വാസൽ എക്സ്ചേഞ്ചുമായി കൈകോർത്ത് ഖിദ്മ; ആപ്പിലൂടെ ഇനി വിദേശത്തേക്ക് തടസ്സമില്ലാതെ പണം അയക്കാം
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമായ ഖിദ്മയും വാസൽ എക്സ്ചേഞ്ചും പുതിയ പങ്കാളിത്തത്തിൽ ഒപ്പുവെച്ചു. വാസൽ എക്സ്ചേഞ്ചിന്റെ പണമിടപാട് സേവനങ്ങൾ ഖിദ്മ മൊബൈൽ ആപ്പിൽ പൂർണ്ണമായി ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഈ പുതിയ സംയോജനത്തിലൂടെ ഉപഭോക്താക്കൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എപ്പോൾ വേണമെങ്കിലും വളരെ എളുപ്പത്തിൽ പണം അയക്കാമെന്നും അധികൃതർ പറഞ്ഞു.
രാജ്യത്തുടനീളമുള്ള വാസൽ എക്സ്ചേഞ്ച് ശാഖകളിൽ ഖിദ്മ സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ടുള്ള മുൻകാല സഹകരണത്തിന്റെ തുടർച്ചയായാണ് ഈ പുതിയ ഡിജിറ്റൽ ചുവടുവെപ്പ്. വിദേശങ്ങളിലേക്ക് പണം അയക്കുന്ന പ്രവാസികൾക്കും ബിസിനസ്സ് ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും ഈ സേവനം ഏറെ പ്രയോജനപ്പെടുത്താം.
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും ജി.സി.സി രാജ്യങ്ങൾക്കും പുറമെ കൂടുതൽ സ്ഥലങ്ങളിലേക്ക് പണം അയക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. പണം അയക്കുന്നതിന് മുൻപ് ബാധകമായ വിനിമയ നിരക്കുകളും ട്രാൻസ്ഫർ ഫീസും സ്വീകർത്താവിന് ലഭിക്കുന്ന തുകയും ആപ്പിൽ പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കുമെന്നത് ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നു. ബാങ്ക് അക്കൗണ്ടുകൾ വഴിയോ അല്ലെങ്കിൽ ആവശ്യാനുസരണം ക്യാഷ് കളക്ഷൻ വഴിയോ ഫണ്ട് കൈമാറാൻ ഇതിൽ സൗകര്യമുണ്ട്.
ഇടപാടുകളുടെ ചരിത്രവും ഡിജിറ്റൽ രസീതുകളും സുരക്ഷിതമായി ആപ്പിൽ സൂക്ഷിക്കാനും സാധിക്കും.40 വർഷത്തിലേറെയായി വിശ്വാസ്യത പുലർത്തുന്ന ഖിദ്മ പ്ലാറ്റ്‌ഫോമിൽ, ബില്ലുകൾ അടക്കുന്നതിനും മൊബൈൽ റീചാർജ് ചെയ്യുന്നതിനും മറ്റ് സേവനങ്ങൾക്കും പുറമെയാണ് ഇപ്പോൾ പുതിയ പണമിടപാട് ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടുള്ള ഈ പുതിയ സേവനം പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കൾ ഖിദ്മ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

