4800 കോടി ഖത്തർ റിയാൽ കടന്ന് ഇന്ത്യ- ഖത്തർ വ്യാപാരം
text_fieldsമുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വളർച്ച. ഇരുരാഷ്ട്രങ്ങളും തമ്മിൽ ഏകദേശം 5000 കോടി ഖത്തർ റിയാലിന്റെ വ്യാപാരമാണ് കഴിഞ്ഞ വർഷം നടന്നത്. സ്വകാര്യ മേഖലയിൽ അടക്കമുള്ള വ്യാപാരത്തിൽ വർധന രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ 4800 കോടി ഖത്തർ റിയാൽ മൂല്യമുള്ള വ്യാപാരം നടന്നു എന്നാണ് ഖത്തർ ചേംബർ ഓഫ് കൊമേഴ്സിന്റെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ഖത്തർ സംയുക്ത നിക്ഷേപ ഉന്നതതല സമിതി യോഗത്തിൽ ചേംബർ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബിയാണ് കണക്കുകൾ പങ്കുവെച്ചത്. ഖത്തറിന്റെ ഏറ്റവും സുപ്രധാന വ്യാപാര പങ്കാളിയായി ഇന്ത്യ തുടരുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിൽ കൂടി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വർധിച്ചു എന്നതിന്റെ തെളിവാണ് വ്യാപാരത്തോതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലെ സഹകരണം ചർച്ച ചെയ്ത യോഗത്തിൽ ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഇൻവസ്റ്റ് ഖത്തർ, ഖത്തർ ഫ്രീ സോൺ അതോറിറ്റി തുടങ്ങിയ ബിസിനസ് കൂട്ടായ്മകളുടെ ഭാരവാഹികൾ പങ്കെടുത്തു. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഇന്ത്യയിൽ ആരംഭിക്കുന്ന ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാനും തീരുമാനമായി. അതോറിറ്റി ഇന്ത്യയിൽ നടത്തുന്ന 10 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾക്ക് ഓഫിസ് മേൽനോട്ടം വഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.