കുട്ടിപ്പട ആഘോഷമാക്കിയ ഫെസ്റ്റിവലിന് സമാപനം: ടോയ് ഫെസ്റ്റിൽ 1.30 ലക്ഷത്തിലധികം സന്ദർശകർ
text_fieldsദോഹ: ഒരു മാസക്കാലം ഖത്തറിലെ കുട്ടിപ്പട ആഘോഷമാക്കിയ ടോയ് ഫെസ്റ്റിവലിൽ ഇത്തവണ എത്തിയത് 1.30 ലക്ഷത്തിലധികം സന്ദർശകർ. ചുട്ടുപൊള്ളുന്ന വേനൽകാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും കളിയുടെ ഒരു മാസക്കാലം സമ്മാനിച്ച് വിസിറ്റ് ഖത്തർ ഒരുക്കിയ മൂന്നാമത് ടോയ് ഫെസ്റ്റിവൽ ചൊവ്വാഴ്ച കൊടിയിങ്ങി. മുൻ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 12 ശതമാനം വർധനവാണുണ്ടായത്.
വർണാഭമായ സമാപന ചടങ്ങോടെയാണ് ഫെസ്റ്റിവൽ അവസാനിച്ചത്. റിക്യാപ് വിഡിയോ, ഡാൻസ് ഷോ, അദ്‌നാൻ ഫാമിലിയുടെ പരിപാടികൾ തുടങ്ങിയ പരിപാടികൾ സമാപനത്തോടനുബന്ധിച്ച് നടന്നു. വെസ്റ്റ് ബേയിൽ ഡ്രോൺ ഷോയും അതിനുശേഷം നടന്ന കേക്ക് മുറിക്കൽ ചടങ്ങും, ബലൂൺ ഡ്രോപ്പും, സമ്മാനങ്ങളും സന്ദർശകർക്ക് അവിസ്മരണീയമായ ഓർമകൾ സമ്മാനിച്ച പരിപാടികലാണ് നടന്നത്.
17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളിലായി ദിവസവും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പെൺകുട്ടികൾക്ക് ഫാൻസി ഐലാൻഡ്, ആൺകുട്ടികൾക്കും കൗമാരക്കാർക്കും ചാമ്പ്യൻസ് ലാൻഡ്, പ്രീ സ്കൂൾ കുട്ടികൾക്ക് ക്യുട്ടിപൈ ലാൻഡ്, ഇൻഫ്ലറ്റബിൾ ഗെയിമുകൾക്കായി ഹൈപർ ലാൻഡ്, ഷോകൾക്കായ് പ്രാധാന വേദി തുടങ്ങിയ ഇടങ്ങളിലായി നടത്തി.
ഖത്തർ ടോയ് ഫെസ്റ്റിവലിൽ സമ്മർ ക്യാമ്പും, ബാക്ക് ടു സ്കൂൾ പരിപാടികളും, അവിസ്മരണീയമായ പ്രകടനങ്ങളും, കൂടാതെ എല്ലാ മേഖലയിലുമുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ സൃഷ്ടിച്ചതായി വിസിറ്റ് ഖത്തറിലെ ഫെസ്റ്റിവൽസ് ആൻഡ് ഇവന്റ്സ് ഡെലിവറി മാനേജർ ഹമദ് അൽ ഖാജ പറഞ്ഞു.
ഈ വർഷത്തെ ഫെസ്റ്റിവലിൽ പുതിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നാലു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി സമ്മർ ക്യാമ്പ്, ക്രിയേറ്റീവ് വർക്ക്‌ഷോപ്പുകൾ, ഫിറ്റ്‌നസ് സെഷനുകൾ എന്നിവ ആ വർഷം നടത്തിയിരുന്നു. അക്കാദമിക് വർഷത്തേക്ക് തയാറെടുക്കുന്ന കുടുംബങ്ങൾക്കായി അവസാന ദിവസങ്ങളിൽ ബാക്ക്-ടു-സ്കൂൾ പരിപാടികളും, മത്സരങ്ങളും നടത്തി. ജൂലൈ 26 ന് ഖത്തറിന്റെ പർപ്പിൾ സാറ്റർഡേ പരപാടിയും ആഘോഷിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.