ഫാൽക്കൺ പ്രേമികളുടെ ഉത്സവകാലം
text_fieldsദോഹ: ഖത്തറിലെയും മേഖലയിലെയും ഫാൽക്കൺ പ്രേമികളുടെ ഉത്സവകാലമായ ‘സുഹൈൽ’ ഫാൽക്കൺ മേളക്ക് സെപ്റ്റംബർ 10 മുതൽ 14 വരെ കതാറ കൾചറൽ വില്ലേജ് വേദിയാകും. മേഖലയിലെ തന്നെ ഏറ്റവും ആകർഷകമായ ഫാൽകൺ മേളയായ സുഹൈലിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂർത്തിയായി കഴിഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് എട്ടാമത് മേളക്ക് കതാറ വേദിയൊരുക്കുന്നത്. ഒമ്പതാമത് അന്താരാഷ്ട്ര പക്ഷി-വേട്ട പ്രദർശനത്തിൽ 17 രാജ്യങ്ങളിൽ നിന്നുള്ള 200ലധികം കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കും.
കഴിഞ്ഞ വർഷത്തെ ഫാൽക്കൺ മേളയിൽനിന്ന്
മുന്തിയ ഇനം ഫാൽകൺ പക്ഷികളുടെ വിൽപനയും പ്രദർശനവുമാണ് മേളയുടെ പ്രധാന ആകർഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫാൽക്കൺ പക്ഷി വളർത്തുകാരും പ്രേമികളുമെല്ലാം മേളയുടെ ഭാഗമായെത്തും.
മുൻ വർഷത്തേക്കാൾ 2,000 ചതുരശ്ര മീറ്റർ പ്രദർശന സ്ഥലം വർധിപ്പിച്ചാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്. പ്രാദേശിക -അന്തർദേശീയ സന്ദർശകരിൽ വർധിച്ചുവരുന്ന സ്വീകാര്യതയെ ഇത് കാണിക്കുന്നു.
വേട്ടക്കുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ, ക്യാമ്പിങ് ഉപകരണങ്ങൾ, കാർ, മരുഭൂമി യാത്രകൾക്ക് ഉപയോഗിക്കാവുന്ന പ്രത്യേക വാഹനങ്ങൾ, മറ്റു ഉൽപന്നങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
പ്രദർശനത്തിന് പുറമെ മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, കലാപ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കും.
ലോകത്തിലെ ഏറ്റവും മികച്ചതും അപൂർവവുമായ പരുന്തുകളെ പ്രദർശിപ്പിക്കുന്ന ഇ-ഫാൽക്കൺ ലേലം ഇത്തവണയും പ്രദർശനത്തിന്റെ പ്രധാന ആകർഷണമായിരിക്കും. സുഹൈൽ മൊബൈൽ ആപ്ലിക്കേഷൻ വഴി പങ്കാളിത്തം ഉറപ്പാക്കാം. 2017 മുതലാണ് കതാറ കൾചറൽ വില്ലേജ് നേതൃത്വത്തിൽ എല്ലാ വർഷങ്ങളിലുമായി സുഹൈൽ ഫാൽക്കൺ മേള സംഘടിപ്പിക്കുന്നത്. ഓരോ വർഷവും ദശലക്ഷം റിയാലിന്റെ ലേലവും, പതിനായിരത്തോളം സന്ദർശകരും എത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.