ഗസ്സയിൽ വെടിനിർത്തൽ കരാർ: 'ഇസ്രായേലിന്റെ മറുപടിക്ക് കാത്തിരിക്കുന്നു'
text_fieldsവിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി
ദോഹ: ഗസ്സയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഖത്തർ. വെടിനിർത്തൽ നിർദേശത്തോട് ഹമാസ് പോസിറ്റീവായാണ് പ്രതികരിച്ചത്. ഇസ്രായേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് ശ്രമിക്കുന്നത്. ഈ സമയത്ത് തടവുകാരെയും ബന്ദികളെയും കൈമാറുകയും ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പുനഃക്രമീകരിക്കുകയും ഗസ്സയിലേക്കുള്ള സഹായം വർധിപ്പിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ദോഹയിൽ വാർത്തസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി വ്യക്തമാക്കി.
വെടിനിർത്തലിനുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ഈ നിർദേശം യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ മുൻ നിർദേശത്തിന് സമാനമാണെന്നും, എന്നാൽ ഇസ്രായേൽ ഇതിന് മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ല. ഇരു പാർട്ടികൾക്കും സ്വീകാര്യമായ ഒരു കരാറിലെത്തുക എന്നതാണ് പ്രധാനം. അതിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
'നമ്മൾ നിർണായകമായ ഒരു ഘട്ടത്തിലാണ്. ഈ നിർദേശം പരാജയപ്പെട്ടാൽ, പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. അതിനാൽ, ഈജിപ്ത്, യു.എസ് ഉൾപ്പെടെയുള്ള മറ്റ് പങ്കാളികളുമായി സഹകരിച്ച് വെടിനിർത്തലിനായി സാധ്യമായതെല്ലാം ഖത്തർ ചെയ്യുന്നു -അൽ അൻസാരി കൂട്ടിച്ചേർത്തു. ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ വെടിനിർത്തൽ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതഹ് അൽ സിസിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.