ഖത്തറിൽ വരുംദിവസങ്ങളിലും രോഗികൾ കൂടും, 90 ശതമാനം രോഗികളുടെയും ആരോഗ്യനില തൃപ്തികരം
text_fieldsദോഹ: കോവിഡ്–19 രോഗികളുടെ എണ്ണം വർധിക്കുന്ന അവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം. ഹമദ് മെഡിക്കൽ കോർപറേഷൻ ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിരവധി രാജ്യങ്ങളിലും രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. നിലവിൽ രാജ്യത്ത് വൈറസ്ബാധ ഏറ്റവും ഉയർന്ന തലത്തിലാണ്.
കോവിഡ്–19 പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നത് ശുഭപ്രതീക്ഷയുളവാക്കുന്ന കാര്യമാണ്. രാജ്യത്തെ രോഗികളിൽ ഭൂരിഭാഗം പേർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ അവർ രോഗത്തിൽ നിന്നും പൂർണമായും മുക്തി നേടുന്നു.
രോഗമുക്തി നേടിയവരുടെ എണ്ണം 1436 ആയി. സാമൂഹിക അകലം പാലിക്കുന്നത് വൈറസ് വ്യാപനത്തിെൻറ വേഗത വലിയ തോതിൽ കുറക്കാൻ കാരണമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ തന്നെ മികച്ച ചികിത്സയാണ് ഖത്തറിൽ ലഭിക്കുന്നത്.
കോവിഡ്–19 രോഗികളെ താമസിപ്പിക്കുന്നതിനും ആവശ്യമായ ചികിത്സയും മറ്റു പരിരക്ഷയും നൽകുന്നതിനുമായി വലിയ സംവിധാനം തന്നെയാണ് ആരോഗ്യ മേഖല സജ്ജമാക്കിയിരിക്കുന്നത്. സാധ്യമാകുന്ന വേഗത്തിൽ ജനജീവിതം സാധാരണനിലയിലേക്ക് എത്തുമെങ്കിലും അത് ഘട്ടം ഘട്ടമായിരിക്കും. വൈറസ് വ്യാപനം തടയുന്നതിൽ ജനങ്ങളുടെ പങ്ക് വ്യക്തമാണ്. അതിനിയും കൂടുതൽ ശ്രദ്ധയോടെ തുടരേണ്ടതുണ്ട്.
രാജ്യത്തെ കോവിഡ്–19 രോഗികളിലധികവും 25 വയസ്സിനും 34 വയസ്സിനും ഇടയിലുള്ളവരാണ്. ബാക്കിയുള്ളവർ 35 മുതൽ 44 വയസ്സ് വരെയുള്ളവരാണ്. ഖത്തറിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിൽസയിലായിരുന്ന രണ്ടുപേർ കൂടി വെള്ളിയാഴ്ച മരിച്ചിരുന്നു. ആകെ മരണം 12 ആയി. വെള്ളിയാഴ്ച 687പേർക്കുകൂടി പുതുതായി കോവിഡ്രോഗം സ്ഥിരീകരിച്ചു. നിലവിൽ ആകെ ചികിൽസയിലുള്ളവർ 12648ആണ്. 97726 പേരെ ആകെ പരിശോധിച്ചപ്പോൾ 14096 പേരിലാണ് ആകെ രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്.
വെള്ളിയാഴ്ച 64 പേർ കൂടി രോഗത്തിൽ നിന്ന് മുക്തരായിട്ടുണ്ട്. ആകെ രോഗം ഭേദമായവർ 1436 ആയി.
96ഉം 40ഉം വയസുള്ള രോഗികളാണ് വെള്ളിയാഴ്ച മരിച്ചത്. ഇരുവരും മറ്റ് രോഗങ്ങൾ കൂടി ഉള്ളവരായിരുന്നുവെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രവാസി തൊഴിലാളികളാണ് പുുതുതായി രോഗംബാധിക്കുന്നവരിൽ കൂടുതലും. രോഗം സ്ഥിരീകരിക്കെപ്പട്ട സ്വദേശികൾക്ക് കുടുംബാംഗങ്ങളിൽ നിന്നാണ് വൈറസ്ബാധയേറ്റിരിക്കുന്നത്. വരുദിവസങ്ങളിലും ഇത് തുടരും. രോഗം സ്ഥിരീകരിച്ചവരൊക്കെ സമ്പർക്കവിലക്ക കേന്ദ്രങ്ങളിൽ ചികിൽസയിലാണ്.
ഇവരിൽ90 ശതമാനം ആളുകൾക്കും നേരിയ വൈറസ്ബാധയാണുള്ളത്. 90 ശതമാനം ആളുടേയും രോഗം ഭേദമായിവരികയാണ്. ഇവരിൽ മറ്റുള്ള രോഗലക്ഷണങ്ങൾ ഇല്ല. എന്നാൽ പ്രായം കൂടിയവരിലും മറ്റ് ദീർഘകാല രോഗമുള്ളവരിലും കോവിഡ് ഗുരുതരമാവുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.