നാടോർമകളിൽ ഇന്ന് പൊന്നോണം
text_fieldsദോഹ: ലോകമെങ്ങുമുള്ള മലയാളികൾക്കിന്ന് തിരുവോണപ്പുലരി. ലോക മലയാളികൾ സാഹോദര്യത്തോടെയും ആമോദത്തോടെയും ആനന്ദത്തോടെയും ആഘോഷിക്കുന്ന ദിനം. മലയാളിയെവിടെയുണ്ടോ അവിടെയെല്ലാം ആഘോഷവുമുണ്ട്. ഓണാഘോഷത്തിന് പ്രവാസികൾക്കിടയിലും പൊലിവൊട്ടും കുറയാറില്ല. പൂക്കളങ്ങളും ഓണക്കളികളും പുലിക്കളിയും സദ്യയുമെല്ലാമായി അത്തം മുതൽ പത്തുനാൾ നീളുന്ന ആഘോഷമാണ് മലയാളിക്കെന്നും ഓണം.
ഉത്രാട ദിവസമായ വ്യാഴാഴ്ച ഖത്തറിലെ മലയാളി ഉടമസ്ഥതയിലുള്ള വിവിധ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കേരള സാരിയും മുണ്ടും ജുബ്ബയും അണിഞ്ഞും കേരളീയ വേഷത്തിൽ ജോലിക്കെത്തിയ മലയാളികൾ ഓണത്തിന്റെ പ്രവാസത്തിലെ വേറിട്ട കാഴ്ചയായി. നാട്ടിൻപുറത്ത് സാധാരണയായി സംഘടിപ്പിക്കാറുള്ള കല-കായിക പരിപാടികളൊരുക്കിയും ഓണസദ്യയുണ്ടും ആഘോഷപരിപാടികൾ ഓഫിസുകളിൽ കളറാക്കി. കൂടെ ജോലിചെയ്യുന്ന മറ്റും സംസ്ഥാനക്കാരും -രാജ്യക്കാരും ആഘോഷങ്ങളുടെ ഭാഗമായി. ഓണത്തെ വരവേറ്റുകൊണ്ട് വിപണി നേരത്തേ സജീവമായിരുന്നു. ഉത്രാടദിനമായ വ്യാഴാഴ്ച ദോഹയിലെ വിവിധ സൂപ്പർമാർക്കറ്റുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ലുലു, സഫാരി, ഗ്രാൻഡ്, ഫാമിലി തുടങ്ങിയ ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലെല്ലാം കഴിഞ്ഞദിവസങ്ങളിൽ ഓണത്തിരക്കിലായിരുന്നു. സദ്യ കഴിക്കാനുള്ള വാഴയില മുതൽ നാട്ടു പച്ചക്കറികളും പൂക്കളത്തിനുള്ള മല്ലിയും ജമന്തിയും ഉൾപ്പെടെ പൂക്കളുമായും ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഓണച്ചന്തയും തകൃതിയായി. വെണ്ടയ്ക്ക, പാവയ്ക്ക, ബീറ്റ് റൂട്ട്, പടവലങ്ങ, മത്തങ്ങ, വെള്ളരിക്ക, പയര്‍, പച്ചക്കായ, മുരിങ്ങയ്ക്ക, കുമ്പളങ്ങ തുടങ്ങി സകല നാട്ടു പച്ചക്കറികളും ഓണ വിപണിയിലുണ്ട്.
ഹൈപ്പർമാർക്കറ്റുകൾ, റസ്റ്റാറന്റുകൾ തുടങ്ങി ചെറുകിട ഹോട്ടലുകളിൽ വരെ തിരുവോണ ദിനമായ ഞായറാഴ്ച സദ്യ തയാറാണ്. 25 റിയാൽ മുതൽ 40 റിയാൽ വരെ നിരക്കിൽ വൈവിധ്യമാർന്ന കൂട്ടുകളുമായാണ് സദ്യ ഒരുക്കുന്നത്. പ്രവാസി മലയാളികളുടെ ഓണം ഓർമകളെ ഒരിക്കൽകൂടി തിരികെ കൊണ്ടുവരാൻ ഖത്തറിലെ വിവിധ കൂട്ടായ്മകൾ വിവിധ പരിപാടികളുമായി സജീവമാണ്. ഖത്തറിൽ തിരുവോണം വാരാന്ത്യ അവധി ദിവസമായതിനാൽ എല്ലാ മലയാളികൾക്കും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഓണമാഘോഷിക്കാം. വിവിധ സംഘടനകളും കൂട്ടായ്മകളും ഇവന്റ് മാനേജ്മെന്റുകളും ഓണാഘോഷം പൊടിപൊടിക്കാൻ തകൃതിയായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഓണസദ്യയൊരുക്കിയും പൂക്കളമിടൽ, പായസ മത്സരം, സ്റ്റേജ് ഷോ, വിവിധ കല -കായിക പരിപാടികളൊരുക്കിയും പ്രവാസലോകത്തെ ഓണോഘോഷം പൊടിപൊടിക്കാനൊരുങ്ങുകയാണ് മലയാളി കൂട്ടായ്മകൾ. ഇനി ഒരു മാസത്തിലേറെ വിവിധ പരിപാടികളോടെ പ്രവാസിയോണം നീണ്ടുനിൽക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.