ഏതു മൂഡ്... ഓണം മൂഡ്..
text_fieldsഓണ വിഭവങ്ങൾ വാങ്ങാൻ സൂർപ്പർ മാർക്കറ്റുകളിലെത്തിയവർ
സുഹാർ: ഉത്രാട പാച്ചിലിലേക്ക് പ്രവാസികളും. തിരുവോണത്തിന് വേണ്ട എല്ലാ സാധനങ്ങളും വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാടം. പച്ചക്കറി, ഫലവ്യഞ്ജനം, പൂക്കൾ, ഓണക്കോടി, അങ്ങനെ വേണ്ടതെല്ലാം വാങ്ങാനായി ആളുകൾ രാവിലെ മുതൽ ടൗണിലും മാർക്കറ്റുകളിലും പാഞ്ഞുനടക്കും. അതുകൊണ്ടാണ് ‘ഉത്രാടപ്പാച്ചിൽ’ എന്ന പേര് വന്നതുതന്നെ. ഓണം പടിവാതിൽക്കൽ എത്തിയതോടെ ഓണ തിരക്കിൽ അലിഞ്ഞു പ്രവാസികൾ.
ഓണം കടന്നുവരുന്നത് അവധി ദിവസമായ വെള്ളിയാഴ്ചയായത് പ്രവാസികളിൽ ഇരട്ടി മധുരം നൽകുന്നു. നബിദിനം പ്രമാണിച്ചു ഒമാനിൽ ഞായറാഴ്ച അവധി കൂടി പ്രഖ്യാപിച്ചതോടെ നീണ്ട മൂന്ന് ദിവസ സന്തോഷമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്.
ഓണ വിഭവങ്ങൾ വാങ്ങാൻ സൂർപ്പർ മാർക്കറ്റുകളിലെത്തിയവർ
മലയാളികളുടെ ഉടമസ്ഥതയിലുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഓണം ഓഫറിന്റെ വർണ പരസ്യങ്ങൾ ഇറങ്ങിക്കഴിഞ്ഞു. വാഴ ഇലമുതൽ പാലട വരെ വിലക്കുറവിൽ ലഭിക്കുന്ന വിധമാണ് ഓഫർ ഒരുക്കിയിരിക്കുന്നത്. നെയ്യ്,ശർക്കര, പപ്പടം, കായ വറുത്തത്, സാമ്പാർ കിറ്റ്, ശർക്കര വരട്ടിയത്, കുത്തരി, അച്ചാർ, പഴംഅങ്ങനെ ഓണ വിഭവത്തിന് ആവശ്യമായവ എന്തും മിതമായ വിലയിൽ ലഭ്യമാകുന്ന തരത്തിൽ പ്രത്യേക ഓണ ‘ഇടം’ ഒരുക്കിയാണ് ഒമാനിലെ ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നത്.വിഭവത്തിനുള്ള പച്ചക്കറികളും കളം ഒരുക്കാനുള്ള പൂക്കളും തേടി പ്രവാസികൾ ഉത്രാട പാച്ചിലിലാണ്.
അത്തം മുതൽ പത്ത് ദിവസം പൂക്കളം ഒരുക്കിയാണ് തിരുവോണത്തെ വരവേൽക്കുന്നത്. വ്യത്യസ്തമായ വർണ്ണപൂക്കൾ ഓണത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ്.പൂക്കളും ആഘോഷ സാധനങ്ങളും, വിൽപ്പന ചെയ്യുന്ന സ്ഥാപനങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
കേരളത്തിൽ ഓണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് തുമ്പപ്പൂവ്, കാക്കപ്പൂവ്, മുക്കുറ്റി, തെച്ചിപ്പൂവ്, ചെമ്പരത്തി, അരിപ്പൂവ് തുടങ്ങിയവയാണ്. എന്നാൽ, പ്രവാസ ലോകത്ത് ഈ പൂക്കൾ ലഭിക്കാൻ പ്രയാസമാണ്. അതിനാൽ ലഭ്യമായ മറ്റ് പൂക്കളാണ് ഓണത്തിന് സാധാരണയായി ഉപയോഗിക്കുന്നത്. പ്രവാസ ലോകത്ത് ഓണപ്പൂക്കളത്തിന് ഉപയോഗിക്കുന്ന പൂവുകളിൽ റോസ്, ബന്തിപ്പൂവ്, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ബന്തിപ്പൂക്കൾ സുലഭമായതിനാൽ പൂക്കളത്തിന് കൂടുതലായി ഉപയോഗിക്കാറുണ്ട്. ലില്ലിപ്പൂക്കൾ പൂക്കളത്തിൽ വ്യത്യസ്തമായ രൂപങ്ങൾ നൽകാൻ സഹായിക്കുന്നു. ഡാലിയ വലിയ പൂക്കളായതുകൊണ്ട് കുറഞ്ഞ ഡാലിയ പൂക്കൾ ഉപയോഗിച്ച് പൂക്കളം നിറയ്ക്കാൻ സാധിക്കും. ക്രിസാന്തമം മഞ്ഞ, വെള്ള, പിങ്ക് നിറങ്ങളിൽ ലഭ്യമായ ഈ പൂക്കളും പൂക്കളത്തിന് ഉപയോഗിക്കാറുണ്ട്. മുല്ലയും സാധാരണ വീട്ടിലെ തൊടിയിൽ വളർത്തുന്നതും ഒമാന്റെ വഴിയോരങ്ങളിൽ കാണുന്ന പൂക്കളും ഉപയോഗിച്ച് നല്ല നിലയിൽ തന്നെ പൂക്കളം തീർക്കുന്നവർ ഉണ്ടിവിടെ.
ഓണഘോഷങ്ങളുടെ അറിയിപ്പുകൾ ആണ് സോഷ്യൽ മീഡിയ മുഴുവനും.കൂട്ടായ്മകളും സംഘടനകളും സ്ഥാപനങ്ങളുംതങ്ങളുടെ ഓണാഘോഷത്തിനുള്ള തീയതി പ്രഖ്യാപിച്ചു. അത് ക്രിസ്മസ് വരെ നീളുന്ന തീയതികളാണ്. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഓണസദ്യയുടെ മുൻകൂർ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി. നല്ല ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് സഹമിലെ റസ്റ്റാറന്റ് ഉടമ നിധീഷ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.