32 വര്‍ഷങ്ങള്‍ കഴിഞ്ഞു; അബ്ദു റഷീദിന് ഇനിയെങ്കിലും നാട്ടിലെത്തണം, ഉമ്മയെ കാണണം
text_fieldsറിയാദ്: കാഴ്ചകള്‍ പലത് കയറിയിറങ്ങിയതുകൊണ്ടാവാം, ആ കണ്ണുകള്‍ വരണ്ടു പോയിരിക്കുന്നു. ഇടക്കിടെ ചുണ്ടില്‍ വിരിയുന്ന നിറം മങ്ങിയ ചിരിയില്‍ പോലും അയാളുടെ നിസംഗത തെളിയുന്നുണ്ടായിരുന്നു. മരുഭൂമിയുടെ തണുപ്പും ചൂടും കാറ്റുമേറ്റ് പദം വന്ന കരളുറപ്പില്‍ അയാള്‍ റിയാദില്‍ ജീവിക്കുന്നു. ഒന്നും രണ്ടുമല്ല, 32 വേനലും വര്‍ഷവുമാണ് ഈ മനുഷ്യന്‍െറ ശരീരത്തെ തട്ടി തലോടി കടന്നുപോയത്. നാടും വീടും വിട്ട് ഇവിടെയത്തെി ഒരുപാട് പൊള്ളലുകളേറ്റ ഈ സാധുവിന്‍െറ പ്രവാസം ബത്ഹയുടെ തിരക്കില്‍ ഇപ്പോഴും മുങ്ങിത്താഴുന്നുണ്ട്, ഒരു രേഖയുമില്ലാതെ! ഇഖാമ (താമസ രേഖ) തീര്‍ന്നിട്ട് തന്നെ 20 വര്‍ഷമായി. കാലാവധി കഴിഞ്ഞെങ്കിലും പഴകി പിന്നിയ പഴ്സില്‍ പ്ളാസ്റ്റിക് കവറിനുള്ളില്‍ നിധി പോലെ ആ ഇഖാമ അയാള്‍ സൂക്ഷിക്കുന്നുണ്ട്. പ്രവാസത്തിന്‍െറ ഏക തെളിവായി. എല്ലാം കൈവിട്ടുപോയ തന്‍െറ ജീവിതം ഒടുങ്ങുന്നതിന് മുമ്പ് നാട്ടില്‍ തിരിച്ചെത്തി ഉമ്മയെ ഒന്നു കാണണമെന്ന ഒരേയൊരാഗ്രഹം മാത്രമാണ് ഇപ്പോള്‍ ആ മനസ്സിലുള്ളത്. അതിനായുള്ള കാത്തിരിപ്പിലാണ് കൊല്ലം അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശിയായ അബ്ദുറഷീദ്.
മണ്‍ കെട്ടിടങ്ങളില്‍ നിന്ന് ഇന്നത്തെ റിയാദ് നഗരത്തിലേക്കുള്ള വേഷപ്പകര്‍ച്ചകള്‍ കടന്നുപോയത് ഈ മനുഷ്യന്‍െറ കൂടി കണ്ണുകളിലൂടെയാണ്. ബത്ഹയിലെ താജ് സെന്‍ററിന്‍െറ 11ാം നിലയിലെ മീഡിയ വണ്‍ ഓഫിസിലിരുന്നാണ്് ഇടമുറിയാതെ പെയ്ത 32 വര്‍ഷത്തെ പ്രവാസത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. പള്ളിത്തെക്കതില്‍ പരേതനായ മുഹമ്മദ് മുസ്തഫ-അസ്മ ബീവി ദമ്പതികളുടെ മൂത്ത മകനായ റഷീദ് കടലോളം സ്വപ്നങ്ങളുമായി മുംബൈയില്‍ നിന്ന് വിമാനം കയറുന്നത് 1983 സെപ്റ്റംബര്‍ 13നാണ്. 23ാം വയസ്സില്‍ സൗദിയുടെ വീട്ടില്‍ വാച്ച്മാനായിട്ടായിരുന്നു ജോലി. മാസം 700 റിയാല്‍ ശമ്പളം. ബാപ്പ മരിച്ചതിന് ശേഷം കുടുംബത്തിന്‍െറ ഭാരം ചുമലിലായതുകൊണ്ട് രണ്ട് സഹോദരങ്ങളെ വിസയെടുത്ത് സൗദിയിലേക്ക് കൊണ്ടുവന്നു. ആ തിരക്കില്‍ ആറര വര്‍ഷം കഴിഞ്ഞത് അറിഞ്ഞില്ല. പിന്നീട് സ്പോണ്‍സര്‍ മാറി. നാട്ടില്‍ പോകണമെന്ന് കരുതിയപ്പോഴൊക്കെ പിന്നീടാവാമെന്ന് മനസ്സിനെ പാകപ്പെടുത്തി. അധ്യാപകനായിരുന്ന പുതിയ സ്പോണ്‍സര്‍ സ്വന്തമായി ജോലി ചെയ്യാന്‍ അനുമതി നല്‍കി. ആ ബലത്തില്‍ സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി ബഖാല തുടങ്ങി.
