Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുളിർക്കാറ്റേറ്റ് തമ്പടിക്കാം.. ഖത്തറിൽ വിന്റർ ക്യാമ്പിങ് സീസൺ ഒക്ടോബർ 25 മുതൽ

text_fields
bookmark_border
രജിസ്ട്രേഷൻ ഒക്ടോബർ 11ന് ആരംഭിക്കും
കുളിർക്കാറ്റേറ്റ് തമ്പടിക്കാം.. ഖത്തറിൽ വിന്റർ ക്യാമ്പിങ് സീസൺ ഒക്ടോബർ 25 മുതൽ
cancel

ദോഹ: കടുത്ത വേനൽക്കാലത്തിന് വിടപറഞ്ഞ് തണുപ്പുകാലത്തേക്ക്​ കടക്കാനിരി​​ക്കേ, വിന്റർ കാമ്പിങ് സീസണിന്റെ രജിസ്ട്രേഷൻ നടപടികൾ പ്രഖ്യാപിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. കടുത്ത വേനലിന്റെ ചൂടൊഴിഞ്ഞ് കുളിർകാറ്റെത്തുന്നതോടെ രാത്രികാലങ്ങളിൽ തമ്പുകളടിച്ച് കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സമയം ചെലവഴിക്കുന്നത് അറബ് ജനതയുടെ സാമൂഹിക സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ്.

2026 –27 വർഷത്തെ വിന്റർ കാമ്പിങ് സീസണിന്റെ രജിസ്ട്രേഷൻ നടപടികൾ ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു. ഒക്ടോബർ 25ന് ആരംഭിക്കുന്ന ക്യാമ്പിങ് സീസൺ 2027 ഏപ്രിൽ 20 വരെ നീണ്ടുനിൽക്കും. തണുപ്പുകാലം ആഗതമാകുന്നതോടെ ആയിരക്കണക്കിന് ആളുകളാണ് കുടുംബസമേതം ക്യാമ്പിങ്ങിനായി നിശ്ചിത പ്രദേശങ്ങളിൽ എത്തിച്ചേരുന്നത്.

ക്യാമ്പിങ്ങിനായുള്ള രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 11 മുതൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും 'ബിഅ' (Bee'ah) ആപ്ലിക്കേഷൻ വഴിയും ആരംഭിക്കും. കാമ്പിങ് രജിസ്ട്രേഷൻ മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. സെൻട്രൽ റീജിയനിൽ ഒക്ടോബർ 11 - 13, നോർത്തേൺ മേഖലയിൽ ഒക്ടോബർ 14 -16, വടക്കൻ മേഖലയിൽ ഒക്ടോബർ 17 മുതൽ 21 വരെയും രജിസ്ട്രേഷൻ നടക്കും. തുടർന്ന് ഒക്ടോബർ 22 മുതൽ 31 വരെ എല്ലാ മേഖലകളിലേക്കുമുള്ള രജിസ്ട്രേഷൻ പുനരാരംഭിക്കും.

പരിസ്ഥിതി സംരക്ഷണവും വന്യജീവി സുരക്ഷയും ഉറപ്പാക്കാൻ ഇത്തവണ മോട്ടോർ സൈക്കിൾ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പച്ചപ്പു നിറഞ്ഞ പ്രദേശങ്ങളിലും (റൗദ) എല്ലാ ക്യാമ്പിങ് സൈറ്റുകളിലും രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ മോട്ടോർ സൈക്കിളുകൾ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ തടയാൻ ഇക്കാലയളവിൽ വ്യാപക പരിശോധനകൾ സംഘടിപ്പിക്കും.

പരിശോധനകൾ വെറുമൊരു ശിക്ഷാനടപടി മാത്രമായി കാണേണ്ടതില്ലെന്നും, പകരം ജനങ്ങളിൽ അവബോധം വളർത്താനും ഉത്തരവാദിത്തമുള്ള പെരുമാറ്റം ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടറും ശൈത്യകാല ക്യാമ്പിങ് കമ്മിറ്റി തലവനുമായ ഹമദ് സലിം അൽ നുഐമി പറഞ്ഞു. സീസണിലുടനീളം ഫീൽഡ് ടീമുകളുടെ സാന്നിധ്യം ശക്തമാക്കും. നിരീക്ഷണത്തിനും പരിശോധനകൾക്കുമായി അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിക്കും. ഇത് നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്തി പരിഹരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സീസണിനോടനുബന്ധിച്ച് ക്യാമ്പ് ചെയ്യുന്നവരെയും സന്ദർശകർക്കുമായി മന്ത്രാലയം പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ശരിയായ പരിസ്ഥിതി ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, തീരദേശ -ഉൾനാടൻ മേഖലകളും സസ്യജാലങ്ങളും വന്യജീവികളും സംരക്ഷിക്കുക, മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചും ക്യാമ്പിങ് സൈറ്റുകളുടെ ശുചിത്വം നിലനിർത്തുന്നതിനെക്കുറിച്ചും അവബോധം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ബോധവൽക്കരണ പരിപാടികൾ നടത്തുക. സ്വാഭാവിക പരിസ്ഥിതി പുനഃസ്ഥാപിക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും.

കഴിഞ്ഞ സീസണിൽ ആകെ 2,991 ക്യാമ്പുകൾക്കാണ് അനുമതി നൽകിയിരുന്നത്. 1,304 ഉൾനാടൻ ക്യാമ്പുകൾ, 440 തീരദേശ ക്യാമ്പുകൾ, 1,247 റിസർവ് പ്രദേശങ്ങളിലെ ക്യാമ്പുകൾ എന്നിങ്ങനെയാണ് അനുമതി നൽകിയത്. ജനങ്ങളുടെ പങ്കാളിത്തം വർഷം തോറും വർധിച്ചുവരുന്ന സാഹചര്യത്തിൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Winter Camping Season Begins on October 25
Next Story