ ഇൗ വിഷയം ധരിപ്പിക്കുകയും തുടർന്ന് വിദേശകാര്യമന്ത്രാലയം എംബസിക്ക് നിർദേശം നൽകുകയും വേണ്ടിവരും. യാത്രക്കാർക്ക് വേണ്ടി മാത്രം ഇൗ പരിശോധന നടത്തുക എന്ന രീതിയിൽ അനുമതി തേടിയാൽ പരിഗണിക്കുമെന്ന സാധ്യത മാത്രമാണ് ഉള്ളത്.
ഒരു സംസ്ഥാനത്തിന് വേണ്ടിമാത്രം ഇൗ പരിശോധനക്ക് സൗകര്യമൊരുക്കാൻ വിദേശകാര്യ വകുപ്പ് അനുമതി നൽകുമോയെന്നതടക്കം കാര്യങ്ങളും കണ്ടറിയണം. ഇങ്ങനെ അനുമതി ലഭിക്കുന്ന പക്ഷം നാട്ടിൽ നിന്ന് മടങ്ങുന്ന വിമാനങ്ങളിൽ കിറ്റ് ഒമാനിൽ എത്തിക്കാം. തുടർന്ന് എംബസിയുടെ നേതൃത്വത്തിൽ അനുയോജ്യമായ സ്ഥലങ്ങളിൽ പരിശോധന നടത്താം. വിമാനത്താവള കമ്പനിയുടെ അനുമതി ലഭിച്ചാൽ വിമാനത്താവളത്തിൽ യാത്രക്ക് മുമ്പും പരിശോധന നടത്താം. പല തലങ്ങളിലുള്ള അനുമതിയെന്ന വലിയ കടമ്പകൾ ഇതിന് ബാക്കി നിൽക്കുന്നുണ്ട്.
കോവിഡ് ആൻറിബോഡി പരിശോധന മസ്കത്തിലെ അൽ ഗൂബ്രയിലുള്ള അൽ ബുർജ് മെഡിക്കൽ സെൻററിൽ ലഭ്യമാണ്. 25 റിയാലാണ് പരിശോധന. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചതെന്ന് സെൻററിെൻറ സെയിൽസ് ആൻറ് മാർക്കറ്റിങ് മാനേജരായ ജംഷീദ് പറഞ്ഞു. നിലവിൽ തിങ്കൾ, ബുധൻ ദിവസങ്ങളിലായാണ് പരിശോധന നടത്തുന്നത്. കൂട്ടമായുള്ള സാമ്പിളുകൾ ലഭിക്കുന്ന പക്ഷം മറ്റ് ദിവസങ്ങളിൽ പരിശോധന നടത്തുന്നത് പരിഗണിക്കും. രാവിലെ രക്ത സാമ്പിൾ എടുത്താൽ വൈകുന്നേരം പരിശോധനാ ഫലം ലഭിക്കും.
അതേസമയം ഇവിടെ പരിശോധന നടത്തിയാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകില്ല. ലാബ് പരിശോധനാ റിപ്പോർട്ട് മാത്രമാണ് നൽകുക. ഇത് ഇന്ത്യൻ എംബസി സ്വീകരിക്കുമോയെന്നതും കണ്ടറിയണം.
നിലവിൽ യു.എ.ഇയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് റാപ്പിഡ് ആൻറിബോഡി ടെസ്റ്റ് നടത്തുന്നത്. യു.എ.ഇ ആരോഗ്യ വകുപ്പ് അധികൃതരാണ് ഇത് നടത്തുന്നത്. കോവിഡ് കണ്ടെത്തുന്നതിന് ആൻറിബോഡി പരിശോധന ഫലപ്രദമായ ഒന്നല്ലെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
ശരീരത്തിൽ രോഗാണു പ്രവേശിച്ച ശേഷം ശരീരം അതിനോട് പ്രതിപ്രവർത്തിച്ച് ആൻറിബോഡി ഉൽപാദിപ്പിക്കാനും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനും തുടങ്ങിയാൽ മാത്രമേ ഇതിൽ പോസിറ്റീവ് ആവുകയുള്ളൂ. അതേസമയം ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ് ഭേദമായവർക്കും നേരത്തേ വന്നുപോയവർക്കും ഇതിൽ പോസിറ്റീവ് കാണിക്കാനും സാധ്യതയുണ്ട്. യു.എ.ഇയിൽ നിന്ന് നാട്ടിലെത്തിയ നിരവധി പേർക്ക് പിന്നീട് കോവിഡ് ഉണ്ടായിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവ് ആയതിനെ തുടർന്ന് യാത്ര മുടങ്ങുകയും പിന്നീട് പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആവുകയും ചെയ്ത സംഭവങ്ങളും യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.