വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരികടത്ത്; റിയാദ് എയർപോർട്ടിൽ 69,000 കാപ്റ്റഗൺ ഗുളികകൾ പിടികൂടി
text_fieldsറിയാദ് എയർപോർട്ടിൽ വസ്ത്രത്തിലൊളിപ്പിച്ച നിലയിൽ 69,000 കാപ്റ്റഗൺ ഗുളികകൾ പിടികൂടിയപ്പോൾ
റിയാദ്: വസ്ത്രങ്ങളിൽ ഒളിപ്പിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 69,000 നിരോധിത കാപ്റ്റഗൺ ഗുളികകളാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട് വ്യത്യസ്ത ശ്രമങ്ങളാണ് പരാജയപ്പെടുത്തിയതെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.വ്യത്യസ്ത വിമാനങ്ങളിലെത്തിയ രണ്ട് യാത്രക്കാരുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആംഫെറ്റാമൈൻ അധിഷ്ഠിത നിരോധിത ഗുളികകൾ. ഒരാളുടെ കൈവശം 34,588 ഗുളികകളാണുണ്ടായിരുന്നത്.
രണ്ടാമത്തെയാളുടെ കൈയിൽ 34,457 ഗുളികകളും. രണ്ട് സംഭവത്തിലും വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലായിരുന്നു. രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും റോഡുകളിലെ ചെക്കുപോസ്റ്റുകളിലും കസ്റ്റംസ് നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്കാണ് അതോറിറ്റി ഊന്നൽ നൽകിയിരിക്കുന്നത്. ദോഷകരമായ വസ്തുക്കളിൽനിന്നും നിയമവിരുദ്ധ വ്യാപാരത്തിൽനിന്നും സമൂഹത്തെ സംരക്ഷിക്കുക എന്ന പ്രധാന ലക്ഷ്യത്തിന് അനുസൃതമായി കള്ളക്കടത്ത് ചെറുക്കുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി വീണ്ടും ഉറപ്പിച്ചു. മയക്കുമരുന്നിനെതിരെ കർശനനടപടികളാണ് രാജ്യം നടപ്പാക്കുന്നത്. പിടിയിലാകുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷയായിരിക്കും നേരിടേണ്ടിവരികയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1910 എന്ന രഹസ്യ ഹോട്ട്ലൈൻ നമ്പറിൽ അറിയിക്കണം. 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലും 009661910 എന്ന അന്താരാഷ്ട്ര നമ്പറിലും റിപ്പോർട്ട് ചെയ്യാമെന്നും അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ശരിയായ വിവരങ്ങൾ അറിയിക്കുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകും. സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിൽ ലഹരിക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതും ശക്തമായ പരിശോധനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.