റിയാദിൽ 50,000 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി
text_fieldsസൗദി പുരാവസ്തു കമ്മീഷൻ കണ്ടെത്തിയ അൽഖുറൈന പട്ടണത്തിലെ പുരാവസ്തു പ്രദേശം
റിയാദ്: റിയാദിന്റെ വടക്ക് പടിഞ്ഞാറുള്ള അൽഖുറൈന പട്ടണത്തിലെ പുരാവസ്തു പ്രദേശത്ത് 50,000 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. പുരാവസ്തു കമ്മീഷൻ നടത്തിയ സർവേ, ഖനന പ്രവർത്തനങ്ങൾക്കിടയിലാണ് ഇത്രയും പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തിയത്.
നിരവധി മൺപാത്ര കഷ്ണങ്ങളും ശിലാ ഉപകരണങ്ങളും കണ്ടെത്തിയതിലുൾപ്പെടും. അവയിൽ ചിലത് മധ്യശിലായുഗം മുതലുള്ളതാണ്. ബി.സി മൂന്നാം, രണ്ടാം സഹസ്രാബ്ദങ്ങളിലെ ശവകുടീരങ്ങളോട് സാമ്യമുള്ള വൃത്താകൃതിയിലുള്ള ഘടനകളും കണ്ടെത്തിയതിലുൾപ്പെടും. സർവേ, ഉത്ഖനന പ്രവർത്തനങ്ങളിൽ അൽഖുറൈന സ്ഥലത്തെ താഴ്‌വരയിൽ നിന്ന് പീഠഭൂമിയുടെ മുകളിലേക്ക് റിയാദ് നഗരം വരെ നീളുന്ന ഒരു പുരാവസ്തു പാതയും കണ്ടെത്തുകയുണ്ടായി.
റിയാദിന്റെ പരിസര പ്രദേശങ്ങളുടെയും പുരാവസ്തു ഭൂപടം പുനർനിർമ്മിക്കുന്നതിനായി പുരാവസ്തു കമ്മീഷൻ ആരംഭിച്ച ‘അൽ യമാമ’ സംരംഭത്തിന്റെ ഫലങ്ങളിലൊന്നാണ് ഈ കണ്ടെത്തൽ. മുമ്പ് പര്യവേക്ഷണം ചെയ്യപ്പെടാത്ത സ്ഥലങ്ങൾ രേഖപ്പെടുത്തുന്നതിനും വ്യത്യസ്ത കാലഘട്ടങ്ങളിലെ മനുഷ്യവാസ കേന്ദ്രങ്ങളുടെ രീതികൾ വിശകലനം ചെയ്യുന്നതിനും നൂതന ഗവേഷണ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൃത്യമായ സർവേകൾ നടത്തുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.
പുരാവസ്തു സ്ഥലങ്ങൾ സർവേ ചെയ്യുന്നതിനും ഖനനം ചെയ്യുന്നതിനും അവയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാന സാംസ്കാരിക, സാമ്പത്തിക വിഭവമായി ഉപയോഗിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. സൗദി വിദഗ്ധരുടെ ഒരു സംഘത്തിൻറെ പങ്കാളിത്തത്തോടെയാണ് സ്ഥലത്ത് ഗവേഷണ, ഖനന പ്രക്രിയ നടത്തിയത്. അൽഖുറൈന സ്ഥലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
സൗദിയിലെ പുരാവസ്തു സർവേ, ഖനനം ദേശീയ പൈതൃക ആസ്തികൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് അൽഖുറൈന സ്ഥലത്തെ പുരാവസ്തു കണ്ടെത്തലെന്ന് പുരാവസ്തു കമ്മീഷൻ സൂചിപ്പിച്ചു. സൗദിയുടെ സാംസ്കാരിക പൈതൃകം യുഗങ്ങളായി അതിന്റെ ഭൂമിയിൽ സ്ഥിരതാമസമാക്കിയ തുടർച്ചയായ നാഗരികതകളുടെ ഒരു വിപുലീകരണമാണെന്നും ഇത് രാജ്യത്തിന്റെ പൈതൃകം, സാംസ്കാരിക, ചരിത്ര വിഭവങ്ങൾ എന്നിവയിലെ സമ്പന്നതയെ പ്രതിഫലിപ്പിക്കുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.