ജിദ്ദയിൽ അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് ഫൈനൽ പോരാട്ടങ്ങൾ ഇന്ന്
text_fieldsഅബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് സൂപ്പർ ലീഗ് ഫൈനലിൽ ഏറ്റുമുട്ടുന്ന അബീർ എക്സ്പ്രസ് ബ്ലാസ്റ്റേഴ്സ്, എഫ്.സി, എൻകംഫർട് എ.സി.സി എ ടീമുകൾ
ജിദ്ദ: ബ്ലൂസ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജിദ്ദ ഖാലിദ് ബിൻ വലീദ് റസൂഫ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന ആറാമത് 'അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2025' കലാശപോരാട്ടങ്ങൾ ഇന്ന് (വെള്ളി) നടക്കും. വൈകീട്ട് ഏഴു മണിക്ക് വെറ്ററൻസ് വിഭാഗം ഫൈനലിൽ അബീർ ഫ്രൈഡേ എഫ്.സി ജിദ്ദ, അനാലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് സീനിയേഴ്സിനെ നേരിടും. തുടർന്ന് നടക്കുന്ന ബി ഡിവിഷൻ ഫൈനലിൽ ഡക്സോപാക്ക് ന്യൂ കാസിൽ എഫ്.സി റീം യാസ് എഫ്.സിയെ നേരിടും. ഫുട്ബാൾ പ്രേമികൾ ഉറ്റുനോക്കുന്ന സൂപ്പർ ലീഗ് ഫൈനലിൽ സിഫ് ഫുട്ബാളിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻ റെക്കോഡുള്ള എൻകംഫർട് എ.സി.സി എ ടീം ജിദ്ദയിലെ മഞ്ഞപ്പട എന്നറിയപ്പെടുന്ന കരുത്തരായ അബീർ എക്സ്പ്രസ് ബ്ലാസ്റ്റേഴ്സ് എഫ്.സിയെ നേരിടും.
ഗോകുലം എഫ്.സി നായകൻ റിഷാദിന്റെ നേതൃത്വത്തിൽ ഐ ലീഗ് താരങ്ങളായ ആസിഫ് ചെറുകുന്നൻ, അർഷദ് എന്നിവരോടൊപ്പം സനൂപ്, ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകുന്ന ജിദ്ദയിലെ ഏറ്റവും പരിചയ സമ്പന്നമായ പ്രതിരോധ നിരയെ കൂടി അണിനിരത്തി എ.സി.സി ടീം പോരാട്ടത്തിനിറങ്ങുമ്പോൾ മറുഭാഗത്ത് കേരള പ്രീമിയർ ലീഗ് താരങ്ങളായ ആഷിഫ് പാലയിൽ, മുഹമ്മദ് ജിയാദ് തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം ജിദ്ദയിലെ പുത്തൻ താരോദയങ്ങളായ മുഹമ്മദ് ഫാസിൽ, മുനവ്വർ അലി, കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് ജുനൈസ് എന്നിവരടങ്ങിയ ശക്തമായ താരനിരയുമായി ബ്ലാസ്റ്റേഴ്സ് എഫ്.സിയും പോരിനിറങ്ങുമ്പോൾ മത്സരം പ്രവചനാതീതമാകുമെന്ന് ഉറപ്പാണ്.
ബി ഡിവിഷൻ ഫൈനലിൽ കേരള പ്രീമിയർ ലീഗ് താരങ്ങളായ മുഹമ്മദ് ജസീലും മുഹമ്മദ് അൻഷാദും കോഴിക്കോട് ജില്ല താരം ഫഹദും അണിനിരക്കുന്ന ന്യൂ കാസിൽ എഫ്.സിയും, കെ.പി.എൽ താരങ്ങളായ അബ്ദുൽ സമദ്, ഫാസിൽ എന്നിവരോടൊപ്പം വയനാട് ജില്ല താരം സെബാസ്റ്റ്യൻ പോൾ, മലപ്പുറം ജില്ല താരം ജംസീർ എന്നിവരെ ബൂട്ടണിയിച്ചു കൊണ്ട് യാസ് എഫ്.സിയും ശക്തമായ ടീമുകളെ തന്നെ ഗ്രൗണ്ടിലിറക്കുമ്പോൾ ബി ഡിവിഷൻ ഫൈനൽ മത്സരവും വാശിയേറിയതാവും.
പഴയകാല പടക്കുതിരകൾ ബൂട്ട്കെട്ടുന്ന വെറ്ററൻസ് വിഭാഗം ഫൈനലിൽ മുൻ ടൈറ്റാനിയം താരം സഹീർ പുത്തന്റെ നേതൃത്വത്തിലുള്ള അനാലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് സീനിയേഴ്സ്, മുൻ മലപ്പുറം ജില്ല താരം ബിച്ചാപ്പുവിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന അബീർ ഫ്രൈഡേ എഫ്.സി ജിദ്ദയെ നേരിടും. കാണികൾക്കായി ഒരുക്കിയിട്ടുള്ള ലക്കി ഡ്രോയിലെ വിജയികൾക്ക് സ്കൂട്ടി, ഇലക്ട്രിക്ക് ബൈക്ക്, 50 ഇഞ്ച് എൽ.ഇ.ഡി ടെലിവിഷൻ തുടങ്ങി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.