സൂഖ് വാഖിഫിൽ ഇനി ഈത്തപ്പഴ മാധുര്യം
text_fieldsസൂഖ് വാഖിഫിൽ ഈത്തപ്പഴ മേളയുടെ ഉദ്ഘാടനം മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ ഫഹദ് മുഹമ്മദ് അൽ ഖഹ്താനി, പ്രൈവറ്റ് എൻജിനീയറിങ് ഓഫിസ് പ്രതിനിധി അബ്ദുൽറഹ്മാൻ
മുഹമ്മദ് അൽ നാമ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഈത്തപ്പഴ പ്രേമികൾക്ക് മധുരമൂറും ഉത്സവകാലം സമ്മാനിച്ചുകൊണ്ട് പത്താമത് ഈത്തപ്പഴ മേള സൂഖ് വാഖിഫിൽ ആരംഭിച്ചു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും സൂഖ് വാഖിഫും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക ഈത്തപ്പഴമേള ഈസ്റ്റേൺ സ്ക്വയറിൽ ആഗസ്റ്റ് ഏഴുവരെ നീണ്ടുനിൽക്കും. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയും വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10 വരെയും സന്ദർശകർക്ക് മേളയിൽ പ്രവേശിക്കാം.
ഈത്തപ്പഴ മേള മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ ഫഹദ് മുഹമ്മദ് അൽ ഖഹ്താനി, പ്രൈവറ്റ് എൻജിനീയറിങ് ഓഫിസ് പ്രതിനിധി അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ നാമ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൃഷികാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി, സൂഖ് വാഖിഫ് ഡയറക്ടറും ഫെസ്റ്റിവൽ ജനറൽ സൂപ്പർവൈസറുമായ മുഹമ്മദ് അബ്ദുല്ല അൽ സലാം, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെയും സൂഖ് വാഖിഫ് മാനേജ്മെന്റിലെയും ഉദ്യോഗസ്ഥർ എന്നിവർ സാന്നിഹിതരായി.
രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വിവിധയിനം ഈത്തപ്പഴങ്ങൾ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും മേളയിൽ പരിചയപ്പെടുത്തും. പ്രാദേശിക ഫാമുകളിൽനിന്നും കർഷകരിൽനിന്നും ശേഖരിക്കുന്ന ഉൽപന്നങ്ങളാണ് സൂഖ്വാഖിഫിലെ മേളയിൽ ഉണ്ടാവുക. ഈ വർഷത്തെ ഈത്തപ്പഴ മേളയിൽ നൂറിലധികം ഫാമുകളാണ് പങ്കെടുക്കുന്നത്. ഖത്തറിന്റെ സമ്പന്നമായ കാർഷിക പൈതൃകത്തെ, പ്രത്യേകിച്ച് ഈത്തപ്പഴ കൃഷിയെയും പ്രാദേശിക കർഷകരെയും പിന്തുണക്കുന്ന പരിപാടിയിൽ സന്ദർശകർക്ക് വിവിധ ഈത്തപ്പഴ ഇനങ്ങൾ വാങ്ങിക്കുകയും ആസ്വദിക്കുകയും ചെയ്യാം. ദേശീയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം വിവിധ ഇനം ഈത്തപ്പഴങ്ങളെ പരിചയപ്പെടുത്തുകയുമാണ് മേളയിലൂടെ ലക്ഷ്യം വെക്കുന്നത്. പ്രാദേശിക ഫാമുകൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള സുവർണാവസരമാണ് മേളയിലൂടെ കൈവന്നിരിക്കുന്നത്.
ഉന്നത നിലവാരമുള്ള ഉൽപന്നങ്ങൾ, വർധിച്ചുവരുന്ന കർഷകരുടെയും ഫാമുകളുടെയും എണ്ണം, പൗരന്മാർ, താമസക്കാർ എന്നിവരുടെ വർധിച്ചുവരുന്ന പങ്കാളിത്തം എന്നിവ കാരണം ഫെസ്റ്റിവൽ വളരെയേറെ പ്രശസ്തി നേടിയിട്ടുണ്ടെന്ന് ഉദ്ഘാടനവേളയിൽ അൽ ഖുലൈഫി പറഞ്ഞു. 2016 ൽ ആദ്യ ഫെസ്റ്റിവലിൽ 19 ഫാമുകൾ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കിൽ, 2024ൽ അത് 110 എണ്ണമായിരുന്നു. കഴിഞ്ഞ വർഷത്തെ മേളയിൽ 240 ടണ്ണിൽ അധികം ഈത്തപ്പഴങ്ങൾ വിറ്റഴിഞ്ഞു. 2023ലെ മേളയിൽ ഖത്തറിലെ 103 പ്രാദേശിക ഫാമുകളാണ് പങ്കെടുത്തത്. 219 ടൺ ഈത്തപ്പഴങ്ങളാണ് വിറ്റഴിഞ്ഞിരുന്നത്.
അതേസമയം, മുനിസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫും തമ്മിലുള്ള ദീർഘകാല സഹകരണത്തെ മുഹമ്മദ് അബ്ദുല്ല അൽ സലാം പ്രശംസിച്ചു. ദോഹയുടെ ഹൃദയഭാഗത്തുള്ള സൂഖ് വാഖിഫ് ഒരു പ്രമുഖ പൈതൃക- വിനോദസഞ്ചാര കേന്ദ്രമാണ്. അതുകൊണ്ട് ഇതുപോലുള്ള പ്രധാനപ്പെട്ട പരിപാടിക്ക് അനുയോജ്യമായ വേദിയുമാണ്. പരിപാടി വിജയകരമാക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.