ഉംലുജിലെ തീരപ്രദേശങ്ങളിൽ അലങ്കാരമായി അക്കേഷ്യ മരങ്ങൾ
text_fieldsഉംലുജ് ഗവർണറേറ്റിന് വടക്കുള്ള തീരദേശ സമതലങ്ങളിൽ വ്യാപിച്ചുകിടക്കുന്ന അക്കേഷ്യമരങ്ങളുടെ അപൂർവ കാഴ്ചകൾ
തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയിലെ ഉംലുജ് ഗവർണറേറ്റിന് വടക്കുള്ള തീരദേശ സമതലങ്ങളിൽ അലങ്കാരമായി അക്കേഷ്യ മരങ്ങളുടെ അപൂർവ കാഴ്ച ഹൃദ്യം. പാരിസ്ഥിതികവും സൗന്ദര്യാത്മകവുമായ ദൃശ്യവിരുന്നൊരുക്കുന്ന അക്കേഷ്യ മരങ്ങൾ തീരദേശ മരുഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട തദ്ദേശീയ വൃക്ഷങ്ങളിലൊന്നാണ്. കഠിനമായ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവ് അക്കേഷ്യ മരത്തെ വ്യത്യസ്തമാക്കുന്നു.
തീരദേശ പ്രദേശങ്ങളിലെ താഴ്വരകളുടെ അഴിമുഖങ്ങളിലാണ് ഇത് കൂടുതൽ വളരുന്നത്. മിതമായ താപനിലയെ സഹായിക്കുകയും ഫംഗസുകൾക്ക് അഭയം നൽകുകയും ചെയ്യുന്ന പ്രകൃതിദത്ത തണൽ മേലാപ്പുകളായി അക്കേഷ്യ മരങ്ങൾ രൂപപ്പെടുന്ന അവസ്ഥ വിസ്മയക്കാഴ്ചയാണ് ഒരുക്കുന്നത്. ചുവപ്പ് കലർന്ന തവിട്ട് നിറവും വളഞ്ഞ തുമ്പിക്കൈകളും ഇടതൂർന്ന ശാഖകളും ഈ മരങ്ങളെ വ്യത്യസ്തമാക്കുന്നു. ഇത് ഒരു സവിശേഷ ദൃശ്യപ്രഭാവമാണ് പ്രദേശത്ത് ഒരുക്കുന്നത്. അവയുടെ നിഴലുകൾ മനോഹരമായ ഒരു ഫോട്ടോഗ്രാഫിക് രംഗത്ത് മണലിൽ പ്രതിഫലിക്കുന്നു.
ഫോട്ടോഗ്രഫി പ്രേമികൾക്കും പ്രകൃതി പര്യവേക്ഷകർക്കും പ്രിയപ്പെട്ട ഇടമായി പ്രദേശം മാറിയിരിക്കുകയാണ്. ഉഷ്ണമേഖല രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഒരിനം നിത്യഹരിത വൃക്ഷമാണ് അക്കേഷ്യ. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അക്കേഷ്യ മരങ്ങളുടെ പ്രാധാന്യം ശാസ്ത്രജ്ഞർ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. അക്കേഷ്യ മരങ്ങളുടെ ആഴത്തിലുള്ള വേരുകൾ മണ്ണിന്റെ സ്ഥിരതക്കും മരുഭൂമീകരണത്തെ ചെറുക്കാനും സഹായിക്കുന്നു. തേനീച്ചകൾക്ക് അക്കേഷ്യ മരങ്ങൾ ഒരു ഭക്ഷണ സ്രോതസ്സ് കൂടിയാണ്. അക്കേഷ്യ മരങ്ങളുള്ള പ്രദേശത്തെ ഉയർന്ന നിലവാരമുള്ള കാട്ടുതേനിന്റെ ഉൽപാദനം ഇതുമൂലം വർധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെയും ദേശീയ സുസ്ഥിരതാ സംരംഭങ്ങളുടെയും ലക്ഷ്യങ്ങളുടെ ഭാഗമായി പ്രകൃതിദത്ത സസ്യവൈവിധ്യം സംരക്ഷിക്കാൻ വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. പ്രാദേശിക സസ്യജാലങ്ങളുടെ ആവരണം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി പരിസ്ഥിതി വകുപ്പ് അക്കേഷ്യ മരങ്ങൾ വ്യാപകമാക്കാനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കി വരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.