ഖത്തറിൽ ഭക്ഷ്യസുരക്ഷാ റേറ്റിങ് പ്രോഗ്രാം മൂന്നാംഘട്ടം ആരംഭിച്ചു
text_fieldsദോഹ: ഭക്ഷ്യസ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം ഭക്ഷ്യസുരക്ഷാ റേറ്റിങ് പ്രോഗ്രാമിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. രാജ്യത്തെ ഭക്ഷ്യസ്ഥാപനങ്ങൾ ഫുഡ് സേഫ്റ്റി നിർദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പതിവ് പരിശോധന ഫലങ്ങളെ അടിസ്ഥാനമാക്കി തയാറാക്കുന്ന ആ റേറ്റിങ്ങിലൂടെ സ്ഥാപനങ്ങൾ ആരോഗ്യപരമായ ചട്ടങ്ങൾ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് ഉപഭോക്താക്കൾക്ക് മനസ്സിലാക്കാം.
മൂന്നാം ഘട്ടത്തിൽ, ഉപഭോക്താക്കൾക്ക് ഭക്ഷണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും. പ്രോഗ്രാമിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിൽ ഹോട്ടലുകൾ, ടൂറിസം മേഖലയിലെ റെസ്റ്റാറന്റുകൾ, ഷോപ്പിങ് മാളുകളിലെ റെസ്റ്റാറന്റുകൾ എന്നിവ മാത്രമായിരുന്നു ഉൾപ്പെട്ടിരുന്നത്.
ഫുഡ് സേഫ്റ്റി റേറ്റിങ്ങിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത ഓരോ ഭക്ഷ്യസ്ഥാപനത്തിലും കുറഞ്ഞത് മൂന്നു പരിശോധനകൾ നടത്തും. തുടർന്ന് ഈ സ്ഥാപനങ്ങളെ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ആറു ഗ്രേഡിങ് ആയി തരംതിരിക്കും. ഈ വിവരങ്ങൽ 'വാഥിഖ്' എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുകയും ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാകുകയും ചെയ്യും. ഭക്ഷ്യസ്ഥാപനങ്ങൾക്ക് ഈ റേറ്റിങ് പ്രദർശിപ്പിക്കുകയും ചെയ്യാം.
ഇതിന്റെ ഭാഗമായി ഭക്ഷ്യസ്ഥാപനങ്ങൾ നടത്തുന്നവർക്കായി ഫു്ഡ് സേഫ്റ്റി റേറ്റിങ്ങിന്റെ പ്രാധാന്യം അവതരിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനുമായി മന്ത്രാലയം ഒരു വെബിനാർ സംഘടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.