Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്‌കത്തിൽ ഏകീകൃത വിലാസ സംവിധാനം നടപ്പാക്കുന്നു

text_fields
bookmark_border
സ്ട്രീറ്റുകൾക്ക് പേരിടൽ, സ്ഥലവിവരശേഖരണം, സൈൻ ബോർഡുകൾ സ്ഥാപിക്കൽ എന്നിവ പുരോഗമിക്കുന്നു
മസ്‌കത്തിൽ ഏകീകൃത വിലാസ സംവിധാനം നടപ്പാക്കുന്നു
cancel

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിൽ വിലാസങ്ങൾ ഏകീകരിക്കുന്നതിനുള്ള നാഷണൽ അഡ്രസിങ് പ്രോജക്ട് പ്രാവർത്തിക ഘട്ടത്തിലേക്ക്. കൃത്യമായ ഭൂപട വിവരശേഖരണത്തിന്റെ സഹായത്തോടെ സുൽത്താനേറ്റിലുടനീളം ഒരൊറ്റ വിലാസ സംവിധാനം കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്ട്രീറ്റുകൾക്ക് പേരിടൽ, സ്ഥലവിവരങ്ങൾ ശേഖരിക്കൽ, കെട്ടിടങ്ങളിലും റോഡുകളിലും സൈൻ ബോർഡുകൾ സ്ഥാപിക്കൽ എന്നിവ പുരോഗമിക്കുകയാണ്.

പ്രാദേശിക അടയാളങ്ങൾക്ക് പകരം അന്താരാഷ്ട്ര നിലവാരത്തിലുള്ള നമ്പറുകളും പേരുകളും നൽകുന്നതോടെ നഗരാസൂത്രണം, അടിസ്ഥാന സൗകര്യ വികസനം, കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളൽ എന്നിവ കൂടുതൽ എളുപ്പമാകും. കൂടാതെ പൊതു-സ്വകാര്യ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനും ഡിജിറ്റൽ പരിവർത്തനത്തിനും ഇത് വഴിയൊരുക്കും. പദ്ധതിയുടെ ഭാഗമായി ബോർഡുകളുടെ നിർമാണവും അവ സ്ഥാപിക്കുന്ന നടപടികളും ആരംഭിച്ചു കഴിഞ്ഞു.

ഇതിന്റെ മുന്നോടിയായി ഖുറിയാത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഫീൽഡ് സർവേ നടത്തി സാങ്കേതിക മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ തെരുവുകൾക്ക് പേരിടുന്നതും വിവരങ്ങൾ ശേഖരിക്കുന്നതുമായ ജോലികൾ നിലവിൽ 80 ശതമാനത്തിലധികം പൂർത്തിയായി. പൈലറ്റ് മേഖലകളിൽ ബോർഡുകൾ സ്ഥാപിച്ച ശേഷം വരും ഘട്ടങ്ങളിൽ ഇത് ഗവർണറേറ്റിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഭവന-നഗരാസൂത്രണ മന്ത്രാലയം, മസ്‌കത്ത് ഗവർണറേറ്റ്, മസ്‌കത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മുനിസിപ്പൽ സേവനങ്ങൾ, അനുമതികൾ, പരിശോധനകൾ എന്നിവ കൂടുതൽ സുതാര്യവും വേഗത്തിലുമാകും.

ഓരോ വിലായത്തിന്റെയും ചരിത്രപരവും സാംസ്കാരികവുമായ സവിശേഷതകൾ നിലനിർത്തിക്കൊണ്ടാണ് തെരുവുകൾക്ക് പേരിടുന്നത്. ഇതിനായി സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഫീൽഡ് ടീമുകൾ നേരിട്ടെത്തി ഉറപ്പുവരുത്തുന്നുണ്ട്.

‘നാഷണൽ അഡ്രസിങ് സിസ്റ്റം പബ്ലിഷിങ് ആൻഡ് അവൈലബിലിറ്റി’ ആപ്പ് വഴി പൊതുജനങ്ങൾക്കും സേവന ദാതാക്കൾക്കും വിലാസങ്ങൾ കൃത്യമായി കണ്ടെത്താനാകും. ഈ സംവിധാനം ഡിജിറ്റൽ മാപ്പുകളുമായും നാവിഗേഷൻ ആപ്ലിക്കേഷനുകളുമായും വിവിധ സർക്കാർ സംവിധാനങ്ങളുമായും ബന്ധിപ്പിക്കും. സ്മാർട്ട് സിറ്റി പദ്ധതികൾക്കും, ഗതാഗത നിയന്ത്രണത്തിനും നഗരാസൂത്രണത്തിനും ആവശ്യമായ ജനസാന്ദ്രത അടക്കമുള്ള വിവരങ്ങൾ ഈ ഡാറ്റാബേസ് വഴി ലഭ്യമാകും. ഏകീകൃത വിലാസം വരുന്നതോടെ ലോജിസ്റ്റിക്സ്, ഡെലിവറി മേഖലകളിലെ കാലതാമസം ഒഴിവാക്കാനും ചെലവ് കുറക്കാനും സാധിക്കും. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഔദ്യോഗികമായി അംഗീകരിച്ച വിലാസം ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്യാം. വിദേശ നിക്ഷേപകർക്ക് കൃത്യമായ സ്ഥലം തെരഞ്ഞെടുക്കാനും വാണിജ്യ രജിസ്ട്രേഷൻ, ലൈസൻസിങ് നടപടികൾ വേഗത്തിലാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും.

ഭവന-നഗരാസൂത്രണ മന്ത്രാലയവും മസ്‌കത്ത് ഗവർണറേറ്റും സംയുക്തമായി ഈ സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവൽക്കരണ കാമ്പയിനുകൾ നടത്തിവരികയാണ്. സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി കെട്ടിട ഉടമകൾക്ക് അറിയിപ്പ് നൽകും. പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ ഫീൽഡ് ജീവനക്കാരുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unified Addressing System Being Implemented in Muscat
Next Story