ഉർവി; ഭൂമിയുടെ നല്ലനാളിലേക്കൊരു സ്വപ്നസംഘം
text_fieldsദോഹ: ഭൂമിയും ആകാശവും ഭാവിതലമുറക്കായി സംരക്ഷിക്കുക എന്ന ആശയവുമായി ദോഹയിൽ നടന്ന ദ്വിദിന എർത്ന ഉച്ചകോടി ബുധനാഴ്ച സമാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകർ, കാലാവസ്ഥ വിദഗ്ധർ, ചിന്തകർ, ഗവേഷകർ എന്നിവർ ഒന്നിച്ച എർത്ന ഉച്ചകോടി ലോകത്തിന് മുമ്പാകെ ഒരുപിടി പരിഹാരങ്ങൾ നിർദേശിച്ച് കൊടിയിറങ്ങുമ്പോൾ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി ഇന്ത്യയുമുണ്ടായിരുന്നു.
പരിസ്ഥിതി സൗഹൃദ ബദൽ നിർമാണ മേഖലയിലെ കേരളമാതൃകയായി തിരുവനന്തപുരം ആസ്ഥാനമായ ഉർവി ഫൗണ്ടേഷൻ, രാജസ്ഥാനിൽ മരുഭൂമിയോട് ചേർന്ന് ആയിരം ഗ്രാമങ്ങൾക്ക് കുടിവെള്ളം സമ്മാനിച്ച ഡോ. രാജേന്ദ്ര സിങ്ങിന്റെ തരുൺ ഭരത് സംഘ്, ജലക്ഷാമത്തിന് പരിഹാരവുമായി പ്രവർത്തിക്കുന്ന പ്രോജക്ട് ഇന്ത്യ വൺ ഡ്രോപ് ഫൗണ്ടേഷൻ എന്നിവർ എർത്ന വേദിയിലെ ഇന്ത്യൻ തിളക്കമായിരുന്നു.
ഉർവി ഫൗണ്ടേഷൻ സ്ഥാപകൻ ഹസൻ നസീഫ് എർത്ന ഉച്ചകോടിയുടെ വേദിയിൽ
10 ലക്ഷം ഡോളറിന്റെ പ്രഥമ എർത്ന പുരസ്കാരം കാമറൂൺ, കെനിയ, കൊളംബിയ രാജ്യങ്ങളിലേക്ക് പോയെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 400ഓളം പ്രോജക്ടുകളുമായി മത്സരിച്ചാണ് ഉർവി ഉൾപ്പെടെ അവസാന 12 പേരിൽ ഇടംനേടിയത്. ഉച്ചകോടി വേദിയിൽ ഇവർ പ്രത്യേക ക്ഷണിതാക്കളായി എത്തി, തങ്ങളുടെ ആശയങ്ങളും പദ്ധതികളും ലോകത്തിന് മുമ്പാകെ അവതരിപ്പിച്ചു.
പുരസ്കാര നേട്ടത്തോളംതന്നെയൊരു അംഗീകാരമായിരുന്നു അന്തിമ പട്ടികയിൽ ലഭിച്ച സ്ഥാനവും. എർത്ന ഉച്ചകോടിയുടെ അനുഭവങ്ങളെയും കേരളത്തിലെ പാരിസ്ഥിതിക സൗഹൃദ നിർമാണങ്ങളെയും കുറിച്ച് ഉർവി ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ ആർകിടെക്ട് ഹസൻ നസീഫ് ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുന്നു.
പ്രചോദനം പകരുന്ന ‘എർത്ന’
ഖത്തർ ഫൗണ്ടേഷൻ സംരംഭമായ എർത്ന ഉച്ചകോടി വലിയൊരു ആവേശമാണ് സമ്മാനിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പരിസ്ഥിതി സംരക്ഷണ, സുസ്ഥിര പദ്ധതികൾ സംബന്ധിച്ച 400ഓളം പ്രോജക്ടുകളെ ഇഴകീറി വിശകലനം ചെയ്തശേഷം തയാറാക്കിയ അവസാന 12 പദ്ധതികളിൽ ഒന്നായി ഉർവി ഫൗണ്ടേഷനും ഇടം നേടിയെന്നത് അഭിമാനവും മുന്നോട്ടുള്ള യാത്രക്ക് പ്രചോദനം നൽകുന്നതുമായിരുന്നു. ഇതിനു പുറമെ, ഫൈനൽ റൗണ്ടിൽ ഒപ്പമുണ്ടായിരുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സുസ്ഥിര പദ്ധതികളുടെ അണിയറ ശിൽപികളെ പരിചയപ്പെടാനും, പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും കഴിഞ്ഞത് നേട്ടമായി കരുതുന്നു.
