ഹുസൈൻ വിളിച്ചു; ഖത്തറിലേക്ക് വിമാനം കയറി ക്ലാസ്മേറ്റ്സ്
text_fieldsതൃത്താല കെ.ബി. മേനോൻ സ്കൂളിലെ 1980 ബാച്ചിലെ അംഗങ്ങൾ ഖത്തറിലെത്തിയപ്പോൾ
ദോഹ: കഴിഞ്ഞ ഡിസംബറിൽ അടിയന്തരമായ ചില ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോയതായിരുന്നു ഖത്തർ പ്രവാസിയായ ഹുസൈൻ തൃത്താല. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് തൃത്താല കെ.ബി മേനോൻ മെമ്മോറിയൽ സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ ‘നിളയോരം’ സംഗമത്തിലും പങ്കെടുക്കുന്നത്. 1980 എസ്.എസ്.എൽ.സി ബാച്ചിലെ പഴയ കൂട്ടുകാരെല്ലാം ഒന്നിച്ചിരുന്ന് സൗഹൃദം പങ്കുവെച്ചപ്പോൾ ഹുസൈൻ അവർക്കായൊരു ഓഫർ മുന്നോട്ടുവെച്ചു. ‘ഖത്തറിലേക്ക് കയറിവരൂ... അവിടെയെത്തിയാൽ താമസം, ഭക്ഷണം, യാത്ര ഉൾപ്പെടെ ചെലവുകൾ ഞാൻ വഹിക്കാം...’
300ലേറെ പേരുള്ള പൂർവവിദ്യാർഥി കൂട്ടായ്മയിൽ എല്ലാവരും റിട്ടയർമെന്റും വിശ്രമജീവിതവുമായി കഴിഞ്ഞു കൂടുന്നവർ. 60 പിന്നിട്ടവരുടെ മനസ്സിൽ ഒരു വിമാനയാത്രയോ വിദേശ ട്രിപ്പോ ഒന്നുമില്ല. എന്നാൽ, സൗഹൃദ ചിറകുകൾ മാടിവിളിക്കുമ്പോൾ അതിരുകളില്ലാലോ.. ഹുസൈന്റെ ഓഫറിന് ‘യെസ്...’ പറഞ്ഞ് ഖത്തറിലേക്ക് വിമാനം കയറാൻ 12 പേർ തയാറായി. പ്രായത്തിനും ശാരീരിക അവശതകൾക്കും കുടുംബ ചുറ്റുപാടുകൾക്കും അവധി നൽകി ഒരാഴ്ചത്തെ ഖത്തർ യാത്രക്കുള്ള തയാറെടുപ്പായി.
ഖത്തർ ടൂറിസത്തിന്റെ അംഗീകൃത ടൂർ ഗൈഡായ അർഷാദ് പനപ്പറമ്പിലിന്റെ സഹായം കൂടിയായതോടെ വിസ നടപടികളും യാത്രാക്രമീകരണവും എളുപ്പത്തിലായി. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 12 പേർക്ക് എ വൺ വിസ ലഭ്യമായതോടെ ഫെബ്രുവരി 17ന് ഒമാൻ വഴി അവർ ദോഹയിലേക്ക് പറന്നു. എട്ടു സ്ത്രീകളും നാലു പുരുഷന്മാരും ഉൾപ്പെടുന്ന ക്ലാസ്മേറ്റ്സിൽ ചിലർക്ക് ആദ്യ വിദേശയാത്രയായിരുന്നെങ്കിൽ, മറ്റു ചിലർക്ക് ആദ്യ വിമാനയാത്രയുടെ കൗതുകവുമുണ്ടായിരുന്നു. വിമാന ടിക്കറ്റ് ഓരോരുത്തരും വഹിച്ചപ്പോൾ ഖത്തറിലെത്തിയ ശേഷമുള്ള ചെലവ് ഹുസൈൻ വഹിച്ചു. വിശാലമായ താമസസൗകര്യവും ഭക്ഷണവും, ഒപ്പം ഖത്തർ ചുറ്റിയടിക്കാനുള്ള സൗകര്യവുമായി ഹുസൈൻ മികച്ച ആതിഥേയനായി മാറി.
