ലാറ്റിനമേരിക്കൻ കലാവിശേഷങ്ങളുമായി ‘ലാറ്റിനോമെരിക്കാനോ’
text_fieldsഖത്തർ നാഷനൽ മ്യൂസിയത്തിൽ ആരംഭിച്ച ‘ലാറ്റിനോമെരിക്കാനോ’ പ്രദർശനത്തിൽനിന്ന്
ദോഹ: ലാറ്റിനമേരിക്കയുടെ ആധുനികവും സമകാലികവുമായ കലകളെ പരിചയപ്പെടുത്തുന്ന പ്രദർശനത്തിന് ഖത്തർ നാഷനൽ മ്യൂസിയത്തിൽ തുടക്കംകുറിച്ചു. മ്യൂസിയോ ഡി ആർട്ടെ ലാറ്റിനോമെറിക്കാനോ ഡി ബ്യൂണസ് അയേഴ്സുമായി (മാൽബ) സഹകരിച്ച് ഖത്തർ മ്യൂസിയം സംഘടിപ്പിക്കുന്ന പ്രദർശനം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽ ഥാനി ഉദ്ഘാടനം ചെയ്തു. മാൽബയിൽനിന്ന് എഡ്വാർഡോ കോസ്റ്റാന്റിനിയിൽ നിന്നുമുള്ള കലാ ശേഖരങ്ങളാണ് പ്രദർശനത്തിലുൾപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ 21 മുതൽ ജൂലൈ 19 വരെ നടക്കുന്ന പ്രദർശനം ഖത്തറും ലാറ്റിനമേരിക്കയും തമ്മിലുള്ള സജീവമായ സാംസ്കാരിക കൈമാറ്റത്തെ ചൂണ്ടിക്കാട്ടുന്നതോടൊപ്പം ഈ വർഷത്തെ ഖത്തർ അർജന്റീന-ചിലി സാംസ്കാരിക വർഷത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുകയും ചെയ്യും. ചടങ്ങിൽ ഖത്തർ മ്യൂസിയംസ് സി.ഇ.ഒ മുഹമ്മദ് സഅദ് അൽ റുമൈഹി, ഖത്തർ നാഷനൽ മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുൽ അസീസ് ആൽ ഥാനി, മാൽബ പ്രസിഡന്റ് തെരേസ ബൽഗറോണി എന്നിവരും പങ്കെടുത്തു.
അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, ക്യൂബ, മെക്സികോ, പരഗ്വേ, ഉറുഗ്വായ്, വെനിസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം കലാകാരന്മാരുടെ 170ലധികം സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. 20ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്നുവരെയുള്ള ലാറ്റിനമേരിക്കൻ ദൃശ്യ സംസ്കാരത്തിന്റെ വിപുലമായ അവതരണമാണ് പ്രദർശനം.
ഖത്തർ മ്യൂസിയത്തിലെ അന്താരാഷ്ട്ര പ്രദർശനങ്ങളുടെ ക്യൂറേറ്ററും മേധാവിയുമായ ഇസ്സ അൽ ഷിറാവി, മാൽബയിലെ ചീഫ് ക്യൂറേറ്റർ മരിയ അമാലിയ ഗാർസിയ എന്നിവർ സംവിധാനം ചെയ്യുന്ന പ്രദർശനത്തിൽ നഗരവത്കരണം, അസ്തിത്വം, ഓർമ, പ്രതിരോധം തുടങ്ങി ആറ് പ്രമേയങ്ങളാണുള്ളത്.
ഫ്രിഡ കൊയ്ലോ, ഡീഗോ റിവേറ, ഫെർണാണ്ടോ ബൊട്ടേറ, വിൽഫ്രെഡോ ലാം തുടങ്ങിയവരുടെ മാസ്റ്റർപീസ് സൃഷ്ടികൾ പ്രദർശനം സന്ദർശിക്കുന്നവർക്ക് പരിചയപ്പെടാൻ അവസരം നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.