റോഡ് ടു ഖത്തർ; കൗമാര ലോകകപ്പിന് ഖത്തർ ഒരുങ്ങി
text_fieldsദോഹ: കളിയുടെ കൗമാരോത്സവമായ അണ്ടർ 17 ലോകകപ്പിന് ഒരുങ്ങി ഖത്തർ, പന്തുരുളാൻ ഇനി നാലു നാൾ മാത്രം. അർജന്റീനയടക്കമുള്ള ടീമുകൾ ദോഹയിലെത്തി. ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. നവംബർ മൂന്നു മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പ് അരങ്ങേറുക. പ്രാഥമിക ഘട്ടത്തിൽ ഒരു ദിവസം എട്ടു മത്സരങ്ങളാണ് ആസ്പയർ സോണിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കുന്നത്. ടൂർണമെന്റിനായി ലോക ഫുട്ബാളിലെ അതികായരായ അർജന്റീന, കോസ്റ്റാറിക്ക, ആസ്ട്രിയ ടീമുകൾ ദോഹയിലെത്തി. കൗമാരതാരങ്ങളെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. കാൽപന്തിന്റെ ലോകോത്തര അനുഭവം പ്രദാനം ചെയ്യുന്നതാകും ടൂർണമെന്റെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഫാൻസോണുകൾ, വളന്റിയർമാർ തുടങ്ങി ടൂർണമെന്റിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. ഇന്ത്യക്കാർ അടക്കം എല്ലാ ആരാധകരെയും കുടുംബസമേതം മത്സരം കാണാൻ ക്ഷണിക്കുന്നതായി സംഘാടകർ പറഞ്ഞു.
ലോകകപ്പിനോടനുബന്ധിച്ച് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി കഴിഞ്ഞദിവസം ടിക്കറ്റിങ് ആപ്പ് പുറത്തിറക്കിയിരുന്നു. ടൂർണമെന്റ് കാണാനെത്തുന്ന ഫുട്ബാൾ ആരാധകർക്ക് 'റോഡ് ടു ഖത്തർ' ആപ്പിലൂടെ ഡിജിറ്റൽ ടിക്കറ്റുകൾ ലഭ്യമാകുകയും, തത്സമയ വിവരങ്ങൾ അറിയാനും ടിക്കറ്റ് കൈമാറ്റം ചെയ്യാനും സാധിക്കും. ബുക്ക് ചെയ്തവർക്ക് അവരുടെ ടിക്കറ്റുകൾ കാണാനും ടൂർണമെന്റ് നടക്കുന്ന ആസ്പയർ സോണിലും ഫൈനൽ മത്സരം നടക്കുന്ന ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലും പ്രവേശനം ഉറപ്പാക്കാനും ആപ്പ് ഡൗൺലോഡ് ചെയ്യണം. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇതുവഴി ടിക്കറ്റുകൾ കൈമാറാനും സാധിക്കും.
ഏറെ സവിശേഷതകളോടെയാണ് ഇത്തവണ കൗമാര ലോകകപ്പ് എത്തുന്നത്. ടീമുകളുടെ എണ്ണം 48 ആയി വർധിപ്പിച്ചും, രണ്ടു വർഷത്തിൽ ഒരിക്കൽ എന്ന നിലയിൽ നിന്നും വാർഷിക ടൂർണമെന്റായി മാറിയതുമെല്ലാം പ്രത്യേകതയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ആസ്പയറിലെ സ്റ്റേഡിയത്തിൽ ആദ്യ ഘട്ടത്തിൽ ഒരുദിവസം എട്ടു മത്സരങ്ങളാണ് നടക്കുക. ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

