സൗദിയിലെ ജീസാനില്‍ ഷെല്‍ ആക്രമണം: മലയാളിയടക്കം മൂന്നു മരണം
text_fieldsജീസാന്‍: തെക്കന്‍ സൗദിയിലെ ജീസാനടുത്ത യമന്‍ അതിര്‍ത്തിപ്രദേശമായ മുവസ്സമില്‍ വ്യാഴാഴ്ചയുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി മത്സ്യത്തൊഴിലാളിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ഇഞ്ചവള ചിറ്റയം മുണ്ടക്കല്‍ സ്വദേശി തെക്കേ കരുവള മത്തായി - കൊച്ചുമറിയ ദമ്പതികളുടെ മകന്‍ ജറീസ് മത്തായി (45) ആണ് മരിച്ചത്. മരിച്ച മറ്റു രണ്ടു പേര്‍ പിഞ്ചുകുട്ടികളാണ്. ജീസാനടുത്ത സാംതയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ മുവസ്സം എന്ന കടലോരപ്രദേശത്ത് വ്യാഴാഴ്ച ഉച്ചക്ക് 12നാണ് അതിര്‍ത്തിക്കപ്പുറത്തു നിന്നു ഹൂതികളുടെ ഷെല്ലാക്രമണം ഉണ്ടായത്. പ്രദേശത്തെ പൊലീസ് ഒൗട്ട്പോസ്റ്റിനു സമീപം ഷെല്‍ വീണ ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ജറീസ്.
12 വര്‍ഷത്തിലേറെയായി സൗദിയിലുള്ള ജറീസ് ബന്ധുക്കളുടെ കൂടെ പ്രദേശത്ത് മത്സ്യബന്ധന തൊഴില്‍ ചെയ്തു വരികയായിരുന്നു. നാലു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ: ഷീബ. മക്കള്‍: ജോഷി, ടിന്‍റു. അമ്മാവന്‍ ജോയ്, ഭാര്യ സഹോദരന്‍ ഷിറില്‍, ബന്ധു ബന്‍സിഗര്‍ എന്നിവര്‍ സ്ഥലത്തുണ്ട്. മൃതദേഹം മുവസ്സം ആശുപത്രിയില്‍. നിയമനടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. മുമ്പ് സാംതയില്‍ ഉണ്ടായ ഷെല്ലാക്രമണങ്ങളില്‍ രണ്ടു മലയാളികള്‍ മരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.