'തിരുവനന്തപുരത്തേക്ക് തിരിച്ചുപോരാനായി ഖത്തർ എയർപോർട്ടിൽ ഇരിക്കുകയാണ്, വിമാനങ്ങളെല്ലാം നിശ്ചലമാണ്, ഖത്തറിന് നേരെ ഇറാൻ മിസൈലുകൾ തൊടുത്തുവിട്ട വാർത്ത കാണുന്നു'; ഗോപിനാഥ് മുതുകാട്
text_fieldsദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമഗതാഗതം അടച്ചതോടെ ദോഹ വിമാനത്താവളത്തിൽ കുടുങ്ങിയ ആശങ്ക പങ്കുവെച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്. നാട്ടിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്നും ദോഹ വിമാനത്താവളത്തിൽ ഇരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസറ്റിട്ടു.
"തിരുവനന്തപുരത്തേക്ക് തിരിച്ചുപോരാനായി ഖത്തർ എയർപോർട്ടിൽ ഇരിക്കുകയാണ്. വ്യോമഗതാഗതം അടച്ചിരിക്കുന്നു. പുറത്തേക്ക് നോക്കുമ്പോൾ വിമാനങ്ങളും പരിസരവുമെല്ലാം നിശ്ചലമാണ്. ഖത്തറിന് നേരെ ഇറാൻ ആറ് മിസൈലുകൾ തൊടുത്തുവിട്ട വാർത്ത കാണുന്നു... വ്യോമ ഗതാഗതം ഇനി എപ്പോൾ പുനരാരംഭിക്കുമെന്ന് അറിയില്ല... ഖത്തറിലുള്ള ഇന്ത്യക്കാരോട് വീടിനകത്ത് സുരക്ഷിതമായി ഇരിക്കാനും വാർത്തകൾ വീക്ഷിക്കാനും ഇന്ത്യൻ എംബസി അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.."- ഗോപിനാഥ് മുതുകാട് ഫേസ്ബുക്കിൽ കുറിച്ചു.
ഖത്തറിലെ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെയാണ് ഇറാൻ വ്യോമാക്രമണമുണ്ടായത്. ഖത്തർ സമയം തിങ്കളാഴ്ച രാത്രി 7.30ഓടെ ബാലിസ്റ്റിക് മിസൈലുകൾ അയച്ചായിരുന്നു ഇറാന്‍റെ ആക്രമണം. ‘ബശാഇർ അൽ ഫതഹ്’ എന്ന് പേരിട്ടാണ് അമേരിക്കൻ വ്യോമതാവളത്തിനു നേരെ രാത്രിയോടെ ആക്രമണം ആരംഭിച്ചത്. അതേസമയം, ഇറാൻെറ മിസൈൽ ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിനെതിരായ ഏത് ഭീഷണിയെയും നേരിടാൻ സൈനികമായി സജ്ജമാണെന്നും അറിയിച്ചു. സ്വദേശികളും താമസക്കാരും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും പ്രതിരോധ മന്ത്രാലയംഅറിയിച്ചു.
ഞായറാഴ്ച പുലർച്ചെ അമേരിക്ക അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽപറത്തി ഫോർദോ ഉൾപ്പെടെയുള്ള മൂന്നു ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിനുള്ള തിരിച്ചടിയായാണ് ഇറാൻ ഖത്തറിലെ യു.എസിന്‍റെ വ്യോമതാവളത്തിനുനേരെ ആക്രമണം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.