പ്രവാസി അവകാശങ്ങൾക്കായി നിയമ പോരാട്ടം തുടരും -സൈനുൽ ആബിദീൻ
text_fieldsഖത്തർ കെ.എം.സി.സി സ്വീകരണ പരിപാടിയിൽ മുസ്‍ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ സംസാരിക്കുന്നു
ദോഹ: ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന നിയമ പ്രശ്നങ്ങളും യാത്ര നിരക്ക് വർധനയും ഉൾപ്പെടെ പ്രതിസന്ധികൾ നിയമപരമായ മാർഗത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും അതിന് മുസ്ലിം ലീഗ് നേതൃപരമായ ഇടപെടൽ നടത്താൻ പ്രതിജ്ഞാബദ്ധമാണെന്നും മുസ്‍ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം നിലവിൽ വന്ന പുതിയ ദേശീയ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായ ശേഷം ആദ്യമായി ഖത്തറിൽ എത്തിയപ്പോൾ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മറ്റി നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി വോട്ടവകാശം ഉൾപ്പടെയുള്ള നമ്മുടെ സ്വപ്ങ്ങൾ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ തുടർന്നും നിർവഹിക്കുമെന്നും വ്യക്തമാക്കി.
ചെറുപ്പം മുതലുള്ള സുദീർഘമായ സംഘടനാ കാലങ്ങളെയും നേതാക്കളെയും അനുസ്മരിച്ച അദ്ദേഹം, പ്രവാസി സമൂഹത്തിന്റെ പ്രതിനിധിയായാണ് നേതൃ നിരയിലേക്ക് പരിഗണിക്കപ്പെട്ടതെന്നും ആ മേഖലയിൽ ചെയ്യാനാകുന്ന പ്രവർത്തനങ്ങൾ നിർവഹിക്കുമെന്നും പറഞ്ഞു. പാർട്ടി നേതാക്കളുടെയും കെ.എം.സി.സിയുടെയും പിന്തുണയാണ് തന്റെ ഊർജമെന്നും വിശദീകരിച്ചു. നാലര പതിറ്റാണ്ടിന്റെ ഖത്തർ പ്രവാസം കെ.എം.സി.സിയുടെ വിവിധ സംഘടന തലങ്ങളിൽ പ്രവർത്തിക്കാനായതിന്റെ അംഗീകാരമായി കണക്കാക്കുകയാണെന്നും കർമ്മ മണ്ഡലത്തിലെ പ്രവർത്തകരും നേതാക്കളും നൽകുന്ന സ്വീകരണം ഏറെ ഹൃദ്യമാണെന്ന സന്തോഷം അദ്ദേഹം പങ്കുവെച്ചു.
മുസ്ലിം ലീഗ് പാർട്ടിയും നേതൃത്വവും പുതിയ കാല വെല്ലുവിളികളെ നേരിടാനുള്ള വിപുലമായ പ്രവർത്തന പദ്ധതികളാണ് ലക്ഷ്യം വെക്കുന്നെതെന്നും, സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുമുള്ള പ്രാതിനിധ്യത്തോടെ നിലവിൽ വന്ന കമ്മിറ്റി പരിചയ സമ്പന്നരായ നേതാക്കളുടെ മികവിൽ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എല്ലാ നിലയിലും നേരിടുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ ജില്ലാ കമ്മിറ്റികളും ഘടകങ്ങളും അദ്ദേഹത്തിന് ഉപഹാരങ്ങളും ഹാരാർപ്പണങ്ങളും നൽകി. കെ.എം.സി.സി ഖത്തർ സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം.പി ഷാഫി ഹാജി ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്‌ദു സമദ് അധ്യക്ഷത വഹിച്ചു. എസ്.എ.എം ബഷീർ, എ.പി അബ്ദുറഹ്‍മാൻ, പി.കെ അബ്‌ദു റഹീം ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം ഹുസൈൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.