വ്യവസായ ഖനന മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തൽ
text_fieldsറഷ്യയിലെത്തിയ സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖൊറൈഫ് യേകാതറിൻ ബർഗിൽ നടക്കുന്ന
‘ഇന്നൊപ്രോം 2025’ എക്സ്പോയിൽ സംസാരിക്കുന്നു
ജുബൈൽ: നിക്ഷേപം, വ്യവസായം, ഖനനം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖൊറൈഫിന്റെ റഷ്യൻ യാത്രക്ക് തുടക്കം. മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം തിങ്കളാഴ്ച റഷ്യയിലേക്ക് പുറപ്പെട്ടു. ഈ മാസം 10 വരെ നാലു ദിവസത്തെ പര്യടനം സൗദി ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാമ്പത്തിക, വ്യവസായിക സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
റഷ്യയിലെ യേകാതറിൻ ബർഗിൽ നടക്കുന്ന ‘ഇന്നൊപ്രോം 2025’ എക്സ്പോയിൽ മന്ത്രി പ്രഭാഷണം നടത്തി. ഈ എക്സ്പോയിൽ പങ്കാളിയാണ് സൗദി അറേബ്യ. രാജ്യത്തെ നിക്ഷേപ അവസരങ്ങളെയും പ്രമുഖ വ്യവസായിക കമ്പനികളെയും ഉൽപന്നങ്ങളെയും പരിചയപ്പെടുത്തുന്ന സൗദി പവലിയൻ മന്ത്രി ഖൊറൈഫ് ഉദ്ഘാടനം ചെയ്തു. നിക്ഷേപം, വ്യവസായം, ഖനനം, ടൂറിസം എന്നീ മേഖലകളിലെ സൗദിയുടെ ദ്രുതഗതിയിലുള്ള വികസനം അടുത്തറിയാൻ റഷ്യൻ പ്രധാനമന്ത്രി പവലിയൻ സന്ദർശിക്കും.
ഉൽപാദനം, പെട്രോകെമിക്കൽ, ഖനനം, യന്ത്രങ്ങൾ, ഓട്ടോമോട്ടിവ്, നൂതന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുതിർന്ന റഷ്യൻ സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, ഖനന കമ്പനികൾ എന്നിവരുമായി മന്ത്രി ഉന്നതതല ചർച്ചകൾ നടത്തും.
റഷ്യൻ വാണിജ്യ വ്യവസായ മന്ത്രി ആന്റൺ അലിഖനോവ്, പ്രകൃതിവിഭവ പരിസ്ഥിതി മന്ത്രി അലക്സാണ്ടർ കോസ്ലോവ്, ജെ.എസ്.സി റഷ്യൻ എക്സ്പോർട്ട് സെന്റർ ജനറൽ ഡയറക്ടർ വെറോണിക്ക നികിഷിന എന്നിവരും പ്രധാന യോഗങ്ങളിൽ പങ്കെടുക്കും. വ്യവസായിക വികസനത്തിലും ഖനനത്തിലും സഹകരണം ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം വർധിപ്പിക്കുന്നതിലും ചർച്ചകൾ നടക്കും.
ഖനന പങ്കാളിത്തം, വിജ്ഞാന കൈമാറ്റം, സംയുക്ത സംരംഭങ്ങൾ തുടങ്ങിയവയിലെ സാധ്യതകൾ പഠിക്കാൻ റഷ്യൻ അലുമിനിയം അസോസിയേഷൻ, നോറിൽസ്ക് നിക്കൽ എന്നിവയുൾപ്പെടെ പ്രമുഖ റഷ്യൻ ഖനന, വ്യവസായിക കമ്പനി പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. പെട്രോകെമിക്കൽസ്, ഓട്ടോമോട്ടിവ് നിർമാണം, വ്യവസായം എന്നിവയിലെ സഹകരണ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി റോസ്റ്റെക് കോർപ്പറേഷൻ, റിപ്പബ്ലിക് ഓഫ് ടാറ്റർസ്ഥാൻ, ചെല്യാബിൻസ്ക് മേഖല, യുനൈറ്റഡ് കൺഫെക്ഷനറി കമ്പനി ലിമിറ്റഡ്, ഖിംപ്രോം എന്നിവയുൾപ്പെടെയുള്ള റഷ്യൻ നിർമാണ കമ്പനികളുമായയും അദ്ദേഹം ചർച്ചകൾ നടത്തും.
2017 ൽ സൽമാൻ രാജാവ് റഷ്യ സന്ദർശിക്കുകയും എണ്ണ, പ്രതിരോധം, വ്യവസായം, സൈനിക സഹകരണം എന്നിവ ഉൾപ്പെടുന്ന 10 തന്ത്രപരമായ കരാറുകളിൽ ഒപ്പു വെക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് പുടിന്റെ 2019 ലെ സൗദി അറേബ്യ സന്ദർശനത്തോടെ ഈ അടിത്തറ കൂടുതൽ ഭദ്രമായി. ഊർജം, നിക്ഷേപം, ഖനനം, വ്യോമയാനം, ടൂറിസം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള മേഖലകളിലായി 20 കരാറുകൾ കൂടി ഒപ്പുവച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 2016ൽ 1.84 ബില്യൺ സൗദി റിയാലിൽനിന്ന് 2024ൽ 12.3 ബില്യൺ റിയാലായി ഉയർന്നു. ഖനനം, വ്യവസായിക ഉപകരണങ്ങൾ, രാസ സംസ്കരണം, നൂതന ഉൽപാദനം എന്നിവയിലെ സഹകരണത്തിലൂടെയാണിത് സാധ്യമായത്.
2024ൽ ഭൂമിശാസ്ത്ര ഗവേഷണം, ധാതുവിഭവ വികസനം, സാങ്കേതിക വൈദഗ്ധ്യ കൈമാറ്റം എന്നിവ ഉൾക്കൊള്ളുന്ന ധാരണ പത്രത്തിൽ സൗദി അറേബ്യയും റഷ്യയും ഒപ്പുവച്ചിരുന്നു. ആഗോള വിപണിയിലെ വെല്ലുവിളികളെ നേരിടുന്നതിനൊപ്പം ഹരിത ഖനനം, പ്രോസസിങ്, വിതരണ ശൃംഖല ബന്ധിപ്പിക്കൽ തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും പരസ്പര സഹകരണം തേടുന്നുണ്ട്.
രാജ്യത്തിന്റെ വ്യവസായിക മേഖലകളിലേക്ക് റഷ്യൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻഡ് ടെക്നോളോജി സോൺസ് (മൊഡോൺ), ജുബൈൽ യാംബു റോയൽ കമീഷൻ എന്നിവയുമായി മന്ത്രാലയം സഹകരിച്ച് പ്രവർത്തിക്കുന്നു.
പ്ലാസ്റ്റിക് നിർമാണം, പെട്രോകെമിക്കൽ, വ്യവസായിക ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഇതിനകം തന്നെ റഷ്യൻ കമ്പനികൾ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. റഷ്യയുടെ എണ്ണ, വാതക മേഖലയിൽ സൗദി അരാംകോ സജീവമായി നിക്ഷേപം നടത്തി വരുന്നു.
റഷ്യയുമായുള്ള സൗദി അറേബ്യയുടെ ബന്ധത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഈ മന്ത്രിതല സന്ദർശനം. വിനോദസഞ്ചാരം, സാങ്കേതികവിദ്യ, വ്യാപാരം, വ്യവസായിക, ഖനനം എന്നീ മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങളുടെയും സുസ്ഥിര വളർച്ച ഉറപ്പാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.