തലവര മറ്റൊന്നായിരുന്നു. നഷ്ടം വന്നതോടെ അത് നിര്‍ത്തി സുഗന്ധ ദ്രവ്യങ്ങളുടെ കട തുടങ്ങി. വീണ്ടും നഷ്ടമായിരുന്നു മിച്ചം. സ്വന്തമായി വാഹനമുണ്ടായിരുന്നതും അപകടത്തില്‍പെട്ട് വന്‍ നഷ്ടം വന്നു. കടം പെരുകി ഒരു ലക്ഷം റിയാലോളമായി. നാട്ടില്‍ പോയിട്ട് 12 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വാങ്ങിയ കടം വീട്ടാന്‍ വേണ്ടി ഇവിടെ നില്‍ക്കേണ്ടി വന്നു. അതിനിടെ ഇഖാമയുടെ കാലാവധി തീര്‍ന്നു. പുതുക്കാന്‍ വേണ്ടി സ്പോണ്‍സറുടെ വീട്ടിലത്തെിയപ്പോഴാണ് അദ്ദേഹം താമസം മാറിയതായി അറിയുന്നത്. ഫോണില്ലാത്തതിനാല്‍ എവിടെയാണെന്ന് കണ്ടത്തൊനായില്ല. കുറെ നാളുകള്‍ അന്വേഷിച്ചെങ്കിലും ഒരു പിടിയും കിട്ടിയില്ല. പിന്നീട് ഇഖാമയില്ലാതെയായിരുന്നു ഇക്കാലമത്രയും ജീവിച്ചത്. ഈ കാലയളവിനുള്ളില്‍ മൂന്നു തവണ മാത്രമാണ് പൊലീസ് പിടിയിലായത്. ദയ തോന്നിയതുകൊണ്ടാവാം മൂന്നു തവണയും അവര്‍ വിട്ടയച്ചു. കടം വീട്ടാന്‍ കിട്ടിയ ജോലികളെല്ലാം ചെയ്തു. ഇലക്ട്രീഷ്യനായി, പ്ളമ്പറായി, ഡിഷ് ഫിറ്റ് ചെയ്യാന്‍ പഠിച്ചു. സൗദി വീടുകള്‍ കഴുകാന്‍ പോയി. ഒരുവിധം കടങ്ങളെല്ലാം വീടിയപ്പോഴേക്ക് 32 പെരുന്നാളുകളാണ് കഴിഞ്ഞു പോയത്. താന്‍ കൊണ്ടുവന്ന സഹോദരങ്ങളില്‍ രണ്ടു പേരും പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി. ഇളയ സഹോദരന്‍ നാട്ടിലേക്ക് മടങ്ങിയിട്ട് തന്നെ 12 വര്‍ഷമായി. ഓരോ തവണയും വീട്ടുകാര്‍ വിളിക്കുമ്പോള്‍ കടം വീടിയിട്ട് പോകാമെന്ന് കരുതി. ഒടുവില്‍ അവര്‍ വിളിക്കാതെയായി. വാര്‍ധക്യത്തിന്‍െറ പിടിയിലാണെങ്കിലും ഉമ്മ മാത്രം കണ്ണീരോടെ തനിക്ക് വേണ്ടി കാത്തിരിക്കുന്നു.
നിതാഖാത് വന്നപ്പോള്‍ നാട്ടില്‍ പോകാമെന്ന് കരുതി എംബസിയില്‍ പോയി. എന്നാല്‍ പാസ്പോര്‍ട്ട് കോപ്പി ഇല്ലാത്തതിനാല്‍ അതും നടന്നില്ല. ബത്ഹിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ തീ പിടിത്തത്തില്‍ കരിഞ്ഞു പോയത് റഷീദിന്‍െറ ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരുന്ന പാസ്പോര്‍ട്ട് കോപ്പിയുമാണ്. എല്ലാ പ്രതീക്ഷകളും അസ്തമിച്ചിടത്തു നിന്നാണ് നോര്‍ക കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാടിനെ കാണുന്നത്. എംബസി ഉദ്യോഗസ്ഥന്‍ മനോജ് കുമാറിന്‍െറ സഹായത്തോടെ നാട്ടില്‍ നിന്ന് പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് വരുത്തി എമര്‍ജന്‍സി പാസ്പോര്‍ട്ട് എടുത്തു. അതുമായി നാടുകടത്തല്‍ കേന്ദ്രത്തിലത്തെിയെങ്കിലും സ്പോണ്‍സറുടെ രേഖകളൊന്നുമില്ലാത്തതിനാല്‍ എക്സിറ്റ് അടിക്കാനായിട്ടില്ല. അധികൃതരുടെ സഹായത്തോടെ വൈകാതെ രേഖകള്‍ ശരിയാകുമെന്ന പ്രതീക്ഷയിലാണ് റഷീദ്. നാട്ടിലേക്ക് മടങ്ങുന്നത് വെറും കൈയോടെയാണ്. ഇനിയുള്ള കാലം ഉമ്മയോടൊപ്പം ജീവിക്കണം. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ആദ്യം വേണ്ടതൊരു ജോലിയാണ്. സുമനസ്സുകളിലാരെങ്കിലും കനിഞ്ഞ് അത് നല്‍കുമെന്നാണ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.