താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള അനധികൃത വിൽപ്പനക്കെതിരെ കർശന നടപടി
text_fieldsദോഹ: താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അനധികൃതമായി വാണിജ്യ സ്ഥാപനങ്ങൾ നടത്തുകയും വഴിയോരങ്ങളിൽ കച്ചവടം നടത്തുകയും ചെയ്യുന്ന വ്യാപാരികൾക്കെതിരെ മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വാണിജ്യ പ്രവർത്തനങ്ങൾ നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ വാണിജ്യ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടിയിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അംഗീകൃതവും ലൈസൻസുള്ളതുമായ മാർഗങ്ങളിലൂടെ മാത്രമേ ബിസിനസ്സ് നടത്താവൂ.
താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് നിശ്ചിത ഉപാധികളോടെ ബിസിനസ്സ് നടത്താൻ 'ഹോം ബിസിനസ്സ് ലൈസൻസ്' അനുവദിക്കുന്നുണ്ടെങ്കിലും, റെസിഡൻഷൽ കെട്ടിടങ്ങളെ കടകളോ വാണിജ്യ ഔട്ട്ലെറ്റുകളോ ആയി മാറ്റാൻ അനുവാദമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
റോഡുകളിലും തെരുവുകളിലും സാധനങ്ങൾ വിൽക്കുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നതിനാൽ ഇത് ഗുരുതരമായ നിയമലംഘനമാണ്. രാജ്യത്തെ വാണിജ്യ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