എർത്ന ഉച്ചകോടിയിൽ പങ്കെടുക്കാനായി ദോഹയിലെത്തിയ ഉർവി ഫൗണ്ടേഷൻ സ്ഥാപകൻ ഹസൻ നസീഫും സഹപ്രവർത്തകരും
ഭാവിക്കായൊരു സംവാദവേദി
ലോകനിലവാരത്തിനുള്ള പരിസ്ഥിതി ഉച്ചകോടിയായിരുന്നു എർത്ന. വിവിധ രാജ്യങ്ങളിലെ പാരിസ്ഥിതിക, കാലാവസ്ഥാ പ്രശ്നങ്ങൾക്ക് പ്രായോഗികതലത്തിൽ പരിഹാരം നിർദേശിച്ച് നടപ്പാക്കുന്ന ഒരുപിടി വിദഗ്ധരെ എർത്ന സമ്മിറ്റിലൂടെ കേൾക്കാനും പരിചയപ്പെടാനും കഴിഞ്ഞു. പാകിസ്താനിൽ നിന്നുള്ള ലോകപ്രശസ്ത ആർകിടെക്റ്റ് ഡോ. കാമിൽ ഖാൻ മുംതാസ്, ഇന്ത്യയുടെ വാട്ടർമാൻ എന്നറിയപ്പെടുന്ന മാഗ്സസേ പുരസ്കാര ജേതാവ് ഡോ. രാജേന്ദ്ര സിങ് തുടങ്ങി ലോകപ്രശസ്തരുമായി നേരിട്ട് ഇടപെടാനും കഴിഞ്ഞു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള സുസ്ഥിര പ്രോജക്ടുകളും പാരിസ്ഥിതിക വിഷയങ്ങളിൽ അവർ നൽകുന്ന പരിഹാരങ്ങളും ഫലപ്രാപ്തിയുമെല്ലാം നേരിട്ടറിയാനും ഉച്ചകോടി വഴിയൊരുക്കി. ഫൈനൽ റൗണ്ടിലെ പ്രോജക്ടുകളുടെ സ്ഥാപകർതന്നെ ഖത്തറിൽ എത്തിയിരുന്നു.
പരസ്പര ആത്മബന്ധം സ്ഥാപിക്കാനും, എല്ലാ രാജ്യങ്ങളിലെയും പ്രോജക്ടുകൾ നേരിട്ട് കാണാനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെത്തി ഉർവിയുടെ പ്രവർത്തനങ്ങൾ അറിയാനും, പാരിസ്ഥിതിക വിഷയങ്ങൾ അറിയാനും ഓരോരുത്തരും ആഗ്രഹം പ്രകടിപ്പിച്ചു. നമ്മൾ ചെയ്യുന്നത് ഭൂമിയുടെയും അടുത്ത തലമുറയുടെയും ആവശ്യമാണ് എന്ന യാഥാർഥ്യബോധത്തിൽനിന്നാണ് ഇവിടെ ഓരോ പ്രഭാഷണവുമുണ്ടായതെന്നത് ശ്രദ്ധേയമാണ്.
ഉർവി ഫൗണ്ടേഷൻ
കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എൻ.ജി.ഒ ആണ് ഉർവി ഫൗണ്ടേഷൻ. ആർകിടെക്ടുകളും എൻജിനീയർ, സാമൂഹിക-പരിസ്ഥിതി പ്രവർത്തകർ എന്നിവർ ചേർന്ന് 2012 മുതൽ പ്രവർത്തനം നടന്നുവരുന്ന ഉർവി 2017ലാണ് രജിസ്റ്റർ ചെയ്തത്. ആർകിടെക്ട് ഹസൻ നസീഫ്, ഹന്ന ഫാത്തിമ, ഷെമീന, മുഹമ്മദ് യാസിർ, ഫൈസൽ അബ്ദുൽ അസീസ് എന്നിവരാണ് അണിയറയിലെ പ്രധാനികൾ.
2018ൽ പ്രളയാനന്തരം വയനാട്ടിലെ പൊഴുതനയിൽ രണ്ടാഴ്ചകൊണ്ട് നിർമിച്ച പോസ്റ്റ് ഫ്ലഡ് റാപിഡ് ഷെൽട്ടറിനെ തേടി ഹഡ്കോയുടെ ദേശീയ പുരസ്കാരമെത്തിയിരുന്നു. തിരുവനന്തപുരം ആസ്ഥാനമായ ഗവേഷണ കേന്ദ്രത്തിലൂടെ ആർകിടെക്റ്റുമാർക്കും എൻജിനീയർമാർക്കും പരിസ്ഥിതി സൗഹൃദ നിർമാണ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്നു. ഇതിനകം 2000ത്തിലേറെ പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.
