Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ നാടൊ​ന്നാകെ...

ഖത്തറിൽ നാടൊ​ന്നാകെ കായികാഘോഷം

text_fields
bookmark_border
ഖത്തറിൽ നാടൊ​ന്നാകെ കായികാഘോഷം
cancel
camera_alt

ദോഹ ഗോൾഫ് ക്ലബ്ബിൽ നടന്ന ദേശീയ കായിക ദിന പരിപാടികളിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തപ്പോൾ

ദോഹ: കായിക കുതിപ്പിന് ഊർജമായി ദേശീയ കായിക ദിനാഘോഷം ഖത്തറിൽ വിപുലമായി ആഘോഷിച്ചു. കായികക്ഷമതയുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് അതിരാവിലെ മുതൽ രാജ്യത്തെ പാർക്കുകളിലേക്കും മൈതാനങ്ങളിലേക്കും ജനങ്ങൾ ഒഴുകിയെത്തി. ശാരീരികക്ഷമത വർധിപ്പിക്കുന്നതിനും സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനും കായിക വിനോദങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും ലക്ഷ്യമിട്ട് 'ഐ ചോസ് സ്പോർട്സ്' എന്ന പ്രമേയത്തിലാണ് ഇത്തവണ ദേശീയ കായിക ദിനാഘോഷം സംഘടിപ്പിച്ചത്.

2012ൽ ആരംഭിച്ച ദേശീയ കായികദിനത്തിന്റെ 15ാമത് പതിപ്പാണ് ​ഇത്തവണ വേദിയായത്. സ്പോർട്സ് കേവലം വിനോദം മാത്രമല്ല, മറിച്ച് മനുഷ്യർ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനും സമഗ്രമായ ആരോഗ്യത്തിനും ആവശ്യമാണെന്ന സന്ദേശവും പങ്കുവെച്ചാണ് ഖത്തറിലെ ജനങ്ങൾ കായിക പരിപാടികളിൽ പങ്കെടുത്തത്.

രാജ്യത്തുടനീളം നടന്ന കായിക പരിപാടികളിൽ ആരോഗ്യവും ഉന്മേഷവും ലക്ഷ്യമിട്ട് ജനലക്ഷങ്ങൾ പങ്കാളികളായി. എല്ലാവർക്കും എളുപ്പത്തിൽ പങ്കെടുക്കാവുന്ന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരിപാടികൾ ക്രമീകരിച്ചിരുന്നത്. സർക്കാർ സ്ഥാപനങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, ഖത്തർ ഒളിമ്പിക് കമ്മിറ്റി, സ്വകാര്യ കമ്പനികൾ, കമ്യൂണിറ്റി സംഘടനകൾ തുടങ്ങി ചെറുതും വലുതുമായ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായി പരിപാടികൾ നടന്നു.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ പൊതു പാർക്കുകളിലും ഗ്രൗണ്ടുകളിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ദോഹ കോർണിഷ്, ആസ്പയർ സോൺ, പേൾ ഖത്തർ, ഖത്തർ ഫൗണ്ടേഷൻ, ലുസൈൽ, മുശൈരിബ്, കതാറ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെല്ലാം അതിരാവിലെ മുതൽ തന്നെ സജീവമായമായി.

സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും, പ്രത്യേകിച്ച് കുടുംബങ്ങളും കുട്ടികളും ആവേശത്തോടെ കായിക ദിനാഘോഷത്തിന്റെ ഭാഗമായി. മാരത്തൺ, നടത്തം, സൈക്ലിങ്, ഫുട്ബാൾ, ബാസ്ക്കറ്റ് ബാൾ തുടങ്ങി വൈവിധ്യമാർന്ന കായിക ഇനങ്ങളാണ് ഓരോ വേദിയിലും സംഘടിപ്പിച്ചത്. ഇതോടൊപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിനോദ പരിപാടികളും ഫൺ ഗെയിമുകളും സംഘടിപ്പിച്ചു.

രാവിലെ ദോഹ ഗോൾഫ് ക്ലബ്ബിൽ നടന്ന ദേശീയ കായിക ദിന പരിപാടികളിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ദേശീയ ഗോള്‍ഫ് ടീമിലെ അംഗങ്ങള്‍ക്കൊപ്പവും വിവിധ പ്രായത്തിലുള്ള വളർന്നു വരുന്ന കായിക താരങ്ങൾക്കൊപ്പവും അമീര്‍ ഗോള്‍ഫ് കളിച്ചു. ഗോൾഫ് ക്ലബ്ബിലെത്തിയ കുട്ടികളോടും മറ്റ് കളിക്കാരോടും അദ്ദേഹം കുശലാന്വേഷണവും സന്തോഷവും പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsqatar​
News Summary - Nationwide sports celebration in Qatar
Next Story