‘ഭീകരതയുടെ ഏത് രൂപത്തിനുമെതിരെ ഇന്ത്യ നിലകൊള്ളും’; ഖത്തറിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് മോദി
text_fieldsനരേന്ദ്ര മോദി
ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിലുണ്ടായ ഇസ്രായേൽ അക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി സംസാരിച്ച പ്രധാനമന്ത്രി സംഭവത്തിൽ ആശങ്ക അറിയിക്കുകയും ചെയ്തു.ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനെ അപലപിക്കുന്നതായും സംഭാഷണത്തിലൂടെയും നയതന്ത്ര ശ്രമങ്ങളിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും സംഘർഷം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
“ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി സംസാരിക്കുകയും ദോഹയിലെ ആക്രമണങ്ങളില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. സഹോദര രാഷ്ട്രമായ ഖത്തറിന്‍റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നു. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെയും, സംഘര്‍ഷം ഒഴിവാക്കുന്നതിനെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. മേഖലയിൽ സമാധാനത്തിനും സ്ഥിരതക്കും വേണ്ടി ഉറച്ചുനിൽക്കുന്നതിനൊപ്പം ഭീകരതയുടെ ഏത് രൂപത്തിനുമെതിരെ ഇന്ത്യ നിലകൊള്ളുകയും ചെയ്യും“ -മോദി എക്സിൽ കുറിച്ചു.
ചൊവ്വാഴ്ച ഹമാസിന്‍റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷ്യൽ ആസ്ഥാനം ലക്ഷ്യമിട്ടാണ് ഇസ്രായേൽ സ്ഫോടനം നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ നടക്കുന്നതിനിടെയാണ് ഹമാസ് നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണം. താമസക്കാരുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചതായും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.