അമേരിക്ക-ഇറാൻ മൂന്നാംഘട്ട ആണവചർച്ച ഇന്ന് മസ്കത്തിൽ
text_fieldsമിഡിലീസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ഹമദ് അൽ ബുസൈദി, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി
മസ്കത്ത്: അമേരിക്ക-ഇറാൻ ആണവ വിഷയത്തിൽ മൂന്നാം ഘട്ട ചർച്ച ശനിയാഴ്ച മസ്കത്തിൽ നടക്കും. ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുക്കും.
ഒമാൻ വദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ചർച്ചകൾക്ക് നേതൃത്വം നൽകും. ബുധനാഴ്ച നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഇറാൻ, അമേരിക്കൻ പ്രതിനിധി സംഘങ്ങളുടെ തലവന്മാരുടെ ലഭ്യത കണക്കിലെടുത്ത് കൂടിക്കാഴ്ച ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
മൂന്നാം റൗണ്ടിൽ ഇറാൻ ആണവ പദ്ധതിയെക്കുറിച്ചുള്ള വിദഗ്ധ തലത്തിലുള്ള സാങ്കേതിക ചർച്ചകൾ നടക്കുമെന്നാണ് റോയിട്ടേഴ്സ് പോലുള്ള വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.എസിന്റെ ഭാഗത്തുനിന്ന് സാങ്കേതിക ചർച്ചകൾക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നയ ആസൂത്രണ തലവനായി സേവനമനുഷ്ഠിക്കുന്ന മൈക്കൽ ആന്റൺ നേതൃത്വം നൽകും.
അതേസമയം, ഇറാന്റെ ഭാഗത്തുള്ള സാങ്കേതിക ചർച്ചകൾക്ക് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാരായ കാസെം ഗരിബാബാദിയും മജിദ് തഖ്ത് റവഞ്ചിയും നേതൃത്വം നൽകുമെന്ന് ഇറാന്റെ വാർത്ത ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ഇറാൻ ശനിയാഴ്ച ഗൗരവമായി ചർച്ചകളിൽ ഏർപ്പെടുമെന്നും മറ്റേ കക്ഷിയും ഗൗരവമായി ഇടപെടുകയാണെങ്കിൽ പുരോഗതിക്ക് സാധ്യതയുണ്ടെന്നും ഒരു അഭിമുഖത്തിൽ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ട ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി മസ്കത്തിലെത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ രണ്ടാം ഘട്ട ചർച്ച നടന്നിരുന്നു.
റോമിലെ ഒമാൻ എംബസിയിലായിരുന്നു നാലു മണിക്കൂർ നീണ്ട ചർച്ച നടന്നത്. വ്യത്യസ്ത മുറികളിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്ക് തങ്ങളുടെ കാഴ്ചപാടുകൾ കൈമാറുകയായിരുന്നു. ഈ ചർച്ചകളെ ‘സൃഷ്ടിപരം’ എന്നും ‘വളരെ നല്ല പുരോഗതി’ കൈവരിക്കുന്നുവെന്നുമാണ് ഇരു കക്ഷികളും വിശേഷിപ്പിച്ചിട്ടുള്ളത്.
മൂന്നാം ഘട്ട കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ്, സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുമെന്ന് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും എന്നാൽ ഊർജാവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് ചർച്ച മുന്നോട്ടുപോകുന്നത്. ഇറാനുമേലുള്ള യു.എസ് ഉപരോധങ്ങൾ ഒന്നൊന്നായി പിൻവലിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്.
ആദ്യ ഘട്ട ചർച്ചയും മസ്കത്തിലായിരുന്നു നടന്നത്. അതേസമയം, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കായി യൂറോപ്പിലേക്ക് പോകാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടെഹ്റാൻ ഗൗരവമായി ഇടപെട്ടാൽ യൂറോപ്യൻ ശക്തികളും സംഭാഷണത്തിന് തയാറാണെന്ന് ഫ്രാൻസും വ്യക്തമാക്കിയിട്ടുണ്ട്.
ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി സുൽത്താൻ ഫോണിൽ സംസാരിച്ചു
മസ്കത്ത്: ഇറാൻ-യു.എസ് ചർച്ചകളുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് താരി ഫോണിൽ സംസാരിച്ചു. ഒമാനും ഇറ്റലിയും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ അവർ അവലോകനം ചെയ്തു. സംയുക്ത താൽപര്യങ്ങൾക്കായി വിവിധ മേഖലകളിൽ അവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളുൾപ്പെടെ പ്രാദേശികവും അന്തർദേശീയവുമായ ഒരു കൂട്ടം വിഷയങ്ങളെക്കുറിച്ചും അവർ വീക്ഷണങ്ങൾ കൈമാറി.
മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്ന രീതിയിൽ സംഭാഷണത്തിനും നയതന്ത്രത്തിനും വേണ്ടി വാദിക്കുന്ന ഒമാന്റെ നിർണായക പങ്കിന് ഇറ്റാലിയൻ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച റോമിൽ നടന്ന രണ്ടാം റൗണ്ട് ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിലും ഇറ്റാലിയൻ ഗവൺമെന്റിന് നൽകിയ സൗകര്യങ്ങൾക്കും സുൽത്താൻ നന്ദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.