ഖത്തർ ദേശീയ ദിനാചരണം; ഐക്യത്തിന്റെ ദൃശ്യവിരുന്നൊരുക്കി എം.ഇ.എസ് വിദ്യാർഥികൾ
text_fieldsഖത്തർ ദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഐക്യത്തിന്റെ ദൃശ്യവിരുന്നൊരുക്കി എം.ഇ.എസ് വിദ്യാർഥികൾ ദേശീയ പതാകയുടെ മാതൃകയൊരുക്കിയപ്പോൾ
വിദ്യാർഥികൾ കൈകോർത്ത് ഖത്തർ ദേശീയ പതാകയുടെ മാതൃക നിർമിച്ചു
ദോഹ: ഖത്തറിന്റെ ദേശീയ ദിനാചരണത്തോടനുബന്ധിച്ച്, രാഷ്ട്രത്തോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ കൈകോർത്തുപിടിച്ച് ദേശീയ പതാകയുടെ മനോഹരമായ മാതൃക നിർമിച്ചു. ഖത്തറിനോടുള്ള ഐക്യവും ആദരവും പ്രകടമാക്കി കുട്ടികൾ വെള്ളയും മെറൂണും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് 1925 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പതാകയുടെ വിശാലമായ മാതൃകയൊരുക്കിയത്. 7,700 വിദ്യാർഥികളും ജീവനക്കാരും 140 വരികളിലും 55 നിരകളിലുമായി അണിനിരന്നപ്പോൾ, രാജ്യത്തിന്റെ അഭിമാനമായ ദേശീയ പതാകയുടെ മനോഹരമായ മാതൃക എം.ഇ.എസ് സ്കൂൾ മൈതാനത്ത് മനോഹരമായ ദൃശ്യവിരുന്നൊരുക്കി. പരിപാടിയിൽ ഖത്തറിനോടുള്ള ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഉജ്ജ്വല പ്രഖ്യാപനമായി വെള്ളയും മെറൂണും നിറങ്ങളണിഞ്ഞ കുട്ടികൾ അച്ചടക്കത്തോടെ അണിനിരന്നു.
വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾസ് എജുക്കേഷൻ കൺസൽട്ടന്റ് മുബാറക് അബ്ദുല്ല അൽ മൻസൂരി, ദോഹയിലെ ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. സൈബു ജോർജ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനും സ്വത്വത്തിനുമുള്ള എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുടെ ആദരവായി പരിപാടി മാറി.
ഖത്തർ രാഷ്ട്രത്തോടും തലമുറകൾക്ക് പ്രചോദനമാകുന്ന ദീർഘവീക്ഷണമുള്ള നേതൃത്വത്തോടും ആദരവ് പ്രകടിപ്പിക്കുന്നതായിരുന്നു സ്കൂൾ വിദ്യാർഥികളും ജീവനക്കാരും ചേർന്ന് നിർമിച്ച മനുഷ്യ പതാകയുടെ മാതൃകയെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിപ്രായപ്പെട്ടു. പരിപാടിയുടെ വിജയത്തിനായി പിന്തുണ നൽകിയ വിദ്യാർഥികൾ, ജീവനക്കാർ, രക്ഷിതാക്കൾ, വിശിഷ്ട വ്യക്തികൾ എന്നിവർക്ക് കൃതജ്ഞത അറിയിക്കുന്നതായും അവർ പറഞ്ഞു. എം.ഇ.എസ് ഗവേണിങ് ബോർഡ് ഡയറക്ടർമാർ, അംഗങ്ങൾ, സ്കൂൾ അധികൃതർ, അധ്യാപക -അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഫിസിക്കൽ എജുക്കേഷൻ കോഓഡിനേറ്റർ സലിം ജെ. നാടഫ്, കൾച്ചറൽ കമ്മിറ്റി കൺവീനർ അൻവർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ പുരോഗതിക്കും വളർച്ചക്കും വിദ്യാർഥികളുടെ പിന്തുണയും സ്നേഹാദരവുകളുടെയും പ്രതിഫലനമായി ചടങ്ങ് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

