ഖത്തറിലെ വസ്തു ഇടപാടിൽ വൻ കുതിപ്പ്; താമസ-പാർപ്പിട ഇടപാടുകളിൽ 114 ശതമാനത്തിന്റെ വർധന
text_fieldsദോഹ: അപ്പാർട്മെന്റുകൾ, വില്ലകൾ അടക്കം ഖത്തറിലെ താമസ വസ്തു ഇടപാടിൽ വൻ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് നൂറു ശതമാനത്തിലേറെ വർധനയാണ് മേഖലയിൽ രേഖപ്പെടുത്തിയത്. രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണി ശക്തമായി തുടരുന്നതിന്റെ സൂചനയാണ് ഇടപാടുകളിലെ വർധന.
ആഗോള റിയൽ എസ്റ്റേറ്റ് കൺസൽട്ടന്റായ നൈറ്റ് ഫ്രാങ്കിന്റെ കണക്കു പ്രകാരം, ഈ വർഷം രണ്ടാം പാദത്തിൽ ഖത്തറിലെ താമസ-പാർപ്പിട ഇടപാടുകളിൽ 114 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ 923 കോടി ഖത്തർ റിയാൽ മൂല്യമുള്ള 1844 വസ്തു ഇടപാടുകളാണ് രജിസ്റ്റർ ചെയ്തത്.
ദോഹ, അൽ ദായിൻ, അൽ വക്റ മുനിസിപ്പാലിറ്റികളിലാണ് കൂടുതൽ വിനിമയം നടന്നത്. ദോഹയിൽ മാത്രം 3.85 ബില്യൺ ഖത്തർ റിയാലിന്റെ ഇടപാട് നടന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 126 ശതമാനം വർധനയാണ് ദോഹയിൽ ഉണ്ടായത്. അൽ ദായിനിൽ 164 ശതമാനത്തിന്റെയും വക്റയിൽ 127 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തി. വസ്തു മൂല്യം കണക്കാക്കുമ്പോൾ ചതുരശ്ര മീറ്ററിന് 13270 ഖത്തർ റിയാലിന്റെ വർധനയാണുള്ളത്.
അപ്പാർട്മെന്റ് ഇടപാടുകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് 3.5 ശതമാനത്തിന്റെ വർധനയുണ്ടായി. ശരാശരി 13,270 ഖത്തർ റിയാലാണ് പ്രധാന മേഖലകളിൽ ചതുരശ്ര മീറ്ററിന്റെ മൂല്യം. ലുസൈൽ വാട്ടർ ഫ്രണ്ട് ഡിസ്ട്രിക്ടിലെ അപ്പാർട്മെന്റുകളാണ് ഏറ്റവും വിലയേറിയത്. ചതുരശ്ര മീറ്ററിന് 15,131 ഖത്തർ റിയാൽ. പേൾ ഐലന്റിലെ വിവ ബഹ്റിയയിൽ ചതുരശ്ര മീറ്ററിന് 14,987 റിയാൽ മുടക്കണം. പ്രധാനപ്പെട്ട ബീച്ച് അഭിമുഖ പ്രദേശങ്ങളിൽ പോർട്ടോ അറേബ്യയിലാണ് വില കുറവുള്ളത്. ചതുരശ്ര മീറ്ററിന് 11,696 റിയാൽ.
വില്ലകളുടെ ഇടപാട് മൂല്യത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് നാലു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ചതുരശ്ര മീറ്ററിന് ശരാശരി 6745 റിയാലാണ് നിലവിലെ വില. റിയൽ എസ്റ്റേറ്റ് മേഖലയിൽ 85 ശതമാനത്തിന്റെയും വർധനയുണ്ടായി. ആകെ നടന്നത് 2.16 ബില്യൺ ഖത്തർ റിയാൽ മൂല്യമുള്ള 598 ഇടപാടുകളാണ്. അപ്പാർട്മെന്റുകളുടെ മൂല്യം വർധിച്ചതും ഭൂമി ഇടപാടുകൾ കൂടിയതും രാജ്യത്തെ നിക്ഷേപ സമൂഹത്തിന്റെ ആത്മവിശ്വാസം അടയാളപ്പെടുത്തുന്നതായി നൈറ്റ് ഫ്രാങ്ക് റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.