മിന പോർട്ട്, അക്വേറിയം, ഇസ്ലാമിക് മ്യൂസിയം, കോർണിഷ്, ബോട്ടിങ്, കതാറ കൾചറൽ വില്ലേജ്, പേൾ ഖത്തർ, ജിവാൻ ഐലൻഡ്, നാഷനൽ മ്യൂസിയം, ലോകകപ്പ് സ്റ്റേഡിയങ്ങൾ, ലുസൈൽ ബൊളെവാഡ്, സൂഖ് വാഖിഫ്, ഖത്തർ ഫൗണ്ടേഷൻ, ഫൈസൽ മ്യൂസിയം എന്നിവിടങ്ങളിലെ സന്ദർശനത്തിനു പുറമെ അവസാന ദിവസം മരുഭൂമിയിലേക്ക് മനോഹരമായ യാത്രയും സംഘടിപ്പിച്ചു.
സ്കൂൾ അധ്യാപകർ, ബാങ്ക് മാനേജർമാർ, ലോകോ പൈലറ്റ്, ബിസിനസുകാർ, വീട്ടമ്മമാർ എന്നിങ്ങനെ ജീവിത്തിന്റെ വിവിധ മേഖലകളിൽ സജീവമായവരാണ് പഴയ സ്കൂൾ കാല ഓർമകളുമായി ഖത്തറിലേക്ക് പറന്നത്. കഥാകൃത്ത് കൂടിയായ രാധാകൃഷ്ണൻ ആലുവീട്ടിലും വിജയകൃഷ്ണനും സംഘത്തിന് നേതൃത്വം നൽകി. ശാന്തകുമാരി, നന്ദിനി, പ്രസന്ന, ശ്രീനിവാസൻ, ജയ, പുഷ്പലത, പത്മിനി, അനന്തനാരായണൻ, സുഹറാബി, ഫാത്തിമ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.
നിളയോരത്തെ സ്കൂൾ മുറ്റത്ത് കളിയും പഠനവുമെല്ലാമായി നിറഞ്ഞുനിന്ന ആ കൗമാരകാലം വീണ്ടും ഖത്തറിലെ യാത്രകളിലൂടെ സജീവമാക്കിയതിന്റെ ഓർമകളുമായാണ് സംഘം മടങ്ങിയത്. സഹപാഠികളുടെ യാത്ര യാഥാർഥ്യമാക്കുന്നതിൽ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നെങ്കിലും, എല്ലാം ഭംഗിയായി പൂർത്തിയായതിന്റെ സന്തോഷത്തിലാണ് മുൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനായ ഹുസൈൻ തൃത്താല. വ്യോമസേന സേവനം പൂർത്തിയാക്കിയ ശേഷം, 2007ൽ ഖത്തറിലെത്തിയ ഹുസൈൻ കഹ്റമയിൽ ജീവനക്കാരനായിരുന്നു. ശേഷം ബിസിനസ് മേഖലയിൽ സജീവമായി. ഇതിനിടയിലാണ് പഴയ കൂട്ടുകാരെയെല്ലാം കൂട്ടിപ്പിടിച്ച് പൂർവവിദ്യാർഥി കൂട്ടായ്മ രൂപവത്കരിച്ചതെന്ന് ഹുസൈൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
പൂർവവിദ്യാർഥി കൂട്ടായ്മകളും സംഗമങ്ങളും യാത്രകളും നാട്ടിലെമ്പാടുമുണ്ടെങ്കിലും തൃത്താല കെ.ബി മേനോൻ മെമ്മോറിയൽ സ്കൂളിലെ 1980 ബാച്ചിന്റെ വിദേശത്തെ സംഗമം പുതുമാതൃകയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.