'ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് സംയുക്ത മധ്യസ്ഥ ശ്രമങ്ങൾ തുടരും'
text_fieldsദോഹ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സിവിലിയന്മാരെ സംരക്ഷിക്കാനും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കാനും ഖത്തറും ഈജിപ്തും സംയുക്ത മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി. വ്യാഴാഴ്ച കെയ്‌റോയിൽ ഖത്തറും ഈജിപ്തും തമ്മിലുള്ള ആറാമത് സംയുക്ത ഉന്നതതല സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഈജിപ്ത് വിദേശകാര്യ -പ്രവാസകാര്യ മന്ത്രി ഡോ. ബദർ അബ്ദുലത്തിയും യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ദുരന്തപൂർണമായ സാഹചര്യത്തെ നേരിടാൻ ആവശ്യമായ മാനുഷിക സഹായം ഗസ്സയിൽ എത്തിക്കണം. പുതിയ വെടിനിർത്തൽ നിർദേശവും ചർച്ച ചെയ്ത ഇരുവരും ഇസ്രായേൽ ഇതുവരെ നിർദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളെയും സൈനിക നീക്കങ്ങൾ വിപുലീകരിക്കുന്നതിനെയും ഗാസയിലെ ഉപരോധത്തെയും അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റത്തെയും ഇരു രാജ്യങ്ങളും അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ഗസ്സയിലെ മാനുഷിക ദുരിതങ്ങൾ വർധിപ്പിക്കുകയും മേഖലയുടെ സുരക്ഷയെയും സമാധാനത്തെയും ഇല്ലാതാക്കുമെന്നും അവർ ഊന്നിപ്പറഞ്ഞു.
യോഗത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികം, നിക്ഷേപം, നയതന്ത്രം, സാമൂഹികകാര്യങ്ങൾ, കൃഷി, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണവും അത് ശക്തിപ്പെടുത്താനുള്ള വഴികളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും ആവർത്തിച്ചു.
ജനറൽ റിട്ടയർമെന്റ് ആൻഡ് സോഷ്യൽ ഇൻഷുറൻസ് അതോറിറ്റിയും ഈജിപ്ഷ്യൻ നാഷണൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസും തമ്മിൽ സാമൂഹിക ഇൻഷുറൻസ്, പെൻഷൻ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രം ഒപ്പുവച്ചു.കൃഷി, ഭക്ഷ്യസുരക്ഷാ മേഖലകളിലെ സഹകരണത്തിനായി ഖത്തർ -ഈജിപ്ത് സർക്കാറുകൾ തമ്മിലും ധാരണാപത്രം ഒപ്പുവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.