സ്കൈട്രാക്സ് അവാർഡ്; ഖത്തർ എയർവേസിന് മിന്നും നേട്ടം, നാല് പുരസ്കാരങ്ങളും 5 സ്റ്റാർ പദവിയും
text_fieldsസ്കൈട്രാക്സ് അവാർഡ് ഖത്തർ എയർവേസ് അധികൃതർ ഏറ്റുവാങ്ങുന്നു
ദോഹ: അന്താരാഷ്ട്ര വ്യോമയാന രംഗത്തെ പ്രശസ്തമായ സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ദാന ചടങ്ങിൽ നാല് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേസ്. ഇതോടൊപ്പം 5 സ്റ്റാർ എയർലൈൻ പദവിയും കമ്പനി നിലനിർത്തി. വേൾഡ്സ് ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് എയർലൈൻ ഇൻ മിഡിൽ ഈസ്റ്റ്, മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, വേൾഡ്സ് ബെസ്റ്റ് ഓൺബോർഡ് വൈഫൈ എന്നീ പുരസ്കാരങ്ങളാണ് ഖത്തർ എയർവേസ് സ്വന്തമാക്കിയത്.
യാത്രക്കാർക്ക് ഏറ്റവും മികച്ച യാത്രാനുഭവം, പ്രീമിയം സേവനം, തടസ്സമില്ലാത്ത ഇന്റർനെറ്റ് സൗകര്യം, പ്രവർത്തന മികവ്, വിശ്വസനീയമായ യാത്രയും ഉറപ്പാക്കിയാണ് സ്കൈട്രാക്സ് എയർലൈൻ അവാർഡുകളും 5-സ്റ്റാർ എയർലൈൻ റേറ്റിങ്ങും നിലനിർത്തിയത്. തുടർച്ചയായ 13ാം തവണയാണ് വേൾഡ്സ് ബെസ്റ്റ് ബിസിനസ് ക്ലാസ് അവാർഡ് ഖത്തർ എയർവേസ് നേടുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈനായി 14ാം തവണയും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് അവാർഡ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 'അൽ മുർജാൻ ബിസിനസ് ലോഞ്ച് - ദി ഗാർഡൻ' 8-ാം തവണയുമാണ് സ്വന്തമാക്കുന്നത്.കൂടാതെ, സ്കൈട്രാക്സ് ആദ്യമായി നൽകുന്ന വേൾഡ്സ് ബെസ്റ്റ് ഓൺബോർഡ് വൈഫൈ പുരസ്കാരവും ഖത്തർ എയർവേസ് സ്വന്തമാക്കി.
ഖത്തർ എയർവേസിന്റെ പ്രശസ്തമായ 'ക്യൂസ്യൂട്ട്' ബിസിനസ് ക്ലാസ് യാത്രാസൗകര്യവും, നാലുപേർക്ക് ഒരുമിച്ചിരുന്ന് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്ന 'ക്യൂസ്യൂട്ട് ക്വാഡ്' സംവിധാനവും യാത്രക്കാർക്കിടയിൽ ജനപ്രിയമാണ്.
സ്റ്റാർലിങ്ക് സാങ്കേതികവിദ്യയോടെയാണ് ഖത്തർ എയർവേസ് യാത്രക്കാർക്ക് അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്നത്. ഇതുവരെ 96,000-ത്തിലധികം സർവിസുകളിലായി 2.5 കോടിയിലധികം യാത്രക്കാരാണ് വിമാനത്തിനുള്ളിൽ ഈ സേവനം പ്രയോജനപ്പെടുത്തിയത്.
നാല് സ്കൈട്രാക്സ് അവാർഡുകൾ നേടാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹമദ് അൽ ഖാതിർ പറഞ്ഞു. അടുത്ത വർഷം ഖത്തർ എയർവേസ് 30ാം വാർഷികം ആഘോഷിക്കുകയാണ്. യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിലുള്ള അർപ്പണവും തുടർച്ചയായി നവീകരിക്കപ്പെടുന്നതുമാണ് ഖത്തർ എയർവേസിനെ നേട്ടത്തിന് അർഹരാക്കിയത്. 60,000-ത്തോളം വരുന്ന ജീവനക്കാരുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.ശൈത്യകാല സീസണിൽ മിഡിൽ ഈസ്റ്റിലുടനീളം സേവനങ്ങൾ വിപുലീകരിച്ച ഖത്തർ എയർവേസ്, പ്രതിദിന വിമാന സർവിസുകളുടെ എണ്ണത്തിൽ 14 ശതമാനം വർധനവ് വരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

