ഗസ്സ: മധ്യസ്ഥ ദൗത്യം തുടരും -ഖത്തർ
text_fieldsദോഹ: ഇസ്രായേൽ പിന്മാറ്റത്തോടെ പ്രതിസന്ധിയിലായ മധ്യസ്ഥ ശ്രമം തുടരുമെന്ന് വ്യക്തമാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമ്പൂർണ വെടിനിർത്തലിനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഖത്തർ ഊർജിതമായി തുടരുമെന്ന് അറിയിച്ചത്.
ഏഴു ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു പിന്നാലെ വെള്ളിയാഴ്ച മുതൽ ഇസ്രായേൽ ഗസ്സയിൽ ആക്രമണം വീണ്ടും ശക്തമാക്കിയെങ്കിലും ദോഹയിൽ മധ്യസ്ഥ ദൗത്യം തുടരുകയായിരുന്നു. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ശനിയാഴ്ച ഉച്ചയോടെ ഇസ്രായേൽ ദൗത്യ സംഘത്തെ തിരിച്ചുവിളിച്ച് സമാധാന ശ്രമങ്ങളിൽ നിന്നും പിൻവാങ്ങിയതോടെ യുദ്ധ ആശങ്കകൾ വീണ്ടും സജീവമായി. ഇതിനിടെയാണ്, അമേരിക്കൻ വൈസ് പ്രസിഡന്റ് ഖത്തർ അമീറുമായി ഫോണിൽ ആശയ വിനിമയം നടത്തിയത്.
ഇസ്രായേലിനും ഹമാസിനുമിടയിലെ ഖത്തറിന്റെ മധ്യസ്ഥ ദൗത്യങ്ങളെ അമേരിക്കൻ വൈസ് പ്രസിഡന്റ് അഭിനന്ദിച്ചു. ഇസ്രായേൽ ആക്രമണം കനപ്പിച്ചത് മേഖലയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിന് തടസ്സമാവുമെന്നും കൂടുതൽ കൂട്ടക്കൊലകൾക്ക് വഴിയൊരുക്കുമെന്നും അമീർ ആശങ്ക പ്രകടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.