രുചിരാജാവായി ‘തലശ്ശേരി ബിരിയാണി'; കോഴിക്കോട് സ്വദേശിനി ധന്യ ഖത്തർ ദം സ്റ്റാർ
text_fieldsദോഹ: ദം ബിരിയാണികളിൽ രാജാവായ തലശ്ശേരി ബിരിയാണി അവതരിപ്പിച്ച് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനി ധന്യ കിരീടം സ്വന്തമാക്കിയപ്പോൾ കോഴിക്കോട്ടുകാർക്കും തലശ്ശേരിക്കാർക്കും ഒരുപോലെ സന്തോഷം. സമാപന ചടങ്ങിൽ വിജയിയെ പ്രഖ്യാപിച്ചപ്പോൾ സദസ്സിൽനിന്ന് ആരവങ്ങളുയർന്നു. തലശ്ശേരി ബിരിയാണിയുടെ യഥാർത്ഥ രുചിക്കൂട്ടും പ്രശസ്തിയും ഖത്തർ മണ്ണിൽ അന്വർഥമാക്കിയാണ് ധന്യ വിജയിയായത്.
കുറഞ്ഞ മസാലയിൽ കൂടുതൽ രുചി വിളമ്പുന്ന തനത് 'തലശ്ശേരി ബിരിയാണി' തയാറാക്കിയാണ് ധന്യ കിരീടം ചൂടിയത്. ഖത്തറിലെ ബിരിയാണി ദം സ്റ്റാർ ജേതാവാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ധന്യ പറഞ്ഞു. കുക്കിങ് ഹോബിയാണ്. വീട്ടിൽ ബിരിയാണി പാകം ചെയ്യുമ്പോൾ ഭർത്താവും മക്കളുമാണ് കമൻന്റുകൾ പറയാറുള്ളത്. അവർ നൽകുന്ന നിർദേശങ്ങളും പ്രോത്സാഹനവുമാണ് ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റിലെ വിജയത്തിലെത്തിച്ചത് -ധന്യ പങ്കുവെച്ചു.
ചിക്കനും മറ്റു മസാലകളും പ്രത്യേകം വേവിച്ചശേഷം പിന്നെ അരിയുമായി ചേർത്ത് ഒരുമിച്ച് പാകം ചെയ്യുകയും, അതിനുശേഷം ദമ്മിട്ടെടുക്കുകയുമാണ് ബിരിയാണിയുടെ പ്രത്യേകത. മറ്റ് മത്സരാർത്ഥികളേക്കാൾ ഏറെ മുന്നിലായിരുന്നു ധന്യയുടെ ബിരിയാണിയുടെ രുചിക്കൂട്ട്. വിധികർത്താക്കളുടെ മനസ്സ് ആദ്യ ശ്രമത്തിൽ തന്നെ പിടിച്ചുപറ്റാൻ ഈ തനത് പാചകശൈലിക്ക് സാധിച്ചു.
ഖത്തർ എനർജിയിലെ ജീവനക്കാരനായ പ്രിത്വിക് ആണ് ഭർത്താവ്. യാഷ്ദേവ്, യാഷിക എന്നിവർ മക്കളാണ്. പ്രാഥമിക ഘട്ടത്തിൽ പങ്കെടുത്ത ആയിരത്തോളം പേരിൽ നിന്നാണ് സെമിഫൈനലിലേക്കുള്ള 30 പേരെ തിരഞ്ഞെടുത്തത്. തുടർന്ന് നടന്ന ഫൈനൽ പോരാട്ടത്തിലെ അവസാന 10 പേരിൽ നിന്നാണ് ഖത്തറിലെ ആദ്യ ‘ദം ബിരിയാണി സ്റ്റാർ’ എന്ന അഭിമാന നേട്ടത്തിലേക്ക് എത്തിയത്.

