ഇസ്രായേലിലേക്ക് ചരക്ക് നീക്കം നടത്തിയെന്ന ആരോപണം നിഷേധിച്ച് ബഹ്രി സൗദി ഷിപ്പിങ് കമ്പനി
text_fieldsതീരത്ത് നങ്കൂരമിട്ട ബഹ്രി കപ്പൽ
ജിദ്ദ: ഇസ്രായേലിലേക്ക് ചരക്ക് നീക്കം നടത്തിയെന്ന ആരോപണങ്ങള്‍ പൂർണമായി തള്ളിക്കളയുന്നതായി സൗദി ദേശീയ ഷിപ്പിങ് കമ്പനിയായ ബഹ്രി അറിയിച്ചു.
ഇസ്രായേലിലേക്കുള്ള കയറ്റുമതിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും പ്രചരിപ്പിച്ച ആരോപണങ്ങള്‍ പൂർണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് കമ്പനി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രസിദ്ധീകരിക്കുന്ന വിവരങ്ങളുടെ കൃത്യത പരിശോധിക്കാനും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം ലഭിക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാനും കമ്പനി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
ഫലസ്തീന് പ്രശ്നവുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ സ്ഥാപിത നയങ്ങളോടും സമുദ്ര ഗതാഗത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന എല്ലാ പ്രാദേശിക, അന്തര്‍ദേശീയ നിയമങ്ങള്‍ പൂർണമായും പാലിക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇസ്രായേലിലേക്ക് ഒരു തരത്തിലുള്ള സാധനങ്ങളും കൊണ്ടുപോകില്ലെന്നും അങ്ങനെ ഒരിക്കലും കയറ്റിയയച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. ചട്ടങ്ങളെല്ലാം പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കര്‍ശനമായ മേല്‍നോട്ടത്തിനും ഓഡിറ്റിങ് നടപടിക്രമങ്ങള്‍ക്കും വിധേയമാണ്.
കമ്പനിയുടെ പ്രശസ്തിയെ ദോഷകരമായി ബാധിക്കുന്നതോ അതിന്റെ നയങ്ങളെയും സമീപനത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതോ ആയ ആരോപണങ്ങള്‍ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനുള്ള അവകാശം കമ്പനിക്കുണ്ടെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ കൂറ്റന്‍ എണ്ണ ടാങ്കറുകള്‍ സ്വന്തമായുള്ള ബഹ്രി സൗദി ഷിപ്പിങ് കമ്പനി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.