എയർകാർഗോയിൽ പിടിമുറുക്കി ഖത്തർ എയർവേസ്
text_fieldsദോഹ: അന്താരാഷ്ട്ര തലത്തിലെ ആകാശ ചരക്കുനീക്ക മേഖലയിൽ വമ്പൻ ചുവടുവെപ്പുമായി ഖത്തർ എയർവേസ്. ലോകത്തെ മുൻനിര എയർകാർഗോ വിമാനക്കമ്പനികളുമായി കൈകോർത്ത് ആഗോള സംയുക്ത സർവിസിന് ഖത്തർ എയർവേസ് തുടക്കം കുറിച്ചു.
ബ്രിട്ടീഷ് എയർവേസും, സ്പാനിഷ് എയർലൈൻ കമ്പനിയായ ഐബിരിയ എയർലൈൻസും ചേർന്ന് 2011ൽ ആരംഭിച്ച ഇന്റർനാഷനൽ എയർലൈൻ ഗ്രൂപ് (ഐ.എ.ജി) കാർഗോൾ, മലേഷ്യൻ എയർലൈൻസിന്റെ കാർഗോ സർവിസായ മാസ് കാർഗോ എന്നിവയുമായി ചേർന്നാണ് ഖത്തർ എയർവേസിന്റെ ഗ്ലോബൽ ജോയന്റ് ബിസിനസ് പ്രഖ്യാപിച്ചത്. നിലവിൽ ലോകത്തെ 170 നഗരങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേസിന്റെ കാർഗോ വിഭാഗവും അന്താരാഷ്ട്ര പങ്കാളികളും ചേരുന്നതോടെ ആകാശ ചരക്കുനീക്കത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് പിറക്കുന്നത്. എയർ കാർഗോ വിപണിയിലെ മൂന്നു മുൻനിര സംഘങ്ങളുടെ വൈദഗ്ധ്യവും അടിസ്ഥാന സൗകര്യങ്ങളും ഒരുമിക്കുന്നതോടെ ഉപഭോക്തൃ സേവനം മികവുറ്റതായി മാറും.
വിപ്ലവകരമായ പങ്കാളിത്തം വിമാന ചരക്കുകളുടെ ലഭ്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുമെന്നും, ഉപഭോക്താക്കൾക്ക് കൂടുതൽ വിപുലീകരണത്തിന് അവസരം നൽകുമെന്നും ഖത്തർ എയർവേസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ആഗോള വ്യോമ ചരക്ക് വിപണിയെ പുനർനിർവചിക്കാനുള്ള ഖത്തർ എയർവേസിന്റെ ശ്രമങ്ങളിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് ഖത്തർ എയർവേസ് കാർഗോ ചീഫ് ഓഫിസർ കാർഗോ മാർക്ക് ഡ്രഷ് പറഞ്ഞു. ബ്രിട്ടീഷ് എയർവേസ്, ഐബീരിയ കമ്പനികൾ ഒന്നിച്ച് ആരംഭിച്ച ഐ.എ.ജിയിൽ നിലവിൽ വ്യൂലിങ്, എയർ ലിങ്സ്, സ്പാനിഷ് കമ്പനിയായ ലെവൽ എന്നിവ ചേർന്ന് അഞ്ചുവിമാനക്കമ്പനികളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.