സംഘർഷം രൂക്ഷമായാൽ സമാധാന ശ്രമങ്ങളെ അട്ടിമറിച്ചേക്കും; ഖത്തർ
text_fieldsദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ പുരോഗമിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി. ഇരു രാജ്യങ്ങളും ചർച്ചകളിൽ സഹകരിക്കുന്നുണ്ടെന്നും സമാധാനപരമായ പരിഹാരത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹയിൽ നടന്ന പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യസ്ഥശ്രമങ്ങൾ ഖത്തർ കാര്യക്ഷമമായി നിർവഹിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിർദേശങ്ങൾ തത്സമയം കൈമാറാൻ ഖത്തർ സൗകര്യമൊരുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥശ്രമങ്ങളുടെ പുരോഗതിയെ കുറിച്ച് ഇപ്പോൾ വിശദീകരിക്കാൻ സാധിക്കില്ലെങ്കിലും, ചർച്ചകളിൽ പങ്കാളികളായവർ മുന്നോട്ടുപോകാൻ തയാറാകുന്നിടത്തോളം സമാധാനത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയിലെ സംഘർഷങ്ങൾ വഷളാകരുതെന്ന കാര്യത്തിൽ ജി.സി.സി രാജ്യങ്ങൾക്ക് ഒറ്റക്കെട്ടായ നിലപാടാണുള്ളത്. സംഘർഷം രൂക്ഷമായാൽ നിലവിലെ ചർച്ചകളെ അട്ടിമറിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നയതന്ത്ര ചർച്ചകൾ മാത്രമാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക വഴിയെന്നും എല്ലാ കക്ഷികളും അതിനോട് സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദ്ര സഞ്ചാര സ്വാതന്ത്ര്യം യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കാര്യമാണെന്ന് ഖത്തർ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഖത്തറിന്റെയോ മറ്റ് അയൽരാജ്യങ്ങളുടെയോ കപ്പലുകൾക്ക് നേരെയുള്ള ഏതൊരു ഭീഷണിയെയും അപലപിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

