ഗസ്സയിലേക്ക് 13 ലക്ഷം ലിറ്റർ ഇന്ധനം എത്തിക്കും; ഖത്തറും യു.എന്നും കരാർ ഒപ്പുവെച്ചു
text_fieldsഗസ്സയിലേക്കുള്ള ഇന്ധനവുമായി പുറപ്പെടുന്ന ടാങ്കർ
ദോഹ: ഗസ്സയിലെ ആരോഗ്യ-ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി 13 ലക്ഷം ലിറ്റർ ഇന്ധനം കൂടി നൽകാൻ ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിൽ ധാരണയായി. ഇതുസംബന്ധിച്ച കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചു. ഗസ്സയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ഖത്തർ നൽകിവരുന്ന തുടർച്ചയായ സഹായങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ധനക്ഷാമം രൂക്ഷമായ ഗസ്സയിലെ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, മറ്റ് അടിയന്തര സേവനങ്ങൾ എന്നിവയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ഇതുലൂടെ സാധിക്കും.
കുട്ടികൾ, സ്ത്രീകൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവരടങ്ങുന്ന 21 ലക്ഷം ഫലസ്തീൻ ജനങ്ങൾക്ക് പദ്ധതി ആശ്വാസമാകും.ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനും ജനങ്ങൾക്ക് ആവശ്യമായ കുടിവെള്ള വിതരണം ഉൾപ്പെടെയുള്ള മറ്റ് ജനസേവനങ്ങൾ ഉറപ്പാക്കുന്നതിനും ഈ ഇന്ധനം സഹായകരമാകും. നേരത്തേ, 2023 ഒക്ടോബർ മുതൽ 2026 മാർച്ച് അവസാനം വരെയുള്ള കാലയളവിൽ ഖത്തർ 300 ലക്ഷം ലിറ്റർ ഇന്ധനമാണ് ഗസ്സയിലേക്ക് എത്തിച്ചത്. ഗസ്സയിൽ വർധിച്ചുവരുന്ന മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് പിന്തുണ തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

