പ്രവാസത്തിന്റെ രുചിവൈവിധ്യങ്ങളുമായി മണലാരണ്യത്തിലെ ഓണാഘോഷങ്ങള്‍
text_fieldsപ്രവാസ ലോകത്ത് ഇപ്പോള്‍ ഓണാഘോഷങ്ങള്‍ക്ക് ദൈര്‍ഘ്യവും പകിട്ടും കൂടുതലാണ്. നവംബര്‍ വരെയൊക്കെയാണ് പലപ്പോഴും ഓണാഘോഷ പരിപാടികള്‍ നീളുന്നത്. വിവിധ സമുദായങ്ങളുടെ സൗഹാര്‍ദം ഓണാഘോഷത്തിന് നിറപ്പകിട്ടേകുന്നു. നാട്ടിലെ രീതികളെ വെല്ലുന്ന രീതിയിലാണ് പലപ്പോഴും ഇവിടെ ഓണാഘോഷങ്ങള്‍ നടക്കുന്നത്. വ്യത്യസ്തവും ഹൃദ്യവുമായ പരിപാടികള്‍ പ്രവാസത്തിന്റെ നീറ്റലുകള്‍ക്ക്, ആഘോഷത്തിന്റെ മറുമരുന്നായി തേച്ചുപിടിപ്പിക്കാന്‍ ഇത്തരം വേദികളെ മലയാളി തിരഞ്ഞെടുക്കുന്നു എന്നത് അതിന്റെ സാംഗത്യം വിളിച്ചോതുന്നു. നാട്ടില്‍ ഓണം കഴിഞ്ഞ് മാവേലി പോയാലും ഖത്തറില്‍ ഉൾപ്പെടെയുള്ള പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങള്‍ വിട്ട് മാവേലി അത്ര പെട്ടെന്ന് പോയെന്ന് വരില്ല.
ഓണാഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നതിലും എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുന്നതിലും പ്രവാസി കൂട്ടായ്മകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം തന്നെയുണ്ട്. ഈ പൊലിമ കൊച്ചു കേരളത്തെ പ്രവാസ മണ്ണില്‍ പുനഃസൃഷ്ടിക്കുന്നതായി തോന്നിപ്പിക്കും. വിവിധ പ്രവാസി കൂട്ടായ്മകള്‍ നടത്തുന്ന ഓണാഘോഷങ്ങള്‍ക്ക് നാട്ടില്‍നിന്നും അതിഥികളായി സിനിമാ താരങ്ങളും ഗായകരുംവരെ എത്താറുണ്ട്. സംഘടനകളുടെ ഓണാഘോഷത്തില്‍ പലപ്പോഴും വീട്ടുരുചിയിലുള്ള സദ്യ തന്നെയാണ്. ഓരോ അംഗങ്ങളും നിശ്ചിത എണ്ണം കറികള്‍ വീടുകളില്നിന്നുണ്ടാക്കി കൊണ്ടുവരുന്നതും ഒരുമിച്ചിരുന്ന് സദ്യ കഴിക്കുന്നതുമൊക്കെ ആഘോഷത്തിനുമപ്പുറത്തേക്ക് ഒരുമയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങളാണ് പകരുന്നത്.
ഒരു പൂക്കളത്തില്‍ പരന്നുകിടക്കുന്ന പലനിറത്തിലുള്ള പൂക്കളെപ്പോലെ, വ്യത്യസ്തതകളുടെ സംഗമമാണ് ഓണാഘോഷം. ലേബര്‍ ക്യാമ്പുകളിലും മറ്റും കഴിയുന്നവരുടെ ആഘോഷം മാനവ ഐക്യത്തിന്റെ പ്രതീകമായി മാറല്‍ പതിവാണ്. ഗള്‍ഫിലെ ഓണാഘോഷം അറബികളടക്കം പല രാജ്യക്കാരും സംഗമിക്കുന്ന ആഘോഷങ്ങളായി മാറും. പലരുടെയും വീടുകളിലേക്ക് അറബികളായ സ്പോണ്സര്മാരെയും സുഹൃത്തുക്കളെയും വരെ സദ്യയുണ്ണാന്‍ ക്ഷണിക്കും. സ്വദേശികളായ അറബികള്‍ക്കും മറ്റ് രാജ്യക്കാര്‍ക്കു പോലും ഓണസദ്യയുടെ രുചികള്‍ പരിചിതമാവും. ഗള്‍ഫിലെ ചില വിപണികളില്‍പോലും ഓണാഘോഷത്തിന്റെ പൊലിമ കാണാം. കര്‍ണാടകയിലെയും കേരളത്തിലെയും പാടങ്ങളില്‍ വിരിയുന്ന ഓണപ്പൂക്കള്‍ വരെ ദോഹയിലെയും ദുബൈയിലെയും വിപണികള്‍ കൈയടക്കുന്ന കാലമാണ് ഓണനാളുകള്‍. പൂക്കള്‍ മാത്രമല്ല പച്ചക്കറികളും വസ്ത്രങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിലെ പുതിയ ട്രെൻഡുകളുമെല്ലാം കടല്‍ കടന്നെത്തും പ്രവാസികള്‍ക്ക് ഓണം ആഘോഷിക്കാന്‍. മലയാളി എവിടെപ്പോയാലും സാംസ്കാരിക അടയാളങ്ങളെയും പാരമ്പര്യ ചിഹ്നങ്ങളെയും അതിന്റെ തന്മയത്വത്തോടെ കാത്തു സൂക്ഷിക്കാന്‍ അതീവ താല്പര്യം കാണിക്കുമെന്ന് ചുരുക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.