ജപ്പാനിലെ ഒസാക എക്സ്പോ; ഖത്തർ പവിലിയൻ സന്ദർശിച്ചത് 10 ലക്ഷം പേർ
text_fieldsഖത്തർ പവിലിയൻ
ദോഹ: ജപ്പാനിലെ ഒസാക്ക എക്സ്പോ 2025ൽ ഖത്തർ പവിലിയൻ സന്ദർശിച്ചത് 10 ലക്ഷത്തിലധികംപേർ. ഏപ്രിൽ 13ന് തുറന്നതിനു ശേഷമാണ് ഇത്രയധികം സന്ദർശകരെ സ്വീകരിച്ച് സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്.
രാജ്യത്തിന്റെ പൈതൃകവും ആധുനികതയും സമന്വയിപ്പിച്ച് ദേശീയ സ്വത്വം ഉയർത്തിക്കാട്ടുന്ന വൈവിധ്യമാർന്ന വർക്ക്ഷോപ്പുകളും കലാപരിപാടികളും സാംസ്കാരിക പരിപാടികളും ഒരുമിച്ച് ചേർത്ത് സംവേദനാത്മകമായ അനുഭവം പവിലിയൻ ഒരുക്കുന്നു. സാംസ്കാരിക മന്ത്രാലയം, ഖത്തർ യൂനിവേഴ്സിറ്റി, ഖത്തർ മ്യൂസിയംസ്, ഖത്തർ ഫൗണ്ടേഷൻ സംരംഭമായ വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്ത് എന്നിവയുൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളും ദേശീയ സ്ഥാപനങ്ങളും പവിലിയനിൽ നിരവധിയായ പരിപാടികൾ സന്ദർകർക്കായി ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെയും അറബ് ലോകത്തെയും പുതിയ തലമുറയിലെ ചലച്ചിത്ര പ്രവർത്തകരുടെ കലാപരമായ കഴിവുകളും സാംസ്കാരിക വൈവിധ്യം എടുത്തുകാണിച്ചുകൊണ്ട് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിച്ച ഷോർട്ട് ഫിലിമുകളും ഇവിടെ പ്രദർശിപ്പിച്ചു.
ഗതാഗത രംഗത്തെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഗതാഗത മന്ത്രാലയത്തിന്റെ സെഷനും, ഖത്തർ മീഡിയ സിറ്റി പദ്ധതിയെക്കുറിച്ച് വിപുലമായ പാനൽ ചർച്ചയും സംഘടിപ്പിച്ചു.
കൂടാതെ, പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച അറബിക് കാലിഗ്രാഫിയുടെയും മെഹന്ദിയുടെയും തത്സമയ പ്രദർശനങ്ങളിലൂടെ രാജ്യത്തിന്റെ സമ്പന്നമായ കലാ പാരമ്പര്യങ്ങളുമായി ഇടപഴകാനും സന്ദർശകർക്ക് അവസരം ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.