വാഹന ചാർജിങ് പോയന്റുകൾ അരികിലേക്ക്
text_fieldsദോഹ: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായി ഖത്തറിൽ 300 ലധികം ഫാസ്റ്റ് ഇലക്ട്രിക് വെഹിക്കിൾ ചാർജറുകൾ (ഇവി) സ്ഥാപിച്ചു. കാർബൺ ബഹിർഗമനം കുറക്കാനുള്ള പദ്ധതിയുടെ ഭാഗമായും ക്ലീൻ എനർജി ലക്ഷ്യത്തോടെയും ഖത്തർ നാഷനൽ വിഷൻ 2030നും അനുസൃതമായാണ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സൗകര്യങ്ങളുടെ വിപുലീകരണം നടപ്പാക്കിയത്.
ഇതോടനുബന്ധിച്ച് അൽ തുമാമ പാർക്കിൽ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ വിഭാഗമായ കഹ്റമാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇലക്ട്രിക് വാഹന ഉടമകൾ പങ്കെടുത്ത പരിപാടിയിൽ, അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാനും ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും വേദിയൊരുക്കി.
ഖത്തറിൽ നിലവിൽ 300 ലധികം ഫാസ്റ്റ് ഇവി ചാർജറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്ത കഹ്റമ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസി വിഭാഗം ഡയറക്ടർ എൻജിനീയർ റാഷിദ് ഹുസൈൻ അൽ റഹീമി പറഞ്ഞു. വർധിച്ചുവരുന്ന ഇലക്ട്രിക് വെഹിക്കിൾ ഉപയോക്താക്കളെ ആവശ്യങ്ങൾക്കായാണ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചത്. പരിപാടിയിൽ, വാഹനങ്ങളിൽ ചാർജ് ചെയ്യുന്നത് ട്രാക്ക് ചെയ്യാനും, വിവിധ അറിയിപ്പുകൾ ആക്സസ് ചെയ്യാനും സഹായിക്കുന്ന കഹ്റമയുടെ ഇവി ചാർജിങ് മൊബൈൽ ആപ്ലിക്കേഷൻ അദ്ദേഹം വിശദീകരിച്ചു. ഭാവിയിൽ കൂടുതൽ റെസിഡൻഷൽ ഏരിയകൾ, മാളുകൾ, പൊതു പാർക്കിങ് സോണുകൾ എന്നിവിടങ്ങളിൽ ചാർജിങ് പോയന്റുകൾ സ്ഥാപിക്കാൻ കഹ്റമാ പദ്ധതിയിടുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.