ദോഹ മികച്ച നികുതി സൗഹൃദ നഗരം
text_fieldsദോഹ: ലോകത്തിലെ ഏറ്റവും മികച്ച നികുതി സൗഹൃദ നഗരങ്ങളിലൊന്നായി ദോഹ. 2025ലെ മൾട്ടിപൊളിറ്റൻസ് വെൽത്ത് റിപ്പോർട്ട് ടാക്സ് ഫ്രണ്ട്ലി സിറ്റി ഇൻഡക്സിലാണ് ദോഹ അഞ്ചാം സ്ഥാനം കൈവരിച്ചത്.
യാത്ര ചെയ്യാനും താമസം മാറാനും ബിസിനസുകൾ തുടങ്ങാനും ആസ്തികൾ കൈകാര്യം ചെയ്യാനുമുള്ള പ്രക്രിയകൾ ലളിതമാക്കുന്ന ഒരു ആഗോള മൈഗ്രേഷൻ പ്ലാറ്റ്ഫോമായ മൾട്ടിപൊളിറ്റൻ ആണ് ദോഹയെ മികച്ച നികുതി സൗഹൃദ നഗരങ്ങളിലൊന്നായി തിരഞ്ഞെടുത്തത്.
മൾട്ടിപോളിറ്റന്റെ വെൽത്ത് റിപ്പോർട്ട് 2025; ദ ടാക്സ്ഡ് ജനറേഷന്റെ ഭാഗമായുള്ള ഈ പ്രഥമ സൂചിക, ഉയർന്ന ആസ്തിയുള്ളവർ, പ്രഫഷനലുകൾ, കുറഞ്ഞ നികുതി സാഹചര്യങ്ങൾ തേടുന്ന ബിസിനസുകൾ തുടങ്ങിയവർക്ക് ലോകത്തിലെ മികച്ച നികുതി സൗഹൃദ നഗരങ്ങളിലൊന്നായി ദോഹയെ അടയാളപ്പെടുത്തുന്നു. മികച്ച സാമ്പത്തിക പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര ഭരണം എന്നിവ ദോഹയുടെ റാങ്കിങ് മികവിന് കാരണമായി.
സമ്പന്നർക്ക് മാത്രമല്ല സുരക്ഷിതമായി തങ്ങളുടെ ആസ്തികൾ സംരക്ഷിക്കാനും വികസിപ്പിക്കാനും ആഗ്രഹിക്കുന്ന സംരംഭകർക്കും പ്രഫഷനലുകൾക്കുമെല്ലാം സൂചിക നിർദേശങ്ങൾ പ്രധാനമാണ്. വ്യക്തിഗത വരുമാന നികുതി, മൂലധന വളർച്ച, അനന്തരാവകാശം, സമ്പത്ത് നികുതി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ടാക്സ് ഫ്രണ്ട്ലി സിറ്റിസ് സൂചിക വിലയിരുത്തുന്നത്.
ഖത്തറിൽ വ്യക്തിഗത വരുമാന നികുതിയില്ലാത്തതും സ്വത്തുമായി ബന്ധപ്പെട്ട തുച്ഛമായ ഫീസുകളും നിക്ഷേപകർക്കും താമസക്കാർക്കും സംരക്ഷണം നൽകുന്ന സുതാര്യമായ നിയമസംവിധാനവും ദോഹയുടെ ഉയർന്ന റാങ്കിങ്ങിന് കാരണമായിട്ടുണ്ട്. പരമ്പരാഗത നികുതി വരുമാനങ്ങളിൽനിന്ന് വ്യത്യസ്തമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും ആധുനികവത്കരിച്ചും ദോഹ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്നു.
അബൂദബിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ജി.സി.സി നഗരങ്ങളായ ദുബൈ (രണ്ട്), മനാമ (നാല്) എന്നിവയും ആദ്യ അഞ്ച് റാങ്കിങ്ങിൽ ഉൾപ്പെടുന്നു. സിംഗപ്പൂരാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. കുവൈത്ത് സിറ്റി (8), റിയാദ് (12), മസ്കത്ത് (17) എന്നിവ ഉൾപ്പെടെ ആദ്യത്തെ 20 നികുതി സൗഹൃദ നഗരങ്ങളിൽ ഏഴെണ്ണവും ജി.സി.സിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.