അസ്ഥിര കാലാവസ്ഥയുമായി ജി.സി.സി മേഖല; ഖത്തറിൽ ചൂടേറിയ ദിനങ്ങൾ
text_fieldsദോഹ: ജി.സി.സിയിലെ പല മേഖലയിലും അസ്ഥിര കാലാവസ്ഥയെന്ന് റിപ്പോർട്ട്. വ്യത്യസ്ത രീതിയിൽ കാലാവസ്ഥ നിലനിൽക്കുമ്പോഴും ഖത്തറിൽ അനുഭവപ്പെടുന്നത് കനത്ത ചൂടും ഈർപ്പവുമാണ്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. ജുമൈലിയ (46), ഗുവൈരിയ (45), അൽഘോർ (45), ശഹാനിയ (46) കരാന (45) എന്നിങ്ങനെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹുമിഡിറ്റി ഉയരുമെന്ന് ഖത്തർ മെേട്രാളജി വിഭാഗം അറിയിച്ചു.
ഈ ദിവസങ്ങളിൽ പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ താരതമ്യേന ഹുമിഡിറ്റിയുമുള്ള കാലാവസ്ഥയുമായിരിക്കും, മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കാം. ഈർപ്പം കാരണം ചൂട് കൂടുതലായി അനുഭവപ്പെടും. പുറത്തിറങ്ങുന്നവർക്ക് വലിയ രീതിയിലുള്ള അസ്വസ്ഥതകളാണ് ഇതുണ്ടാക്കുന്നത്. തണുത്ത പ്രതലങ്ങളിലോ റൂമുകൾക്കുള്ളിലോ അഭയം പ്രാപിക്കുകയാണ് പലരും. രാജ്യത്ത് പകൽ സമയത്ത് പുറം ജോലികൾ എടുക്കുന്നതിന് വിലക്കുണ്ട്. എന്നിരുന്നാലും ഈർപ്പം കാരണം എയർ കണ്ടീഷൻ ഇല്ലാത്തിടങ്ങളിൽ പോലും തുടരാൻ സാധിക്കാത്ത സാഹചര്യമാണ്.
യു.എ.ഇയിൽ കനത്ത വേനൽച്ചൂടിനിടയിലും ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. അൽ ഐനിലെ ചില ഭാഗങ്ങളിൽ ശനിയാഴ്ച ഉച്ചക്ക് ശേഷം മൂടിക്കെട്ടിയ ആകാശത്തോടെ മിതമായതും കനത്തതുമായ മഴയാണ് ലഭിച്ചത്. ഇതു വേനൽച്ചൂടിൽനിന്ന് താൽക്കാലിക ആശ്വാസമാണ് പ്രദേശത്ത് നൽകിയത്. ജൂലൈ 28 വരെ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ മഴക്ക് സാധ്യതയുണ്ട്.
അതേസമയം, കഴിഞ്ഞ ആഴ്ച താപനില നേരിയതോതിൽ കൂടിയിട്ടുണ്ട്. ഏറ്റവും കൂടിയ താപനില 49 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആണ്. രാജ്യത്തുടനീളം ഈർപ്പത്തിന്റെ അളവും കൂടിയിട്ടുണ്ട്. ഉൾനാടൻ പ്രദേശങ്ങളിൽ ഈർപ്പം 80 മുതൽ 85 ശതമാനം വരെയാണ് രേഖപ്പെടുത്തിയത്. തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെയെത്തി. ആഗസ്റ്റ് 10 വരെയുള്ള രണ്ടാഴ്ച യു.എ.ഇയിൽ ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
സൗദിയിൽ ഞായറാഴ്ച മുതൽ രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ ദിവസങ്ങളോളം കനത്ത മഴയും പൊടിക്കാറ്റും ഉണ്ടാകുമെന്ന് പ്രവനചനമുണ്ട്. നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജിയുടെ വക്താവ് ഹുസൈൻ അൽ ഖഹ്താനിയുടെ അഭിപ്രായത്തിൽ, മക്ക, അബഹ, അസിർ, നജ്റാൻ, ജിസാൻ തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പർവതപ്രദേശങ്ങളിൽ കനത്തമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും താമസക്കാർ ജാഗ്രത പാലിക്കാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും നിർദേശിച്ചിട്ടുണ്ട്. അയൽ രാജ്യമായ ബഹ്റൈനിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില 45 ഡിഗ്രി സെൽഷ്യസാണ്. കനത്ത ചൂടിനൊപ്പമുള്ള ഹ്യുമിഡിറ്റി 95 ശതമാനം വരെയും രേഖപ്പെടുത്തിയിരുന്നു. ഈ അവസ്ഥ അടുത്ത രണ്ടു ദിവസങ്ങളിലും തുടരുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു.
ബുധനാഴ്ച മുതൽ ബഹ്റൈനിൽ ഒരാഴ്ചയോളം തുടരുന്ന വടക്കുപടിഞ്ഞാറൻ കാറ്റുകൾ രാജ്യത്ത് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കാറ്റുകൾ ഈർപ്പത്തിന് ഒരൽപ്പം ആശ്വാസം നൽകിയേക്കാം, പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ. എന്നിരുന്നാലും, താപനില ജൂലൈ മാസത്തിലെ സാധാരണ നിലവാരത്തിൽതന്നെ തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.