മാതൃകയാവുന്ന സ്റ്റോൺ ഫ്രീ മൂവ്മെന്റ്
ലോകത്തെ ഏറ്റവും അനുഗൃഹീതമായ ഭൂപ്രദേശമായ പശ്ചിമഘട്ടത്തോട് ചേർന്ന് ജീവിക്കുന്നവരാണ് കേരളീയർ. ഈ മണ്ണിൽ പ്രകൃതിയോടിണങ്ങി എങ്ങനെ ജീവിക്കണമെന്ന് നമ്മുടെ പൂർവികർക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ, കുടിയേറ്റവും വിദേശ ആശയങ്ങളുടെ കടന്നുകയറ്റവും പഴമയുടെ ആശയങ്ങളെ വിഴുങ്ങി.
നമ്മുടെ ഭൂപ്രകൃതിക്ക് അനുസൃതമായ ജീവിതം തലമുറകൾ മറന്നത് പ്രകൃതിക്കും തിരിച്ചടിയായി. എങ്ങനെയാണ് നമ്മുടെ പ്രകൃതിയോടിണങ്ങുന്ന ജീവിതം നയിക്കേണ്ടത് എന്ന അറിവ് പകരുകയും, അങ്ങനെ സ്വപ്നം കാണുന്ന തലമുറയെ സൃഷ്ടിക്കുകയുമാണ് ഉർവിയുടെ ലക്ഷ്യം. അതിൽ ആർകിടെക്ചറൽ പരിഹാരം മാത്രമല്ല, നമ്മുടെ സമൂഹത്തിന് ജീവിക്കാൻ വേണ്ട പരിഹാരവും ഞങ്ങൾ സ്വപ്നംകാണുന്നു. പശ്ചിമ ഘട്ടത്തെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ആവശ്യം.എർത്ന ഉച്ചകോടിയുടെ ഭാഗമായ വില്ലേജിൽ
ഉർവി ഫൗണ്ടേഷൻ പ്രോജക്ടുകൾ പരിചയപ്പെടുത്തികൊണ്ടുള്ള പ്രദർശനം
എർത്ന ഉച്ചകോടിയുടെ ഭാഗമായ വില്ലേജിൽ ഉർവി ഫൗണ്ടേഷൻ പ്രോജക്ടുകൾ പരിചയപ്പെടുത്തികൊണ്ടുള്ള പ്രദർശനം
മണ്ണ് അടിസ്ഥാനമാക്കിയുള്ള നിർമാണം മികച്ച പരിഹാരമായി മുന്നോട്ട് വെക്കുന്നു. കരിങ്കല്ലിന്റെയും പാറകളുടെയും അമിത ഉപയോഗം ഒഴിവാക്കി മണ്ണിനെ അടിസ്ഥാനമാക്കി നിർമാണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് ‘സ്റ്റോൺ ഫ്രീ’ മൂവ്മെന്റ്. ഇന്ന് നിർമാണത്തിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന സിമന്റിൽ അധിഷ്ഠിത നിർമാണത്തിനും പഴമയെതന്നെയാണ് ഞങ്ങൾ ബദലായി നിർദേശിക്കുന്നത്.
മണ്ണും ചുണ്ണാമ്പും ഏറ്റവും മികച്ച ബദൽ മാർഗമാണ്. സിമന്റ് നിർമാണങ്ങൾക്ക് പരമാവധി 50 വർഷമാണ് ആയുസ്സ്. അപ്പോഴേക്കും സിമന്റിന് ബലക്ഷയം ഉണ്ടാവുന്നുവെന്നത് ശാസ്ത്രീയ സത്യമാണ്. എന്നാൽ, മണ്ണിലും ചുണ്ണാമ്പിലുമുള്ള നമ്മുടെ പഴയ നിർമാണങ്ങൾ കാലം കഴിയുന്നതിനുസരിച്ച് കൂടുതൽ ബലപ്പെടുന്നുവെന്നത് ബദൽ മാർഗങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നു. ഗ്രാമങ്ങൾ കൂടുതൽ സ്വയം പര്യാപ്താമാവുകയെന്നതും ഞങ്ങൾ മുന്നോട്ടുവെക്കുന്ന ഒരു മാതൃകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.