നോർക്ക കെയർ ഇൻഷുറൻസ് നിരക്ക് വർധന പിൻവലിക്കണം: പി.സി.എഫ് ഒമാൻ
text_fieldsമസ്കത്ത്: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെ പി.സി.എഫ് ഒമാൻ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവാത്ത നിരക്കുകൾ ഏർപ്പെടുത്തുന്നത് പദ്ധതിയുടെ ലക്ഷ്യത്തെത്തന്നെ അട്ടിമറിക്കുമെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പുതിയ നിരക്കുപ്രകാരം അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാ പരിരക്ഷയ്ക്ക് 51–60 പ്രായവിഭാഗത്തിൽ 21,722 രൂപയും 61–70 പ്രായവിഭാഗത്തിൽ 28,326 രൂപയും 71–80 പ്രായവിഭാഗത്തിൽ 48,279 രൂപയുമാണ് ഇൻഷുറൻസ് പ്രീമിയം. കുടുംബ ചികിത്സാ പരിരക്ഷയ്ക്ക് ഇതേ പ്രായവിഭാഗങ്ങളിൽ യഥാക്രമം 35,664 രൂപ, 44,718 രൂപ, 77,773 രൂപ എന്നിങ്ങനെയാണ് പ്രീമിയം നൽകേണ്ടത്.
ഇത്രയും വലിയ തുക നൽകി ഇൻഷുറൻസ് പുതുക്കേണ്ടിവരുന്നത് സാധാരണ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. പ്രായം കൂടുന്നതിനനുസരിച്ച് ചികിത്സയുടെ ആവശ്യകത വർധിക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷ കൂടുതൽ ചെലവേറിയതാക്കുന്നത് പ്രവാസികളുടെ ആരോഗ്യസുരക്ഷയ്ക്ക് കനത്ത തിരിച്ചടിയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
പ്രവാസികൾക്ക് ആശ്വാസമാകേണ്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതി സാമ്പത്തിക ബാധ്യതയായി മാറരുത്. നിലവിലെ നിരക്കുകൾ പുനഃപരിശോധിച്ച് വിദേശത്തുള്ള പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി.സി.എഫ് ഒമാൻ മീഡിയ കൺവീനർ വാപ്പു വല്ലപ്പുഴ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

