ഇന്റർനെറ്റ് ഉപഭോക്താക്കളിൽ 21.5 ശതമാനം എ.ഐ ഉപയോഗിക്കുന്നു
text_fieldsജിദ്ദ: സൗദിയിലെ ഇൻറർനെറ്റ് ഉപഭോക്താക്കളിൽ 21.5 ശതമാനവും വിവിധ ആവശ്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായി കമ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്നോളജി കമീഷൻ പുറത്തിറക്കിയ ‘സൗദി ഇന്റർനെറ്റ് 2024’ റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യയുടെ 27.3 ശതമാനമായ 20-29 പ്രായമുള്ള യുവജനങ്ങളാണ് എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ഏറ്റവും മുൻപന്തിയിലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പ്രഫഷനൽ, വിദ്യാഭ്യാസ, വിനോദ മേഖലകളിലെ എല്ലാ തലങ്ങളിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ ആധുനിക സാങ്കേതികവിദ്യകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഈ പ്രായ വിഭാഗത്തിന്റെ അവബോധത്തെ ഇത് പ്രതിഫലിപ്പിക്കുന്നതായാണ് റിപ്പോർട്ട്. 10 മുതൽ 19 വരെ പ്രായ വിഭാഗത്തിൽ 26.4 ശതമാനം എ.ഐ ഉപയോഗ നിരക്ക് രേഖപ്പെടുത്തി. ഇത് വിദ്യാഭ്യാസപരവും സൃഷ്ടിപരമായ മേഖലകളിൽ യുവതലമുറയിൽ എ.ഐ ഉപകരണങ്ങൾ സ്വീകരിക്കുന്നതിലേക്കുള്ള ആദ്യകാല പ്രവണതയെ സൂചിപ്പിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ഉപയോഗ നിരക്കുകളിൽ ക്രമേണ കുറവുണ്ടാകുന്നതായാണ് റിപ്പോർട്ട്.
60 വയസിന് മുകളിലുള്ളവരിൽ എ.ഐ ഉപയോഗ നിരക്ക് 6.2 ശതമാനം മാത്രമാണ്. പ്രാദേശിക തലത്തിൽ പരിശോധിച്ചാൽ രാജ്യത്ത് ഏറ്റവും ഉയർന്ന എ.ഐ ഉപയോഗനിരക്ക് 30 ശതമാനം തബൂക്കിൽ രേഖപ്പെടുത്തി. തൊട്ടുപിന്നിൽ 27.7 ശതമാനവുമായി റിയാദ് പ്രവിശ്യയും 26.4 ശതമാനവുമായി കിഴക്കൻ പ്രവിശ്യയും 25.7 ശതമാനവുമായി ഖസീം പ്രവിശ്യയുമാണ്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ സന്നദ്ധതയും രാജ്യത്തുടനീളമുള്ള നൂതന സാങ്കേതിക സേവനങ്ങളുടെ വ്യാപനവുമാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.
സ്മാർട്ട് ട്രാൻസ്ലേഷൻ, വെർച്വൽ അസിസ്റ്റന്റുകൾ, കണ്ടന്റ് ജനറേഷൻ, ഡാറ്റ വിശകലനം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ആപ്ലിക്കേഷനുകളുടെ ലഭ്യത എ.ഐ ഉപകരണങ്ങളുടെ വ്യാപകമായ ഉപയോഗത്തെ പിന്തുണക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇത് നവീകരണത്തിനും ഡിജിറ്റൽ പരിവർത്തനത്തിനും അനുകൂലമായ ഒരു അന്തരീക്ഷമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
‘സൗദി ഇൻറർനെറ്റ് 2024’ റിപ്പോർട്ട് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്റർനെറ്റ് സൂചകങ്ങൾക്കുള്ള ഒരു റഫറൻസാണ്. കമ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്നോളജി കമീഷൻ ഇത് വർഷം തോറും പുറപ്പെടുവിക്കുകയും ഉപയോക്തൃ പെരുമാറ്റവും സാങ്കേതിക പ്രവണതകളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.